ഹോട്ടലുകളിലും റെസ്റ്റോറന്റുകളിലും ഇഡ്ഡലിപോലുള്ള ഭക്ഷണസാധനങ്ങള്‍ പാചകംചെയ്യുമ്പോള്‍ പ്ലാസ്റ്റിക് ഷീറ്റ് ഉപയോഗിക്കുന്ന പ്രവണത കൂടിവരുന്നു. സാധാരണ ഇഡ്ഡലികളില്നിന്ന് വ്യത്യസ്തമായി പ്ലാസ്റ്റിക് ഷീറ്റ് ഉപയോഗിച്ചുണ്ടാക്കുന്ന ഇഡ്ഡലിക്ക് മയവും മിനുസവും കൂടുതലായിരിക്കും. ഇഡ്ഡലിത്തട്ടുകളില്‍ പ്ലാസ്റ്റിക് ഷീറ്റുകള്‍ വിരിച്ച് അതിനുമുകളിലാണ് മാവ് ഒഴിക്കുന്നത്.
ഇതുവഴി സാധാരണ ഇഡ്ഡലി പാകമാകാന്‍ എടുക്കുന്നതിലും വേഗം തയ്യറാക്കാന്‍ സാധിക്കും. കൂടാതെ മാവ് തട്ടില്‍ ഒട്ടിപ്പിടിക്കാത്തതിനാല് പാഴാവുകയുമില്ല. ഭക്ഷണസാധങ്ങള്‍ പ്ലാസ്റ്റിക് വസ്തുക്കളുടെ സാന്നിധ്യത്തില്‍ പാചകം ചെയ്യുന്നതും ചൂടോടെ പൊതിയുന്നതും പ്ലാസ്റ്റിക്കില്‍ അടങ്ങിയിരിക്കുന്ന വിഷാംശങ്ങള്‍ ഭക്ഷണത്തിലേക്ക് കലരുന്നതിന് ഇടയാക്കുമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. പ്ലാസ്റ്റിക്കില്‍ അടങ്ങിയിരിക്കുന്ന സ്റ്റെറീന്‍, ബൈഫെനോള്‍ എന്നിവ കാന്‍സറിനും ഹൃദ്രോഗങ്ങള്‍ക്കും പ്രത്യുത്പാദന ശേഷിക്കുറവിനുംവരെ കാരണമാകുമെന്ന് ഇവര്‍ ചൂണ്ടിക്കാട്ടുന്നു.
ഇപ്പോള്‍ കൊല്ലത്തുനിന്നും പുറത്തുവരുന്ന വാര്‍ത്തകള്‍ പ്ലാസ്റ്റിക് ഇഡ്ഡലിയുടെ ഭീകരത വെളിച്ചത്തു കൊണ്ടുവരുന്നതാണ്. ഷിബു കെ എന്‍ എന്ന വ്യക്തിയാണ് പ്ലാസ്റ്റിക്ക് ഇഡ്ലിയുടെ വിവരം തന്റെ ഫേസ്ബുക്കിലൂടെ പങ്കുവച്ചത്. സാധാരണയായി അരിയും ഉഴുന്നും ഉലുവയും ചേര്‍ത്തരച്ച് ഒരു പ്രത്യേക ഊഷ്മാവില്‍ പുളിപ്പിച്ചു നിര്‍മിക്കുന്ന പലഹാരമാണ് ഇഡ്ഡലി. ഇത് തെക്കേ ഇന്ത്യക്കാരുടെ പ്രിയ ഭക്ഷണമാണ്. വളരെ മൃദുവും രുചികരവുമാണ് ഇഡ്ഡലി.
ഇഡ്ഡലിപാചകം ചെയ്യുമ്പോള്‍ സാധാരണയായി ഇഡ്ഡലി തട്ടില്‍ ഒരു തുണി വിരിക്കുകയോ വാഴയില വയ്ക്കുകയോ ചെയ്യും. ഇത് ചെയ്യാത്തവര്‍ ഇഡ്ഡലി വേഗത്തില്‍ വിട്ടുപോരുന്നതിനായി എണ്ണ തേക്കും. എന്നാല്‍ കൊല്ലം ജില്ലയില്‍ ഷിബു കണ്ടത് മറ്റൊരു കാഴ്ചയാണ്. ചൂടുള്ള വെള്ളത്തില്‍ പുഴുങ്ങി വരുന്ന ഇഡലികള്‍ക്ക് ബേസ് ആയി വച്ചിരിക്കുന്നത് തുണിയും വാഴയിലയുമല്ല. മറിച്ച്, പ്ലാസ്റ്റിക്ക് ഷീറ്റ് ആണ്. ഇഡ്ഡലി വേവുന്നതിനു അനുസൃതമായി ഈ പ്ലാസ്റ്റിക്ക് ഇഡലിയുമായി ചേരുകയും ഇഡലി വിഷമയമായി മാറുകയും ചെയ്യുന്നു.