ഭൂമിയുടെ നിലനില്‍പ്പിന് ഏറ്റവും കൂടുതല്‍ ഭീഷണിയുയര്‍ത്തുന്നവയില്‍ ഒന്നാണ് പ്ലാസ്റ്റിക്. മണ്ണില്‍ ലയിക്കുകയില്ലാത്തതിനാലും കത്തിച്ചാല്‍ ദോഷകരമായ രാസവസ്തുക്കള്‍ പുറപ്പെടുമെന്നതിനാലും ഒരു തരത്തിലും സാധിക്കാത്ത വസ്തുവാണ് പ്ലാസ്റ്റിക്. അതേസമയം ഒരു തരത്തിലും ഒഴിച്ചുകൂടാനാവാത്തതുമാണ് പ്ലാസ്റ്റിക്. എത്ര ഒഴിവാക്കാന്‍ ശ്രമിച്ചാലും പ്ലാസ്റ്റിക് പൂര്‍ണ്ണായും ഒഴിവാക്കികൊണ്ട് ആധുനിക യുഗത്തില്‍ മനുഷ്യര്‍ക്ക് ജീവിക്കാന്‍ സാധിക്കുകയില്ല. പ്ലാസ്റ്റിക് സംസ്‌കരിക്കാനുള്ള വിവിധ മാര്‍ഗങ്ങളെക്കുറിച്ചു പഠിച്ചു വരികയായിരുന്നു ശാസ്ത്രലോകം.
ഇപ്പോഴിതാ ഒരിക്കലും നശിക്കാത്ത പ്ലാസ്റ്റിക് ഭീഷണിയില്‍ നിന്ന് രക്ഷപെടാന്‍ പ്രകൃതി തന്നെ വഴിയൊരുക്കുന്നു. കത്തിച്ചാലും, കുഴിച്ചിട്ടാലും നശിക്കാത്ത പ്ലാസ്റ്റിക് തിന്നുന്ന പുഴുവിനെ ഒരു സംഘം ഗവേഷകര്‍ കണ്ടെത്തി. യൂറോപ്യന്‍ രാജ്യങ്ങളില്‍ മീനുകള്‍ക്ക് ഭക്ഷണമായി നല്‍കുന്ന ഒരു നിശാശലഭപ്പുഴുവാണ് പ്ലാസ്റ്റിക് ആഹാരമാക്കുന്നത്. മെഴുക് പുഴു എന്നറിയപ്പെടുന്ന ഇതിന്റെ ശാസ്ത്രീയനാമം ഗലേറിയ മെലൊണെല്ലയെന്നാണ്. കേംബ്രിഡ്ജ് സര്‍വകലാശാലയിലെ ശാസ്ത്രജ്ഞരാണ് പ്ലാസ്റ്റിക് തിന്നുന്ന പുഴുവിന്റെ ലാര്‍വയെ കണ്ടെത്തിയിരിക്കുന്നത്. തേനീച്ചക്കൂട്ടിലെ മെഴുക് തിന്നാണ് ഇതിന്റെ ലാര്‍വ വളരുന്നത്. സ്പെയിനിലെ ജീവശാസ്ത്രജ്ഞയായ ഫെഡെറിക്ക ബെര്‍ട്ടോച്ചിനി യാദൃച്ഛികമായാണ് പുഴുവിന്റെ പ്ലാസ്റ്റിക് തീറ്റ കണ്ടെത്തിയത്.
ഇവരുടെ തേനീച്ചക്കൂട്ടില്‍ ഈ പുഴുക്കളുടെ ആക്രമണമുണ്ടായപ്പോള്‍ കൂടുവൃത്തിയാക്കി പുഴുവിനെ പ്ലാസ്റ്റിക് കൂട്ടിലാക്കിവെച്ചു ഇവര്‍. കുറച്ചുകഴിഞ്ഞു നോക്കിയപ്പോള്‍ പുഴുക്കള്‍ നിലത്ത് ഇഴഞ്ഞുനടക്കുന്നു. കൂട്ടിലാകെ തുളയും. ഇതേത്തുടര്‍ന്ന് ബെര്‍ട്ടോച്ചിനിയും കേംബ്രിജ് സര്‍വകലാശാലയിലെ സംഘവും ഇതേക്കുറിച്ച് പഠനം തുടങ്ങി. പ്ലാസ്റ്റിക് മുഴുവന്‍ ഇവ ദഹിപ്പിക്കുന്നുണ്ടെന്നും ഗവേഷകര്‍ കണ്ടെത്തി. എന്‍സൈമോ മറ്റേതെങ്കിലും സംയുക്തമോ ആകും ഇതിന് ഇവയെ സഹായിക്കുന്നതെന്നാണ് ഗവേഷകരുടെ നിഗമനം. ഈ എന്‍സൈം എന്തെന്ന് കണ്ടെത്തി അത് വ്യാപകമായി ഉത്പാദിപ്പിച്ച് പ്ലാസ്റ്റിക് നിര്‍മാര്‍ജനത്തിന് ഉപയോഗിക്കാമെന്ന പ്രതീക്ഷയിലാണ് ബെര്‍ട്ടോച്ചിനിയുടെയും സംഘവും. വര്‍ഷം എട്ടുകോടി ടണ്‍ പ്ലാസ്റ്റിക് മാലിന്യമാണ് ലോകമാകെ ഉത്പാദിപ്പിക്കപ്പെടുന്നത്.