കോട്ടയം: ഒറ്റത്തവണ മാത്രം ഉപയോഗിക്കുന്ന പ്ലാസ്റ്റിക് വസ്തുക്കൾ നിരോധിച്ച ആദ്യദിനത്തിൽ ഉപയോഗത്തിൽ ഗണ്യമായ കുറവുണ്ടായതായി വ്യാപാരികൾ. ബുദ്ധിമുട്ട് നേരിട്ടതിനൊപ്പം സാന്പത്തിക ബാധ്യതയും കൂടുമെന്ന് വ്യാപാരികൾ പറയുന്നു. ജനങ്ങൾക്കൊപ്പം വ്യാപാരികളും കടുത്ത ആശങ്കയിലാണ്. കടയിൽനിന്നും സാധനങ്ങൾ വാങ്ങിയാൽ എങ്ങനെ വീട്ടിലെത്തിക്കുമെന്നാണ് ആശങ്ക ഉയരുന്നത്.
തുണിസഞ്ചികളോ പേപ്പർ, തുണി കൂടുകളോ കൊണ്ടുപോകുന്ന പരിചയമില്ല. ഇനി ഇവ വാങ്ങണമെങ്കിൽ ഒരു കൂടിന് കുറഞ്ഞത് അഞ്ചു രൂപയെങ്കിലും നൽകണം. മണ്ണിൽ ലയിക്കുന്ന വിധത്തിലുള്ള തുണിക്കൂടിന് 10 രൂപയും നൽകണം. കോൾഡ് സ്റ്റോറേജിൽ നിന്നും വാങ്ങുന്ന മാംസവും മത്സ്യവും മറ്റും ഇതിൽ കൊണ്ടുപോകാൻ അത്ര എളുപ്പമല്ല.ഇന്നലെ സാധനങ്ങൾ വാങ്ങാനെത്തിയവർക്ക് പരമാവധി പേപ്പറുകളിൽ സാധനങ്ങൾ പൊതിഞ്ഞു നൽകാനാണ് വ്യാപാരികൾ ശ്രമിച്ചത്.
നേരത്തെ സ്റ്റോക്ക് ചെയ്ത കടലാസുകൂടുകളിൽ സാധനങ്ങൾ നൽകി. ശക്തമായ പരിശോധനകൾ 15 മുതലേ ആരംഭിക്കുകയുള്ളുവെന്നതിനാൽ ചിലർ സ്റ്റോക്കുണ്ടായിരുന്ന കൂടുകളിൽ തന്നെ സാധനങ്ങൾ നൽകി. ഒറ്റത്തവണ മാത്രം ഉപയോഗിക്കുന്ന പ്ലാസ്റ്റിക് നിർമാണവും വിൽപ്പനയും ഇവ സൂക്ഷിക്കുന്നതും കൊണ്ടു നടക്കുന്നതുമാണ് നിരോധിച്ചിരിക്കുന്നത്.
കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി ജില്ലയിലെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും ജനപ്രതിനിധികൾ, വ്യാപാരി വ്യവസായികൾ, സ്ഥാപനങ്ങളുടെ പ്രതിനിധികൾ തുടങ്ങിയവരുടെ യോഗം സംഘടിപ്പിച്ചിരുന്നു. യോഗത്തിൽ പ്ലാസ്റ്റിക് നിരോധനം വിജയകരമായി നടപ്പാക്കുന്നതിന് വ്യാപാരികളുടെ പിന്തുണ ഉറപ്പാക്കിയിരുന്നു. യോഗത്തിലും വ്യാപാരികൾ തങ്ങൾക്ക് സാവകാശം വേണമെന്നാണ് ആവശ്യപ്പെട്ടത്. 15നു ശേഷം സർക്കാർ ഭാഗത്തു നിന്നും കർശന പരിശോധനയുണ്ടാകുമെന്നാണ് അധികൃതർ പറയുന്നത്.
പരിശോധനയിൽ നിരോധിച്ച പ്ലാസ്റ്റിക് ഉത്പന്നങ്ങൾ വിൽപന നടത്തിയാൽ ആദ്യ തവണ 10000 രൂപയാണ് പിഴയീടാക്കുന്നത്. രണ്ടാം തവണ 25000 രൂപയും മൂന്നാം തവണ 50000 രൂപയും പിഴ ഈടാക്കുകയും സ്ഥാപനത്തിന്റെ ലൈസൻസ് റദ്ദാക്കുകയും ചെയ്യും. കളക്്ടർ മുതൽ താഴോട്ടുള്ള റവന്യു ഉദ്യോഗസ്ഥർക്കും മലിനീകരണ നിയന്ത്രണ ബോർഡ് അധികൃതർ, തദ്ദേശ സ്വയം ഭരണ സ്ഥാപന സെക്രട്ടറിമാർ തുടങ്ങിയവർക്കാണ് പരിശോധ നടത്താനും പിഴ ചുമത്താനും അധികാരം നൽകിയിരിക്കുന്നത്.
പത്രക്കടലാസിനു ഡിമാൻഡ്
കോട്ടയം: പ്ലാസ്റ്റിക് നിരോധനം ബാധകമായതോടെ പത്രക്കടലാസിനു മാർക്കറ്റിൽ ഡിമാന്ഡ് കൂടി. മിക്ക കടകളിലും ഇപ്പോൾ പത്രപേപ്പറുകളിലാണ് സാധനങ്ങൾ പൊതിഞ്ഞു നൽകുന്നത്. പത്രപ്പേറിന്റെ വിൽപന വിലയിലും ചെറിയ വ്യത്യാസം വന്നു തുടങ്ങിയിട്ടുണ്ട്. ബീവറേജസ് കോർപറേഷൻ, കേരഫെഡ്, മിൽമ എന്നിവർ പ്ലാസ്റ്റിക് തിരികെ ശേഖരിക്കണമെന്നു സർക്കാർ നിർദേശിച്ചിട്ടുണ്ടെങ്കിലും നടപടികളായിട്ടില്ല.