കൊച്ചി: ഒറ്റത്തവണ ഉപയോഗ പ്ലാസ്റ്റിക് വസ്തുക്കൾ നിരോധിച്ചുള്ള സർക്കാർ ഉത്തരവ് ജനുവരിയിൽ പ്രാബല്യത്തിൽ വരാനിരിക്കെ മണ്ണിലും വെള്ളത്തിലും അലിഞ്ഞുചേരുന്ന പ്ലാസ്റ്റിക് ബദൽ ഉത്പന്നങ്ങളുമായി ബയോമാർട്ട് രംഗത്ത്. പ്രകൃതിദത്ത അസംസ്കൃത വസ്തുക്കൾക്കൊണ്ടു നിർമിച്ച ഉത്പന്നങ്ങൾ ആറു മുതൽ ഒരു വർഷത്തിനുള്ളിൽ മണ്ണിൽ അലിഞ്ഞ് ഇല്ലാകുമെന്നാണു കന്പനിയുടെ അവകാശ വാദം.
നാലു വർഷത്തിനുള്ളിൽ കൊച്ചിയിലെ പ്ലാസ്റ്റിക് ഉപയോഗം 90 ശതമാനമെങ്കിലും കുറയ്ക്കാനാണ് കന്പനി ലക്ഷ്യമിടുന്നതെന്ന് ബയോമാർട്ട് സ്ഥാപകൻ കെ. രവികൃഷ്ണൻ പത്രസമ്മേളനത്തിൽ പറഞ്ഞു.പ്ലാസ്റ്റിക് കവറുകളെന്ന് തോന്നിക്കുന്ന മഴയിലും വെയിലിലും ഉപയോഗിക്കാവുന്ന ബയോ കസാവാ ബാഗുകൾ, ഭക്ഷണം വിളന്പുന്ന ചെറുതും വലുതുമായ പാത്രങ്ങൾ, ഗ്ലാസുകൾ, സ്ട്രോ, സുതാര്യമായ കപ്പുകൾ തുടങ്ങി പ്ലാസ്റ്റിക് ഉത്ന്നങ്ങളെന്ന് തോന്നിക്കുന്നതായ പ്രകൃതിദത്ത ഉത്പന്നങ്ങളാണ് കന്പനി പുറത്തിറക്കിയിരിക്കുന്നത്.
മരച്ചീനിയുടടെ സ്റ്റാർച്ചും വെജിറ്റബിൾ ഓയിലും ചേർത്താണ് ബയോ കസാവാ ബാഗുകൾ നിർമിച്ചിരിക്കുന്നത്. ഏതവസരത്തിലും ഉപയോഗിക്കാവുന്ന ബയോക്ലിയർ പിഎൽഎ കപ്പുകൾ നിർമിച്ചിരിക്കുന്നത് കോണ് സ്റ്റാർച്ചിൽ നിന്നാണ്. സാധാരണ പ്ലാസ്റ്റിക് പോലെ തോന്നിപ്പിക്കുന്ന ഫോർക്, സ്പൂണ്, കത്തി തുടങ്ങിയവ നിർമിച്ചിരിക്കുന്നത് കരിന്പിന്റെ സ്റ്റാർച്ച് ഉപയോഗിച്ചാണ്.
ബെറ്റർ കൊച്ചി റെസ്പോണ്സ് ഗ്രൂപ്പിന്റെ സഹകരണത്തോടെയാണ് ബയോമാർട്ട് ഉത്പന്നങ്ങൾ വിപണിയിലെത്തിക്കുന്നത്. ബെറ്റർ കൊച്ചി പ്രസിഡന്റ് എസ്. ഗോപകുമാർ, നവാസ്, ബീന വിശ്വനാഥൻ, ജെ.പി. പ്രേംലാൽ, കിഷോർ രംഗനാഥ്, രാമചന്ദ്രൻ നായർ തുടങ്ങിയവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു. പ്ലാസ്റ്റിക് വിമുക്ത കൊച്ചിയുടെ ലോഗോ പ്രകാശനവും ചടങ്ങിൽ നടന്നു.