പ്ലാസ്റ്റിക്ക് മാലിന്യം കൈമാറിയിൽ ഉച്ച ഭക്ഷണം നൽകുന്ന പദ്ധതിയുമായി ഭൂവനേശ്വർ മുൻസിപ്പൽ കോർപ്പറേഷൻ. കോർപ്പറേഷന്റെ കീഴിൽ പ്രവർത്തിക്കുന്ന ആഹാർ സെന്ററുകൾ വഴിയാണ് അരക്കിലോ പ്ലാസ്റ്റിക്ക് മാലിന്യം കൈമാറുന്നവർക്ക് ഉച്ചഭക്ഷണം നൽകുന്നത്.
സംസ്ഥാന സർക്കാറിന്റെ ആഹാർ പദ്ധതിക്ക് കീഴിൽ, ഐക്യ രാഷ്ട്രസഭ വികസന പദ്ധതിയുമായി ചേർന്നാണ് മീൽ ഫോർ പ്ലാസ്റ്റിക്ക് എന്ന പേരിട്ടിരിക്കുന്ന ഈ പദ്ധതി നടപ്പാക്കുന്നത്.
ഈ പദ്ധതി വിജയമാണെന്നാണ് ഭൂവനേശ്വർ മുൻസിപ്പൽ കോർപ്പറേഷൻ കമ്മീഷണർ പ്രേം ചന്ദ്ര ചൗധരി പറയുന്നത്. ശേഖരിച്ച പ്ലാസ്റ്റിക്ക് മാലിന്യവുമായി നിരവധിയാളുകൾ ഇവിടെയെത്താറുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. ഭൂവനേശ്വറിലുള്ള 11 ആഹാർ സെന്ററുകളിൽ പ്ലാസ്റ്റിക്ക് മാലിന്യവുമായി ആര് വന്നാലും അവർക്ക് ഭക്ഷണം കഴിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്ലാസ്റ്റിക്ക് മാലിന്യം നിർമാർജ്ജനം ചെയ്യുന്നതിനോടൊപ്പം വിശക്കുന്ന വയറിന് ഭക്ഷണം നൽകുന്ന ഈ പദ്ധതിയെ തേടി അഭിനന്ദന പ്രവാഹമാണ്.