വേനൽകാലമാണ് വരുന്നത്. ധാരാളം വെള്ളം കുടിക്കണ്ട സമയം. തിളപ്പിച്ച് ആറ്റിയ വെള്ളം കുടിക്കുന്നതാണ് ആരോഗ്യത്തിന് ഉത്തമമെന്ന് നമ്മൾ ചെറുപ്പം മുതലേ കേൾക്കുന്നതാണ്. എന്നാൽ ഇത് ഭൂരിപക്ഷം ആളുകളും പിന്തുടരാറില്ല. ചൂട് കൂടിവരുമ്പോൾ കടയിൽ നിന്ന് ശീതളപാനീയങ്ങളോ അല്ലെങ്കിൽ തണുത്ത കുപ്പിവെള്ളമോ ആണ് എല്ലാവരും കുടിക്കുന്നത്. ഇനി ശീതളപാനീയങ്ങൾ വാങ്ങി കുടിച്ചാൽ തന്നെ ദാഹം മാറിയില്ലെങ്കിൽ ഉടൻ തന്നെ തണുത്ത കുപ്പിവെള്ളത്തെ ആണ് ആശ്രയിക്കുന്നത്.
എന്നാൽ നമ്മൾ വാങ്ങി കുടിക്കുന്ന പ്ലാസ്റ്റിക്ക് കുപ്പിവെള്ളം ശുദ്ധമാണോ? പ്ലാസ്റ്റിക്ക് കുപ്പിവെള്ളത്തിൽ നമ്മൾ ഒരിക്കൽപോലും പ്രതീക്ഷിക്കാത്ത അളവിലുള്ള പ്ലാസ്റ്റിക്കിന്റെ അംശമാണ് ഉള്ളതെന്ന് പുതിയ പഠനം സൂചിപ്പിക്കുന്നു. അതായത് ഒരു ലിറ്റർ പ്ലാസ്റ്റിക്ക് കുപ്പിവെള്ളത്തിൽ 24,0000 ഓളം പ്ലാസ്റ്റിക്ക് കണങ്ങളാണ് അടങ്ങിയിരിക്കുന്നത്.
നാഷണൽ അക്കാഡമി ഓഫ് സയൻസ് പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇക്കാര്യം വ്യക്തമായിരിക്കുന്നത്. ഇവ നാനോ പ്ലാസ്റ്റിക്ക് ആയതിനാലാണ് നേരത്തെ നടത്തിയ ഗവേഷണങ്ങളിലും കണ്ടുപിടിക്കാൻ സാധിക്കാഞ്ഞത്. നാനോ പ്ലാസ്റ്റിക്കുകൾക്ക് മനുഷ്യന്റെ രക്തധമനികളിലേക്കും കോശങ്ങളിലേക്കും വളരെ എളുപ്പത്തിൽ പ്രവേശിക്കാൻ കഴിയും. ഇത് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുന്നതാണ്.
മൈക്രോ പ്ലാസ്റ്റിക്കുകളെക്കാൾ ചെറുതായതിനാലാണ് ഇവയ്ക്ക് എളുപ്പത്തിൽ മനുഷ്യ ശരീരത്തിൽ പ്രവേശിക്കാൻ സാധിക്കുന്നത്. ഇതിന് പുറമേ ഈ പ്ലാസ്റ്റിക്ക് കണങ്ങൾക്ക് പ്ലാസന്റ വഴി ഗർഭസ്ഥശിശുവിന്റെ ശരീരത്തിലേക്കും പ്രവേശിക്കാൻ സാധിക്കുമെന്നും പഠനം ചൂണ്ടിക്കാട്ടുന്നു.