ചേര്‍ത്തല നഗരസഭയില്‍ നാളെ മുതല്‍ പ്ലാസ്റ്റിക് നിരോധനം; സീലില്ലാത്ത കിറ്റുകള്‍ ഉപയോഗിക്കുന്നവരില്‍ നിന്നും ഫൈന്‍ ഈടാക്കും

KLM-PLASTICചേര്‍ത്തല: ചേര്‍ത്തല നഗരസഭ പ്ലാസ്റ്റിക് വിമുക്തമാക്കുവാന്‍ വ്യാപാര സംഘടനകളുടേയും പരിസ്ഥിതി പ്രവര്‍ത്തകരുടേയും ശുചിത്വമിഷന്‍ നഗരസഭാ അധികൃതര്‍ എന്നിവരുടെ സംയുക്ത യോഗം തീരുമാനിച്ചു. നഗരത്തില്‍ നവംബര്‍ ഒന്നുമുതല്‍ പ്ലാസ്റ്റിക് കിറ്റുകളുടെ വില്പനയും ഉപയോഗവും നിരോധിക്കും.

പ്ലാസ്റ്റിക് മാലിന്യങ്ങളുടെ അതിപ്രസരം ഭൂമിയെ തന്നെ നാശോന്മുഖമാക്കുന്ന സാഹചര്യത്തിലാണ് നഗരസഭയുടെ ഈ നടപടി. പ്ലാസ്റ്റിക് കിറ്റുകള്‍ ഉപയോഗിക്കുന്നവരുടെ പേരിലും ശിക്ഷാനടപടികള്‍ സ്വീകരിക്കും.കേന്ദ്ര സംസ്ഥാന സര്‍ക്കാരും പ്ലാസ്റ്റിക് കിറ്റുകളുടെ വില്പന നിരോധിച്ചിട്ടുണ്ട്. 50 മൈക്രോണില്‍ താഴെയുള്ള പ്ലാസ്റ്റിക് കിറ്റുകളുടെ വില്പനയും ഉപയോഗവുമാണ് തടഞ്ഞിട്ടുള്ളത്.

പ്ലാസ്റ്റിക് വേസ്റ്റ് മാനേജ്‌മെന്റ് ആന്റ് ഹാന്റ്‌ലിംഗ് റൂള്‍ 2016 പ്രകാരം 50 മൈക്രോണില്‍ കൂടുതലുള്ള കിറ്റുകള്‍ വില്പന നടത്തുന്നവര്‍ ഓരോ മാസവും നാലായിരം രൂപാവീതം അടച്ച് നഗരസഭയില്‍ നിന്നും ലൈസന്‍സ് എടുക്കേണ്ടതാണ്.ഈ കിറ്റുകള്‍ വിലയ്ക്കു മാത്രമേ നല്‍കാവു. ഈടാക്കുന്നവിലയുടെ നിശ്ചിത ശതമാനം നഗരസഭയില്‍ അടയ്ക്കണം. ഇതിനായി വില്പനയ്ക്കു കൊണ്ടുവരുന്ന കിറ്റുകള്‍ നഗരസഭയില്‍ എത്തിച്ച് സീല്‍ പതിപ്പിക്കേണ്ടതാണ്.

സീലില്ലാത്ത കിറ്റുകള്‍ ഉപയോഗിക്കുന്നവരില്‍ നിന്നും ഫൈന്‍ ഈടാക്കും. പ്ലാസ്റ്റിക് കിറ്റുകള്‍ക്ക് പകരം പേപ്പര്‍ ക്യാരിബാഗുകളും തുണി സഞ്ചികളും തയ്യാറാക്കുന്നതിന് വ്യാപാരി സംഘടനകള്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്. യോഗത്തില്‍ ചെയര്‍മാന്‍ ഐസക് മാടവന അധ്യക്ഷത വഹിച്ചു.ശുചിത്വ മിഷന്‍ ജില്ലാ ജോയിന്റ് കോര്‍ഡിനേറ്റര്‍ വേണുഗോപാല്‍, മുനിസിപ്പല്‍ സെക്രട്ടറി മുഹമ്മദ് ഷാഫി എന്നിവര്‍ പദ്ധതി വിശദീകരണം നടത്തി.

ആരോഗ്യകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ വി.ടി ജോസഫ്, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ ബി.ഭാസി, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ എം.ജയലത, മര്‍ച്ചന്റ് അസോസിയേഷന്‍ സെക്രട്ടറി സി.കെ മുരളിമോഹന്‍, വ്യാപാരി വ്യവസായി സമിതി പ്രസിഡന്റ് പി.എ പാപ്പച്ചന്‍ പരിസ്ഥിതി പ്രവര്‍ത്തകന്‍ അരവിന്ദ് പൈ എന്നിവര്‍ പ്രസംഗിച്ചു.

Related posts