തിരുവനന്തപുരം: കോർപറേഷൻ പ്ലാസ്റ്റിക് കാരിബാഗുകൾ നിരോധിക്കാനുള്ള നീക്കം വ്യാപാരികൾ അംഗീകരിക്കില്ല എന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ വ്യാപാരഭവനിൽ കൂടിയ ഭാരവാഹികളുടെ യോഗം. യോഗത്തിൽ ജില്ലാ പ്രസിഡന്റ് പെരിങ്ങമ്മല രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു.
50 മൈക്രോണിൽ കൂടുതൽ പ്ലാസ്റ്റിക് ഉത്പന്നങ്ങൾ വിൽക്കാമെന്ന് കോടതി വിധിയുണ്ട്. ആയതിനാൽ നിരോധിക്കുമെന്നു പറയുന്നതു തന്നെ കോടതി അലക്ഷ്യമാണ്. കാരിബാഗുകളിൽ ഹോളോഗ്രാം പതിക്കൽ നടപടി സ്വീകരിച്ചത് പ്രായോഗികമല്ലെന്ന് ഏകോപന സമിതി അഭിപ്രായപ്പെട്ടിരുന്നു. ഹോളോഗ്രാം പദ്ധതി പരാജയപ്പെട്ടതിനാലാണ് പ്ലാസ്റ്റിക് കാരിബാഗുകൾ നിരോധിക്കാൻ തീരുമാനിച്ചത്.
പകരം സംവിധാനമില്ലാതെ നിരോധിച്ചാൽ വ്യാപാരമേഖല സ്തംഭിക്കുമെന്ന കാര്യത്തിൽ തർക്കമില്ല. മാലിന്യ സംസ്കരണത്തിന്റെ പേരുപറഞ്ഞാണ് നിരോധിക്കുന്നത്. വിളപ്പിൽശാല പ്ലാന്റ് പൂട്ടിയതിനു ശേഷം മാലിന്യ സംസ്കരണത്തിനു കോർപറേഷൻ ഒരു നടപടിയും സ്വീകരിച്ചില്ല. പ്ലാസ്റ്റിക് നിരോധിച്ചാൽ പ്രശ്നപരിഹാരമാകുമെന്ന് കരുതുന്നത് ശരിയല്ല.
വൻകിട വ്യാപാരസ്ഥാപനങ്ങൾ അവരുടെ പേര് പ്രിന്റ് ചെയ്ത് ലക്ഷക്കണക്കിനു കാരിബാഗുകൾ തയാറാക്കി വച്ചിരിക്കുന്നു.
മൊത്ത വ്യാപാരികൾ അനേകം ടണ്‍ കാരിബാഗുകൾ സ്റ്റോക്ക് ചെയ്തിരിക്കുന്നു. ഈ സാഹചര്യം മനസിലാക്കാതെയാണ് കോർപറേഷൻ ഏകപക്ഷീയമായി തീരുമാനമെടുത്തത്. നിരോധിക്കാനുള്ള നടപടികളുമായി മുന്നോട്ടുപോയാൽ ശക്തമായ സമരപരിപാടികൾ നടത്താൻ യോഗം തീരുമാനിച്ചു. കോർപറേഷൻ അതിർത്തിക്കുള്ളിലുള്ള കടകളടച്ച് സമരപരിപാടികൾക്ക് യോഗം തീരുമാനമെടുത്തു. ജനറൽ സെക്രട്ടറി വൈ. വിജയൻ, ട്രഷറർ ധനീഷ് ചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.