കോട്ടയം: ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കിന് നിരോധനം ഏർപ്പെടുത്തിയ സാഹചര്യത്തിൽ ബദൽ ഉത്പന്നങ്ങളുടെ ലഭ്യത വർധിപ്പിക്കുന്നതിന് കുടുംബശ്രീ ജില്ലാ മിഷൻ നടപടികൾ ആരംഭിച്ചു. തുണിസഞ്ചി, പേപ്പർ ബാഗുകൾ തുടങ്ങിയവയുടെ വൻതോതിലുള്ള നിർമാണത്തിനായി ജില്ലാതല കണ്‍സോർഷ്യം രൂപീകരിക്കും. ജില്ലയിൽ നിലവിലുള്ള നിർമാണ യൂണിറ്റുകളുടെ പ്രവർത്തനം ഏകോപിപ്പിക്കുന്നതിനും ഉത്പാദനം വർധിപ്പിക്കുന്നതിനും ലക്ഷ്യമിട്ടാണ് നടപടി.
ഓർഡർ ലഭിക്കുന്നതനുസരിച്ചാണ് ഈ യൂണിറ്റുകളിൽ ഉത്പന്ന നിർമാണം. അളവിനും ഡിസൈനിനും അനുസരിച്ച് ഒന്നിന് 10 രൂപ മുതൽ 75 രൂപ വരെയുള്ള സഞ്ചികൾ ലഭ്യമാണ്. സഞ്ചികൾ തൂക്കി വിൽക്കുന്ന യൂണിറ്റുകളുമുണ്ട്. ഇവയ്ക്കു പുറമെ 25ഓളം തയ്യൽ യൂണിറ്റുകളെയും പ്രാരംഭഘട്ടത്തിലുള്ള പത്തോളം കാരി ബാഗ് യൂണിറ്റുകളെയും കണ്‍സോർഷ്യത്തിൽ ഉൾപ്പെടുത്തും.
തദ്ദേശ സ്വയംഭരണസ്ഥാപനങ്ങൾ ഹരിതകർമസേന വഴി വീടുകളിൽ എത്തിക്കുന്ന തുണി സഞ്ചികളുടെ നിർമാണത്തിലും കുടുംബശ്രീ പങ്കാളികളാകുന്നുണ്ട്.നൈപുണ്യ പരിശീലന ഏജൻസിയുടെ സഹകരണത്തോടെ 100ലധികം കുടുംബശ്രീ അംഗങ്ങൾക്ക് തുണിസഞ്ചി നിർമാണ പരിശീലനം നൽകിയിട്ടുണ്ട്. സഞ്ചികളുടെ ദൗർലഭ്യം പരിഹരിക്കുന്നതിനായി കുടുംബശ്രീ ബ്ലോക്ക് കോ- ഓർഡിനേറ്റർമാരുടെ നേതൃത്വത്തിൽ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് ഓർഡർ സ്വീകരിക്കുന്നുമുണ്ട്.