കൊച്ചി: ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉത്പന്നങ്ങളുടെ നിരോധനം ലംഘിക്കുന്നവർക്കെതിരേ നടപടി സ്വീകരിക്കാനൊരുങ്ങി അധികൃതർ. തദ്ദേശ സ്ഥാപനങ്ങൾ പ്ലാസ്റ്റിക് നിരോധന നിയമത്തിന്റെ അടിസ്ഥാനത്തിൽ പരിശോധനകൾ നടത്തി നിയമം ലംഘിക്കുന്നവർക്കെതിരേ നടപടി സ്വീകരിക്കണമെന്നാണു കളക്ടർ നിർദേശിച്ചിരിക്കുന്നത്.
പ്ലാസ്റ്റിക് നിരോധനവുമായി ബന്ധപ്പെട്ട് ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപന പ്രിതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജനുവരി ഒന്നു മുതലാണ് ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉത്പന്നങ്ങളുടെ നിരോധനം നടപ്പാക്കുന്നത്. ഒന്നു മുതൽക്കേ തദ്ദേശ സ്ഥാപനങ്ങൾ പരിശോധനകൾ നടത്തി നിയമം ലംഘിക്കുന്നവർക്കെതിരേ നടപടി സ്വീകരിക്കണമെന്നാണു കളക്ടറുടെ നിർദേശം. തദ്ദേശഭരണ സ്ഥാപനങ്ങൾ നടത്തുന്ന പരിശോധനകൾക്കു റവന്യൂ വകുപ്പിന്റെയും മറ്റ് വകുപ്പുകളുടെയും സഹകരണം ലഭ്യമാക്കും. പ്ലാസ്റ്റിക് നിരോധനവുമായി ബന്ധപ്പെട്ട് തദ്ദേശ സ്ഥാപനങ്ങൾ വ്യാപാരി വ്യവസായി സംഘടനകളുമായി ചേർന്ന് ബോധവത്കരണ പരിപാടികൾക്കു രൂപം നൽകണം.
നിരോധനവുമായി ബന്ധപ്പെട്ട് പ്ലാസ്റ്റിക് വിമുക്ത വ്യാപാര കേന്ദ്രം എന്ന ബോർഡ് എല്ലാ വ്യാപാര സ്ഥാപനങ്ങളിലും പ്രദർശിപ്പിക്കുകയും വേണം. ഷോപ്പിംഗ് മാളുകൾ ഉൾപ്പെടെയുള്ള വലിയ വ്യാപാര സ്ഥാപനങ്ങൾ കേന്ദ്രീകരിച്ചും കർശനമായ പരിശോധനകൾ നടത്തണമെന്നും കളക്ടർ നിർദേശിച്ചു. പ്ലാസ്റ്റിക് നിരോധനത്തിന്റെ പരിധിയിൽ എല്ലാ തരത്തിലുമുള്ള പ്ലാസ്റ്റിക് കാരി ബാഗുകളും ഉൾപ്പെടും. ജനുവരി 25ന് തദ്ദേശഭരണ സ്ഥാപനങ്ങളിൽ ശുചീകരണ യജ്ഞം സംഘടിപ്പിക്കും.
ഇപിആർ പരിധിയിൽ വരുന്ന ബ്രാൻഡുകളുടെ ഉത്പന്നങ്ങൾക്ക് നിരോധനത്തിൽ ഇളവുകളുണ്ട്. അവർ ഉത്പാദിപ്പിക്കുന്ന പ്ലാസ്റ്റിക് കവറുകൾ ശേഖരിക്കുന്നതിനുള്ള സംവിധാനം ഒരുക്കുന്നതിനാലാണ് ഇളവ് അനുവദിക്കുന്നത്. ജില്ലയിലെ കുടുംബശ്രീ യൂണിറ്റുകൾ ഉത്പാദിപ്പിക്കുന്ന രണ്ടു രൂപ മുതൽ വിലയുള്ള തുണി സഞ്ചികൾ വിപണിയിലെത്തിച്ചിട്ടുണ്ട്.
ജില്ലാ ആസൂത്രണ സമിതി ഹാളിൽ ചേർന്ന യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോളി കുര്യാക്കോസ്, ജില്ലാ ലീഗൽ സർവീസ് അഥോറിറ്റി സെക്രട്ടറി വി.ജി. സലീന, ജില്ലാ പ്ലാനിംഗ് ഓഫീസർ ലിറ്റി മാത്യു, ഹരിത കേരള മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ സുജിത് കരുണ്, ജില്ലയിലെ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അധ്യക്ഷന്മാർ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.