കണ്ണൂര്‍: പ്ലാസ്റ്റിക്ക് മാലിന്യങ്ങളുടെ ദുരിതത്തിനു അറുതി വരുത്തുവാനും ഉപയോഗം ഗണ്യമായി കുറയ്ക്കുന്നതിനും ജില്ലാ കളക്ടര്‍ മിര്‍ മുഹമ്മദ് അലി തുടങ്ങി വച്ച സംരംഭത്തിനു എല്ലാ പിന്തുണയും നല്‍കുവാന്‍ കണ്ണൂര്‍ ജില്ലാ ഓഡിറ്റോറിയം ഓണേഴ്‌സ് അസോസിയേഷനും ജില്ലാ കാറ്ററിംഗ് അസോസിയേഷനും തീരുമാനിച്ചു. കണ്ണൂര്‍ മസ്‌ക്കോട്ട് പാരഡൈസില്‍ ജില്ലാ ശുചിത്വമിഷന്റെ അഭിമുഖ്യത്തില്‍ നടത്തിയ സംയുക്ത യോഗത്തിലാണ് രണ്ട് പ്രമുഖ സംഘടനകള്‍ ജില്ലാ കളക്ടറുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ക്രിയാത്മകമായ പിന്തുണ പ്രഖ്യാപിച്ചത്. നാടിന്റെ ഭാവി മുന്നില്‍ കണ്ട് അടുത്ത തലമുറയുടെ ജീവിത സുരക്ഷക്കായി നമ്മള്‍ ഒരോ വ്യക്തിയും സംഘടനയും പ്രവര്‍ത്തിക്കണമെന്ന് യോഗത്തില്‍ മുഖ്യാതിഥിയായ കളക്ടര്‍ മീര്‍ മുഹമ്മദലി പറഞ്ഞു. സബ്കളക്ടര്‍ രോഹിത് മീണയും, ജില്ലാ ശുചിത്വമിഷന്‍ ഓഫീസര്‍ ദിലീപ് എന്നിവരും ചടങ്ങില്‍ സംസാരിച്ചു.
കല്യാണ മണ്ഡപങ്ങളിലും പുറത്തും നടത്തുന്ന പരിപാടികളില്‍ പ്ലാസ്റ്റിക്കും മറ്റ് ഉത്പ്പന്നങ്ങളും ഒഴിവാക്കാന്‍ നടപടികള്‍ കൈക്കൊള്ളാന്‍ പൊതുവെ ധാരണയായി. ജനപിന്തുണ ഇതിനായി ഉറപ്പ് വരുത്തുവാന്‍ രണ്ട് സംഘടനകളും തീരുമാനിച്ചു. ഹാള്‍ ഓണേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് സി. ജയചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. കാറ്ററിംഗ് അസോസിയേഷന്‍ പ്രസിഡന്റ് ജോയ്, ഹാള്‍ ഓണേഴ്‌സിന്റെ സാരഥികളായ സെക്രട്ടറി പി.യു. രാജന്‍, ഭാസ്ക്കരന്‍, പി.പി. വിനോദ്, കാറ്ററിംഗ് അസോസിയേഷന്‍ സാരഥികളായ വിന്‍സെന്റ്, മെഹറൂഫ് എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.