ഇരിങ്ങാലക്കുട: പ്ലാസ്റ്റിക് കവറുകളുടെ ഉപയോഗം വർധിച്ചതോടെ നിരോധനം പഴങ്കഥയായി. നിരോധന നടപടികൾക്കു തുടക്കത്തിലുണ്ടായിരുന്ന ശുഷ്കാന്തി പിന്നീട് ഉണ്ടാകാതിരുന്നതാണ് ഇടവേളക്കുശേഷം പ്ലാസ്റ്റിക് കവറുകൾ വ്യാപകമാകാൻ കാരണം.
കഴിഞ്ഞദിവസം നടന്ന കൗണ്‍സിൽ യോഗത്തിൽ രമേശ് വാര്യരാണ് ഇതുസംബന്ധിച്ച് അഭിപ്രായം പറഞ്ഞത്. കൂടൽമാണിക്യ ക്ഷേത്രത്തിനു സമീപമുള്ള കൊട്ടിലാക്കൽ പറന്പിൽ നടക്കുന്ന എക്സിബിഷനിൽ നിരോധിത പ്ലാസ്റ്റിക് കവറുകൾ അധികമായി ഉപയോഗിക്കുന്നതായി രമേശ് വാര്യർ പറഞ്ഞു.
നിരോധിത പ്ലാസ്റ്റിക് കവറുകളുടെ ഉപയോഗത്തിനെതിരെ അധികൃതർ ജാഗ്രത പാലിച്ചപ്പോൾ കടകളിൽ പ്ലാസ്റ്റിക് ക്യാരിബാഗുകൾ ഉപഭോക്താക്കൾക്കു നൽകാൻ കടക്കാരും വിസമ്മതിച്ചിരുന്നു. എന്നാൽ ഇപ്പോൾ ഇത്തരം കവറുകൾ നഗരത്തിൽ വ്യാപകമാണ്. ഉപയോഗം കഴിഞ്ഞാൽ പ്ലാസ്റ്റിക് കവറുകൾ പെരുവഴിയിൽ ഉപേക്ഷിക്കുന്നതും ശീലമായി മാറിക്കഴിഞ്ഞു. നഗരത്തിലെ പ്രധാന കോർണറുകളിൽ പലയിടത്തും പ്ലാസ്റ്റിക് മാലിന്യം കുന്നുകൂടി കിടക്കുകയാണ്.
നിശ്ചിത മൈക്രോണിലും താഴെയുള്ള പ്ലാസ്റ്റിക് കവറുകൾ കടകളിൽ സൂക്ഷിക്കുന്നതുതന്നെ കുറ്റകരമാണ്. പ്ലാസ്റ്റിക് കവറുകളിലും മറ്റു പ്ലാസ്റ്റിക് സാധനങ്ങളിലും എത്ര മൈക്രോണ്‍ ഉണ്ടെന്നതു രേഖപ്പെടുത്തണമെന്ന മലിനീകരണ നിയന്ത്രണ ബോർഡിന്റെ നിർദേശവും കാറ്റിൽ പറന്നു. പഞ്ചായത്ത് അധികൃതർ, ആരോഗ്യവകുപ്പ് എന്നിവരെയാണു നിരോധനം നടപ്പിലാക്കാൻ ചുമതലപ്പെടുത്തിയിരുന്നത്.
നിരോധനം പ്രഖ്യാപിച്ച സമയത്ത് ആരോഗ്യവകുപ്പ് കടകളിൽ കർശന പരിശോധന നടത്തിയിരുന്നു. എന്നാൽ പിന്നീടതുണ്ടായില്ല. പരിസ്ഥിതിക്ക് ഏറെ ദോഷം ചെയ്യുന്ന പ്ലാസ്റ്റിക് കവറുകൾ കർശനമായി നിയന്ത്രിക്കുകയും ഇതിന്റെ ഉത്പാദനം നിരോധിക്കാൻ നടപടി സ്വീകരിക്കണമെന്നുമാണ് ആവശ്യം.