പുതുക്കാട്: സന്പൂർണ പ്ലാസ്റ്റിക് നിരോധനം നടപ്പിലാക്കാൻ ഒരുങ്ങുന്പോൾ കുറുമാലിപ്പുഴയിൽ അടിഞ്ഞുകൂടുന്നത് ആയിരക്കണക്കിന് പ്ലാസ്റ്റിക് ചാക്കുകൾ. വർഷങ്ങളായി പാലപ്പിള്ളി കടവിൽ നിർമിക്കുന്ന താത്ക്കാലിക മണ്‍ചിറ നിർമാണത്തിന്റെ അവശിഷ്ടങ്ങളാണ് പുഴയിൽ അടിഞ്ഞുകൂടിയിരിക്കുന്നത്. കരാറുകാരുടെ അനാസ്ഥയാണ് പുഴ മലിനമാകാൻ കാരണം.
ഓരോ വർഷവും ആയിരത്തിലധികം പ്ലാസ്റ്റിക് ചാക്കുകളിലാണ് മണൽ നിറച്ച് ചിറ നിർമിക്കുന്നത്. ഇത്തരത്തിൽ രണ്ട് പതിറ്റാണ്ടിലേറെ നിർമിച്ച ചിറയുടെ അവശിഷ്ടങ്ങളാണ് കടവിലും പരിസരത്തും തടഞ്ഞു നിൽക്കുന്നത്. സ്വാഭാവികമായി പുഴയിൽ വെള്ളം നിറയുന്പോൾ ചിറ തകർന്നാലും പ്ലാസ്റ്റിക് ചാക്കുകൾ ഒഴുകി പോകില്ല. ഇവ നീക്കം ചെയ്യേണ്ട ഉത്തരവാദിത്വം ചിറ നിർമിക്കുന്ന കരാറുകാരനാണെങ്കിലും ഇതു നീക്കം ചെയ്യാതെ അതിന് മുകളിലൂടെ വീണ്ടും പുതിയ മണ്‍ചിറ നിർമിക്കാറാണ് പതിവ്.
കടവുകൾ ഉപയോഗിക്കുന്നവർക്ക് കാൻസർ പോലുള്ള മാരകമായ അസുഖങ്ങൾ പിടിപെടുമെന്ന ആശങ്കയിലാണ് നാട്ടുകാർ. ഇത്തവണ നിർമ്മിക്കുന്ന ചിറയിലും പ്ലാസ്റ്റിക് ചാക്കുകളിലാണ് മണ്ണ് നിറച്ചിരിക്കുന്നത്. താത്ക്കാലിക മണ്ചിറകൾക്ക് പകരം സ്ഥിരം തടയണകൾ നിർമിക്കുന്നതിനായി എസ്റ്റിമേറ്റ് നടപടികൾ പൂർത്തീകരിച്ചിട്ടുണ്ടെങ്കിലും തുടർ നടപടികളൊന്നും ഇതുവരെ അധികൃതരുടെ ഭാഗത്തുനിന്നുണ്ടായിട്ടില്ല.