കൊച്ചി: സംസ്ഥാനത്ത് പ്ലാസ്റ്റിക് കാരിബാഗുകൾ പൂർണമായി നിരോധിക്കാൻ കഴിയില്ലെന്ന് സർക്കാർ ഹൈക്കോടതിയിൽ വ്യക്തമാക്കി. പ്ലാസ്റ്റിക് കാരി ബാഗുകൾക്ക് നിരോധനം ഏർപ്പെടുത്തുന്നതിൽ സർക്കാരിന്റെ നിലപാട് നേരത്തെ ഹൈക്കോടതി തേടിയിരുന്നു. ഇതിനുള്ള മറുപടിയായാണ് സത്യവാങ്മൂലം സമർപ്പിച്ചത്.
പ്ലാസ്റ്റിക് മാലിന്യം കൈകാര്യം ചെയ്യൽ ചട്ടമനുസരിച്ച് 2016ൽ കേന്ദ്രസർക്കാർ വിജ്ഞാപനമിറക്കിയിരുന്നു. പ്ലാസ്റ്റിക് മാലിന്യങ്ങൾ കത്തിക്കുന്നില്ലെന്ന് ഉറപ്പാക്കാൻ ഇതു ശിക്ഷാർഹവുമാക്കി. തുണി, പേപ്പർ തുടങ്ങിയവ ഉപയോഗിച്ച് ബാഗ് നിർമിക്കുന്നതിനു കുടുംബശ്രീ യൂണിറ്റുകളെ സർക്കാർ പ്രോത്സാഹിപ്പിക്കുന്നുണ്ടെന്നും സത്യവാങ്മൂലത്തിൽ പറയുന്നു. 2016 മാർച്ച് 18ലെ പ്രസ് ഇൻഫർമേഷൻ ബ്യൂറോയുടെ പത്രക്കുറിപ്പിൽ പ്ലാസ്റ്റിക് കാരി ബാഗിനു പകരം പരിസ്ഥിതി സൗഹൃദ ഉത്പന്നം കണ്ടെത്താനാവാത്തതിനാൽ പൂർണ നിരോധനം ഏർപ്പെടുത്താനാവില്ലെന്ന് വ്യക്തമാക്കുന്നു.
പ്ലാസ്റ്റിക് നിരോധനത്തിനു പകരം പ്ലാസ്റ്റിക് മാലിന്യത്തിന്റെ കൈകാര്യം ചെയ്യൽ മെച്ചപ്പെടുത്തണമെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. ആ നിലയ്ക്ക് സംസ്ഥാന സർക്കാരിന് പ്ലാസ്റ്റിക് കാരി ബാഗുകൾ നിരോധിക്കാനാവില്ല. കേന്ദ്ര ചട്ടത്തിനു വിരുദ്ധമായി ചട്ടം കൊണ്ടുവരാൻ സംസ്ഥാന സർക്കാരിന് കഴിയില്ല.
മാത്രമല്ല, സന്പൂർണ നിരോധനം നിലവിലെ പ്ലാസ്റ്റിക് മാലിന്യം കൈകാര്യം ചെയ്യൽ ചട്ടത്തിൽ വ്യവസ്ഥ ചെയ്തിട്ടുമില്ല. എന്നാൽ ചട്ടത്തിലെ വ്യവസ്ഥയനുസരിച്ച് 50 മൈക്രോണിൽ താഴെയുള്ള പ്ലാസ്റ്റിക് കാരി ബാഗുകൾക്ക് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. പ്ലാസ്റ്റിക് കാരി ബാഗിനു ബദലായി ഒരു ഉത്പന്നം കണ്ടെത്താൻ സമയം വേണം-സർക്കാർ വ്യക്തമാക്കി.
പ്ലാസ്റ്റിക് മാലിന്യങ്ങൾ നിയന്ത്രിക്കാൻ നടപടിയാവശ്യപ്പെട്ട് ഓൾ കേരള റിവർ പ്രൊട്ടക്ഷൻ കൗണ്സിൽ ജനറൽ സെക്രട്ടറി പ്രഫ. എസ്. സീതാരാമൻ ഉൾപ്പെടെയുള്ളവർ നൽകിയ ഹർജിയിൽ അഡീഷണൽ സെക്രട്ടറി വി. വത്സയാണ് ഇതു വ്യക്തമാക്കി സത്യവാങ്മൂലം നൽകിയത്.