വടകര: വ്യത്യസ്തമായ പഠന, പഠനാനുബന്ധ പ്രവർത്തനങ്ങളിലൂടെ ശ്രദ്ധ നേടിയ പുത്തൂർ ഗവ.ഹയർ സെക്കന്ററി സ്കൂളിലെ എൻഎസ്എസ് വളണ്ടിയർമാർ പ്ലാസ്റ്റിക് കുപ്പികൾ കൊണ്ടൊരു മതിൽ നിർമിച്ച് കൈയടി നേടി. ഇവർ ദത്തെടുത്ത വടകര മുനിസിപ്പൽ പത്തൊന്‍പതാം വാർഡിലെ മാക്കൂൽ അംഗൻവാടിക്കാണ് സ്നേഹ സമ്മാനമായി പ്ലാസ്റ്റിക് ബോട്ടിലുകൾ കൊണ്ട് മതിൽ നിർമിച്ചു നൽകിയത്.
നൂറു വളണ്ടിയർമാർ പത്ത് വീതം ബോട്ടിലുകൾ ശേഖരിച്ച് ആയിരം കുപ്പികൾ കൊണ്ടു മനോഹരമായ മതിൽ നിർമിക്കുകയായിരുന്നു. കുപ്പികളിൽ മണൽ നിറച്ച് സിമന്റ് ചാന്തിട്ട് ഭദ്രമാക്കിയതിനു ശേഷമായിരുന്നു മതിൽ നിർമാണം. ഈ കുപ്പികൾ സിമന്റും മണലും ഉപയോഗിച്ച് അടുക്കിവെച്ച് ബലം വരുത്തി. വാട്ടർ ബോട്ടിലുകളുപയോഗിച്ചുള്ള നിർമാണ പ്രവർത്തനങ്ങളെ കുറിച്ച് സാമുഹികമാധ്യമങ്ങളിലെ പ്രചരണമാണ് ഇവർക്ക് പ്രചോദനമായത്.
അധ്യാപകരായ ശ്രീകുമാർ, അബ്ദുൽ സമദ്, മുനിസിപ്പൽ കൗണ്‍സിലർമാരായ ഇ.അരവിന്ദാക്ഷൻ, ബിജു, പ്രോഗ്രാം ഓഫീസർ അബ്ദുൽ സമീർ എന്നിവരുടെ മേൽനോട്ടവും സഹകരണവും ഇത് യാഥാർഥ്യമാക്കാൻ വഴിയൊരുക്കി. പുതിയ നിർമാണ രീതി കണ്ട നാട്ടുകാർ ഭക്ഷണമടക്കമുള്ള സഹായങ്ങളുമായി രംഗത്തുണ്ടായിരുന്നു. മതിൽ നിർമാണം നേരിൽ കണ്ട മുനിസിപ്പാൽ ചെയർമാൻ മാലിന്യങ്ങൾ ക്രിയാത്മകമായി ഉപയോഗിച്ച വളണ്ടിയർമാരെ അഭിനന്ദിച്ചു.