തിരുവനന്തപുരം: ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കിന് ഏർപ്പെടുത്തിയ നിരോധനം നിലവിൽ വന്നു. ഇന്നലെ അർധരാത്രി മുതലാണ് നിരോധനം നിലവിൽ വന്നത്. വ്യാപാരികളുടെ എതിർപ്പുണ്ടെങ്കിലും നിരോധനത്തിൽ നിന്ന് പിന്നോട്ടില്ലെന്നാണ് സർക്കാർ നിലപാട്. അതേസമയം സർക്കാർ നിരോധിച്ച പ്ലാസ്റ്റിക് സാമഗ്രികളുടെ സ്റ്റോക്ക് കൈവശമുണ്ടെന്ന പേരിൽ 15 വരെ നിയമനടപടികൾ പാടില്ലെന്ന് ഹൈക്കോടതി ഉത്തരവുണ്ട്.
അതേസമയം ബ്രാൻഡഡ് ഉൽപന്നങ്ങൾക്കും മുറിച്ചുവച്ച ഇറച്ചി, മത്സ്യം എന്നിവ പൊതിയാനുപയോഗിക്കുന്ന പ്ലാസ്റ്റിക് കവറുകൾ എന്നിവയെ നിരോധനത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഇവയുടെ ഉൽപാദകരും വിൽപനക്കാരും ഇറക്കുമതിക്കാരും ബ്രാൻഡഡ് ഉൽപന്ന പാക്കറ്റുകൾ ഉപഭോക്താക്കളിൽ നിന്നും തിരികെ ശേഖരിക്കാനുള്ള പദ്ധതി തയാറാക്കി മലിനീകരണ നിയന്ത്രണ ബോർഡിനു സമർപ്പിക്കുകയും പാലിക്കുകയും വേണമെന്നും ഉത്തരവിൽ വ്യവസ്ഥ ചെയ്തിട്ടുണ്ട്. ബിവറേജസ് കോർപറേഷൻ, കേരഫെഡ്, മിൽമ, കേരള വാട്ടർ അഥോറ്റി തുടങ്ങിയ പ്ലാസ്റ്റിക് പാക്കേജിംഗ് നടത്തുന്ന മറ്റ് പൊതുമേഖല സ്ഥാപനങ്ങൾക്കും ഇത് ബാധകമാണ്.
മുൻകൂട്ടി അളന്നു വച്ചിരിക്കുന്ന ധാന്യങ്ങൾ, പയർ വർഗങ്ങൾ, പഞ്ചസാര, ധാന്യപ്പൊടികൾ എന്നിവ സൂക്ഷിക്കാൻ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് പാക്കറ്റുകളെയും നിരോധനത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
നിരോധനം ഏർപ്പെടുത്തിയ വസ്തുക്കൾ
• പ്ലാസ്റ്റിക് ക്യാരി ബാഗുകൾ (കനം നോക്കാതെ)
• ടേബിളിൽ വിരിക്കാൻ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഷീറ്റുകൾ
• തെർമോക്കോൾ, സ്റ്റെറോഫോം എന്നിവ ഉപയോഗിച്ചുണ്ടാക്കുന്ന പ്ലേറ്റുകൾ, കപ്പുകൾ, അലങ്കാര വസ്തുക്കൾ
• പ്ലാസ്റ്റിക് കപ്പുകൾ, ടംബ്ലറുകൾ, പ്ലേറ്റുകൾ, സ്പൂണുകൾ, ഫോർക്കുകൾ, സ്ട്രോകൾ, ഡിഷുകൾ, സ്റ്റിറർ,
• പ്ലാസ്റ്റിക് കോട്ടിങ്ങ് ഉള്ള പേപ്പർ കപ്പുകൾ, പേപ്പർ പ്ലേറ്റുകൾ, പേപ്പർ ബൗളുകൾ, പേപ്പർ ബാഗുകൾ
• നോണ്‍ വൂവണ്‍ ബാഗുകൾ, പ്ലാസ്റ്റിക് പതാക, പ്ലാസ്റ്റിക് ബണ്ടിംഗ്
• പ്ലാസ്റ്റിക് വാട്ടർ പൗച്ചസ്, ബ്രാൻഡല്ലാത്ത പ്ലാസ്റ്റിക് ജ്യൂസ് പാക്കറ്റുകൾ
• 500 മില്ലീ ലിറ്ററിൽ താഴെയുള്ള കുടിവെള്ള കുപ്പികൾ
• പ്ലാസ്റ്റിക് ഗാർബേജ് ബാഗുകൾ
• പിവിസി ഫ്ളക്സ് മെറ്റീരിയൽസ്
• പ്ലാസ്റ്റിക് പാക്കറ്റുകൾ
നിരോധനത്തിൽ നിന്നും ഒഴിവാക്കിയവ
• ഭക്ഷണവും മുറിച്ച പച്ചക്കറിയും പൊതിയാൻ ഉപയോഗിക്കുന്ന ക്ലിങ്ഫിലിം
• മുൻകൂട്ടി അളന്നുവെച്ച ധാന്യങ്ങൾ, പയർ വർഗങ്ങൾ, പഞ്ചസാര, ധാന്യപ്പൊടികൾ എന്നിവ സൂക്ഷിക്കുന്ന പ്ലാസ്റ്റിക് പാക്കറ്റുകൾ
• ബ്രാൻഡഡ് ഉൽപന്നങ്ങളുടെ പാക്കറ്റുകൾ
• ബ്രാൻഡഡ് ജ്യൂസ് പാക്കറ്റുകൾ
• കയറ്റുമതി ചെയ്യാൻ നിർമിച്ച പ്ലാസ്റ്റിക് വസ്തുക്കൾ, ആരോഗ്യപരിപാലനരംഗത്ത് ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉപകരണങ്ങൾ, കന്പോസ്റ്റബിൾ പ്ലാസ്റ്റിക്