കുപ്പി ഭണ്ഡാരങ്ങളിൽ മാലിന്യം നിറയുമ്പോൾ നാടും നഗരവും ക്ലീൻ ക്ലീനാവുകയാണ്. മാലിന്യ സംസ്കരണത്തിൽ എന്നും ശ്രദ്ധേയമായ നടപടികളെടുക്കുന്ന തൃശൂർ വടക്കാഞ്ചേരിയിലാണ് കുപ്പി ഭണ്ഡാരങ്ങൾ കേരളത്തിന് മൊത്തം മാതൃകയാകുന്നത്.
മാലിന്യ ശേഖരണവും തരംതിരിക്കലും നാടെങ്ങും സങ്കീർണമാകുമ്പോൾ അലക്ഷ്യമായി വലിച്ചെറിയുന്ന പ്ലാസ്റ്റിക് ബോട്ടിലുകൾ നിക്ഷേപിക്കാൻ വടക്കാഞ്ചേരിയിൽ സ്ഥാപിച്ച ബോട്ടിൽ ബൂത്തുകളാണ് കുപ്പി ഭണ്ഡാരങ്ങളെന്ന് അറിയപ്പെടുന്നത്. കുപ്പിയുടെ ആകൃതിയിൽ കുപ്പികൾ മാത്രം നിക്ഷേപിക്കാൻ വായ്ഭാഗമുള്ള ബോട്ടിൽ ബൂത്തുകൾ കൗതുകം ഉണർത്തുന്ന ഉപയോഗിക്കാൻ പ്രേരിപ്പിക്കുന്ന ഒരു മാലിന്യ സംഭരണിയാണ്.
വടക്കാഞ്ചേരി നഗരസഭയിലെ വിവിധ പ്രദേശങ്ങളിലായി 100 ബോട്ടിൽ ബൂത്തുകളുണ്ട്. സർവശുദ്ധി പദ്ധതിയുടെ ഭാഗമായി ശുചിത്വമിഷന്റെ ശുചിത്വ കേരളം അർബണ് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഇവ സ്ഥാപിച്ചത്. കൂടുതൽ ആളുകൾ എത്തുന്ന സ്ഥലങ്ങൾ കേന്ദ്രീകരിച്ച് സ്ഥാപിച്ച 100 ബോട്ടിൽ ബൂത്തുകളിലൂടെ നഗരത്തിൽ ഉപയോഗിക്കുന്ന എല്ലാ പ്ലാസ്റ്റിക്ക് കുപ്പികളും കൃത്യമായി തരംതിരിച്ച് ശരിയായ സംസ്കരണത്തിന് വിധേയമാക്കുന്നു.
ദിവസങ്ങൾ കൊണ്ട് നിറയുന്ന ഓരോ ബൂത്തുകളിലും 375 മുതൽ 400 എണ്ണം വരെ കുപ്പികൾ ലഭിക്കും. ശരാശരി 6.75 കിലോഗ്രാം പ്ലാസ്റ്റിക് മാലിന്യം ഓരോ ആഴ്ച്ചകളിലും സംഭരിക്കും. 100 ബിന്നുകളിൽ നിന്നായി ലഭിക്കുന്ന പ്ലാസ്റ്റിക് കിലോഗ്രാമിന് 18 രൂപ നിരക്കിൽ വിൽപ്പന സാധ്യമാക്കി ഹരിത കർമ്മ സേന കൂടുതൽ വരുമാനം നേടുകയാണ്.
നഗരസഭ രൂപീകരിച്ച് കുറച്ചു വർഷങ്ങൾക്കുള്ളിൽ മികച്ച മാതൃകകൾ സൃഷ്ടിച്ച് അംഗീകാരം നേടുകയാണ് വടക്കാഞ്ചേരി നഗരസഭ. മറ്റു തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും ഈ രീതി പിന്തുടർന്ന് മാലിന്യ സംസ്കരണ മാതൃകകൾ സൃഷ്ടിക്കാൻ മുന്നോട്ടുവരുന്നുണ്ട്. മാലിന്യം നിക്ഷേപിക്കാൻ പലതരത്തിലുള്ള ബിന്നുകൾ ഉണ്ടെങ്കിലും കുപ്പിയുടെ ആകൃതിയിലുള്ള കുപ്പികൾക്ക് വേണ്ടി മാത്രമായുള്ള കുപ്പി ഭണ്ഡാരം വലിയ സ്വീകാര്യത നേടുകയാണ്.