ചത്ത് കരയ്ക്കടിഞ്ഞ തിമിംഗലത്തിന്റെ വയറ്റിൽ നിന്നും 40 കിലോഗ്രാം പ്ലാസ്റ്റിക്ക് കണ്ടെത്തി. പൂർണവളർച്ചയെത്താത്ത തിമിംഗലം ഫിലിപ്പെൻസിലെ കടൽത്തീരത്താണ് ചത്തടിഞ്ഞത്. ശരീരത്തിനുള്ളിലെത്തിയ പ്ലാസ്റ്റിക്കുകൾ ദഹിക്കാതെ വന്നതാണ് മരണകാരണമായത്. ജീവൻ നഷ്ടമാകുന്നതിനു മുമ്പ് തിമിംഗലം രക്തം ഛർദ്ദിച്ചിരുന്നുവെന്ന് ഗവേഷകർ പറഞ്ഞു.
കൂടുതലും ക്യാരിബാഗുകളാണ് തിമിംഗലത്തിന്റെ വയറ്റിൽ നിന്നും കണ്ടെത്തിയത്. 16 പ്ലാസ്റ്റിക്ക് അരിചാക്കുകളും കണ്ടെത്തിയതിൽ ഉൾപ്പെടുന്നു. കടലിൽ പ്ലാസ്റ്റിക്കുകൾ തള്ളുന്നത് കടൽ ജീവികളുടെ ആവാസവ്യവസ്ഥയെ ഗുരുതരമായി ബാധിക്കുന്നുവെന്ന് ഗവേഷകർ വ്യക്തമാക്കി.
ഇത്തരം പ്രവർത്തികൾക്കെതിരെ അന്താരാഷ്ട്ര തലത്തിൽ നടപടികൾ സ്വീകരിച്ചില്ലെങ്കിൽ ഗുരുതര പ്രശ്നങ്ങൾക്ക് വഴിവയ്ക്കുമെന്ന് ഗവേഷകർ ചൂണ്ടിക്കാട്ടുന്നു.