സി.സി.സോമൻ
കോട്ടയം: പ്ലാസ്റ്റിക് കാരി ബാഗുകൾക്ക് നിരോധനം ഏർപ്പെടുത്തിയതോടെ സാധനങ്ങൾ വാങ്ങുന്നതിനു പഴയ കാലത്ത് ഉപയോഗിച്ചിരുന്ന കുട്ടയും വട്ടിയും പാളയും വട്ടയിലയും തേക്കിലയുമൊക്കെ തിരിച്ചു വരുമോ എന്ന ചിന്തയിലാണ് ജനങ്ങൾ. അരനൂറ്റാണ്ട് മുൻപ് കടയിൽ സാധനം വാങ്ങാൻ പോകുന്നവർ കൈയിൽ കരുതുന്നത് കുട്ടയും വട്ടിയുമൊക്കെയായിരുന്നു. തുണി സഞ്ചിപോലും അന്ന് വിരളമായിരുന്നു.
കുട്ട അന്ന് എല്ലാ വീടുകളിലും ഉണ്ടായിരുന്നു. പറ അളവിലുള്ള കുട്ടയാണ് അന്ന് നിലവിലുണ്ടായിരുന്നത്. ഒരു പറ, രണ്ടു പറ, മൂന്നു പറ എന്നിങ്ങനെ അളവിലുള്ളവയാണ് കുട്ടകൾ. വാങ്ങാൻ ഉദേശിക്കുന്ന സാധനത്തിന്റെ അളവനുസരിച്ചുള്ള കുട്ടയാണ് കൈയ്യിൽ കരുതുക. അരിയോ കപ്പയോ വാങ്ങാനാണെങ്കിൽ കുട്ട തന്നെ കരുതും. ഉപ്പ്, പയർവർഗങ്ങൾ ഇവയൊക്കെ കടലാസിൽ പൊതിഞ്ഞ് കുട്ടയ്ക്കുള്ളിൽ വയക്കും. പിന്നീട് കുട്ട തലയിലേന്തി വീട്ടിലേക്ക് മടങ്ങും.
അതുപോലെ തന്നെ ഉപയോഗിച്ചിരുന്ന മറ്റൊരു പാത്രമാണ് വട്ടി. ഉണക്കിയെടുക്കുന്ന കൈതയിലയിൽ നെയ്തെടുക്കുന്ന വട്ടി അധികവും ഉപയോഗിച്ചിരുന്നത് സ്ത്രീകളാണ്. അന്ന് ഒരു കാര്യം വളരെ വ്യക്തം. അതായത് സാധനം വാങ്ങാൻ പോകുന്പോൾ അതിനുള്ള പാത്രം കരുതും. തീർച്ച. ഇന്നത്തെ പോലെ കൈയും വീശി ആരും കടയിലേക്ക് പോവുകയില്ലായിരുന്നു.
പാൽ വാങ്ങാൻ കുപ്പിയോ അലുമിനിയ പാത്രമോ ആയിരുന്നു ഉപയോഗിച്ചിരുന്നത്. കവുങ്ങിൻ പാള കുത്തിയുണ്ടാക്കുന്ന പാത്രത്തിലാണ് അന്ന് തൈര് വിതരണം ചെയ്തിരുന്നത്. പാള നനച്ച് ചതുര ആകൃതിയിൽ വെട്ടി മടക്കും.
പിന്നീട് രണ്ടു വശവും ഈർക്കിൽ ഉപയോഗിച്ച് കുത്തി അടയ്ക്കും. പാളകൊണ്ടു തന്നെ ഒരു പിടിയും വയ്ക്കും. ഇങ്ങനെയുണ്ടാക്കുന്ന പാത്രത്തിൽ തൈര് ഒഴിച്ച് വായ വാഴനാര് കൊണ്ട് കെട്ടി വയ്ക്കും. ആഴ്ചയിൽ രണ്ടു ദിവസം നടക്കുന്ന നാട്ടു ചന്തയിൽ വിൽക്കാൻ തൈര് കൊണ്ടുവരുന്നത് പാളയിലാണ്. പാള തൈര് എന്നാണതിന്റെ പേര്. അന്ന് ക്ഷീര കർഷകർ നേരിട്ടാണ് ചന്തയിൽ തൈര് വിൽക്കാൻ കൊണ്ടുവന്നിരുന്നത്.
മീൻ പൂർണമായും ഇലയിലാണ് പൊതിഞ്ഞു നല്കിയിരുന്നത്. വട്ടയിലയാണ് പ്രധാനമായും മീൻ പൊതിയാൻ ഉപയോഗിച്ചിരുന്നത്. വട്ടയിലയ്ക്കു പുറമെ തേക്കിലയും മീൻ പൊതിയാൻ ഉപയോഗിച്ചിരുന്നു. വട്ടയിലയും തേക്കിലയും പറിച്ചു കൊടുക്കുന്നതും ഒരു തൊഴിലായിരുന്നു. ഒരു കെട്ട് വട്ടയിലയ്ക്ക് 10 പൈസയായിരുന്നു അന്നത്തെ വില. ഇറച്ചിയൊന്നും അക്കാലത്ത് പൊതിഞ്ഞു കൊടുക്കുന്ന ഏർപ്പാട് പല പ്രദേശങ്ങളിലും ഇല്ലായിരുന്നു. ഗ്രാമ പ്രദേശങ്ങളിൽ വാഴ നാരിൽ കോർത്താണ് ഇറച്ചി നല്കിയിരുന്നത്. അധവാ പൊതിഞ്ഞാൽ വട്ടയിലയോ തേക്കിലയോ ആണ് ഉപയോഗിക്കുക.
ഇന്ന് എവിടെ നോക്കിയാലും പ്ലാസ്റ്റിക് മാലിന്യം കെട്ടിക്കിടക്കുന്നതു കാണാം. അന്ന് ഒരിടത്തും ഇത്തരം മാലിന്യം കാണാനില്ലായിരുന്നു. ചെറു തോടുകളിൽപ്പോലും തെളിനീര് ഒഴുകിയിരുന്ന ഒരു കാലമുണ്ടായിരുന്നു. ഓരോ നാട്ടിലുമുള്ള ചെറിയ തോടുകളാണ് അലക്കാനും കുളിക്കാനുമൊക്കെ ഉപയോഗിച്ചിരുന്നത്. ഇന്ന് ഏതെങ്കിലും തോട്ടിലിറങ്ങി കുളിക്കാനോ അലക്കാനോ കഴിയുമോ ?
ക്യാരി ബാഗുകൾ പൂർണമായും നിരോധിച്ച സാഹചര്യത്തിൽ നമ്മൾ പഴയ കാലത്തേക്ക് തിരിച്ചെത്തുന്ന ഒരു അവസ്ഥയുണ്ടാവും. സാധനങ്ങൾ വാങ്ങാൻ പോകുന്നവർ അതിനുള്ള പാത്രം കരുതുക എന്നതാണ് അതിന്റെ പ്രാഥമിക ഘട്ടം. അതിനാൽ ഓർമിക്കുക സാധനം വാങ്ങാൻ കടയിലേക്കാണെങ്കിൽ സഞ്ചിയോ കുട്ടയോ കരുതുക.