കണ്ണൂർ: കേരള ശുചിത്വമിഷന്റെ നേതൃത്വത്തിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലൂടെ പ്ലാസ്റ്റിക്കുകൾ ശേഖരിക്കാനും സംസ്കരിക്കാനും പദ്ധതി തയാറാക്കുന്നു. ഗാന്ധിജയന്തി വാരാഘോഷത്തിന്റെ ഭാഗമായി ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പ് സംഘടിപ്പിച്ച ‘മാലിന്യത്തിൽനിന്നു സ്വാതന്ത്ര്യം’ സംസ്ഥാനതല പ്രദർശനത്തിലാണ് പ്ലാസ്റ്റിക് പൊടിയാക്കുന്ന ഷ്രെഡിംഗ് മെഷീൻ പരിചയപ്പെടുത്തിയത്.
ഇതിന്റെ ഭാഗമായി പഞ്ചായത്തുകളിലും കോർപറേഷനിലും പത്തു ലക്ഷം രൂപ ചെലവഴിച്ച് ഈ ഷ്രെഡിംഗ് മെഷീൻ സ്ഥാപിക്കാനും പരിചയപ്പെടുത്താനുമുള്ള ശ്രമത്തിലാണ് ശുചിത്വ മിഷൻ. വീടുകളിലും കടകളിലുമുള്ള പ്ലാസ്റ്റിക് കവറുകൾ ശുചീകരിച്ച് അതത് പഞ്ചായത്തുകളിലോ കോർപറേഷനുകളിലോ എത്തിച്ചാൽ അവ ഷ്രെഡിംഗ് മെഷീൻ ഉപയോഗിച്ചു നേരിയ തരികളാക്കി മാറ്റും. ഇത്തരത്തിലുള്ള പ്ലാസ്റ്റിക് പൊടി പിന്നീട് ടാറിംഗിന് ഉപയോഗിക്കുകയും ചെയ്യാം.
പിവിസി പൈപ്പുകൾ പോലുള്ള ദൃഢമായ പ്ലാസ്റ്റിക്കുകൾ ഒഴികെയുള്ളവ പൊടിച്ച് പുനരുപയോഗിക്കാനാകും. അലൂമിനിയം ഫോയിലുകൾ പോലുള്ളവ 30 ശതമാനവും പൊടിക്കാൻ സാധിക്കും. ഈ പ്ലാസ്റ്റിക് പൊടി 162 ഡിഗ്രി സെന്റിഗ്രേഡിൽ ചൂടാക്കിയതിനു ശേഷമാണ് ടാറിംഗിന് ഉപയോഗിക്കുക.
അന്തരീക്ഷ ഊഷ്മാവ് പരമാവധി 142 ഡിഗ്രി സെന്റിഗ്രേഡ് മാത്രമാണ്. അതുകൊണ്ട് അന്തരീക്ഷ ഊഷ്മാവിൽ പ്ലാസ്റ്റിക് ഉരുകി റോഡിൽ ഒലിക്കുമെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് ശുചിത്വമിഷൻ അധികൃതർ അറിയിച്ചു.
മണിക്കൂറിൽ 80 കിലോ വരെ പ്ലാസ്റ്റിക്കുകൾ പൊടിക്കാൻ സാധിക്കുന്ന മെഷീനാണു തദ്ദേശ സ്ഥാപനങ്ങളിൽ സ്ഥാപിക്കാൻ ഉദ്ദേശിക്കുന്നത്. കിലോയ്ക്കു 15 രൂപ നിരക്കിലാണ് പ്ലാസ്റ്റിക് കവറുകളും മറ്റും ശേഖരിക്കുന്നത്.തമിഴ്നാട്ടിലെ ക്ലീനിംഗ് കന്പനിയാണ് ഷ്രെഡിംഗ് മെഷീൻ കേരളത്തിനു പരിചയപ്പെടുത്തുന്നത്. ഇത്തരത്തിൽ പ്ലാസ്റ്റിക് ബാഗുകളും മറ്റും മെഷീൻ വഴി പൊടിച്ചു ടാറിംഗിന് ഉപയോഗിക്കുന്നതു വിജയിച്ചാൽ കേരളം അഭിമുഖീകരിക്കുന്ന പ്ലാസ്റ്റിക് മാലിന്യപ്രശ്നത്തിന് ഒരളവുവരെ പരിഹാരമാകുമെന്നാണ് വിലയിരുത്തൽ.