ചാരുംമൂട്: പൊതു ഇടങ്ങളിൽ പ്ലാസ്റ്റിക് വലിച്ചെറിയരുതെന്ന വലിയ സന്ദേശം പകർന്ന് ഒഴിഞ്ഞ പ്ലാസ്റ്റിക് കുപ്പികൾ കൊണ്ട് ലിനേഷ് നിർമിച്ച മത്സ്യ കന്യക ശിൽപ്പം ശ്രദ്ധേയമായി.
പെരുവേലിച്ചാൽ പാടശേഖരത്ത് വലിച്ചെറിഞ്ഞ പ്ലാസ്റ്റിക് കുപ്പികൾ കൊണ്ട് കഴിഞ്ഞ ദിവസമാണ് ചുനക്കര കിഴക്ക് ലിമാലയത്തിൽ ലിനേഷ് മനോഹരമായ ശിൽപ്പം തീർത്തത്.
പെരുവേലിച്ചാൽ പുഞ്ചയിൽ ചുനക്കര – നൂറനാട് പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന ബണ്ട് റോഡിന് താഴെയായുള്ള വഴി സ്ഥലത്താണ് 18 അടി ഉയരത്തിലുള്ള മത്സ്യരൂപം നിർമിച്ചത്. ശിൽപ്പം ശ്രദ്ധേയമായതോടെ ധാരാളം ആളുകൾ ശിൽപ്പം കാണാൻ ഇവിടെയെത്തുന്നുണ്ട്.
എല്ലാവരും ലിനേഷിന്റെ കരവിരുതിനെയും ആശയത്തേയും അഭിനന്ദിച്ചാണ് മടങ്ങുന്നത്. എം എസ് അരുൺകുമാർ എംഎൽഎ ഉൾപ്പടെയുള്ള ജനപ്രതിനിധികൾ നേരിട്ടെത്തി ലിനേഷിനെ അഭിനന്ദിച്ചു.
ഫ്രീലാൻഡ് ആർട്ടിസ്റ്റായ ലിനേഷ് പൊതു ഇടങ്ങളിൽ പ്ലാസ്റ്റിക് വലിച്ചെറിയുന്നതിനെതിരെയുള്ള സന്ദേശത്തിന്റെ ഭാഗമായാണ് പ്ലാസ്റ്റിക് കുപ്പികൾ കൊണ്ട് മത്സ്യ രൂപം തീർത്ത് പ്രദർശിപ്പിച്ചിരിക്കുന്നത്.
പുഞ്ചയിലെ വഴികളിൽ വൈകുന്നേരങ്ങളിൽ ലിനേഷും സുഹൃത്തുക്കളും എത്താറുണ്ട്. ഇവിടെ വലിച്ചെറിയപ്പെട്ട പ്ലാസ്റ്റിക് കുപ്പികളും മറ്റും വർധിച്ചു വന്നതോടെ ഇതു നീക്കം ചെയ്യുവാനായിരുന്നു ആദ്യം ഒരുങ്ങിയത്.
അയ്യപ്പൻ, ജോബി, ജയകൃഷ്ണൻ, മനു തുടങ്ങിയ സുഹൃത്തുക്കളടക്കമുള്ളവർ ചേർന്ന് പാടശേഖരത്തിലും നീരൊഴുക്ക് കുറ ഞ്ഞ തോട്ടിലും കിടന്നിരുന്ന പ്ലാസ്റ്റിക് കുപ്പികൾ പെറുക്കിയെടുത്തു.
ഇവ 50 ചാക്കുകളിലാക്കി നിറച്ചതോടെയാണ് കുപ്പികൾ ഉപയോഗിച്ച് ശില്പമുണ്ടാക്കി പ്രദർശിപ്പിക്കാൻ തീരുമാനിച്ചത്. കമ്പി കൊണ്ട് സ്ട്രക്ച്ചറുണ്ടാക്കി അതിൽ കുപ്പികൾ മാലപോലെ കോർ ത്ത് പിടിപ്പിച്ചാണ് ശില്പമായി മാറ്റിയത്.
പാടത്തു നിന്നു തന്നെ ലഭിച്ച രണ്ട് അപ്പച്ചട്ടികളാണ് കണ്ണിന്റെ സ്ഥാനത്ത് ഉറപ്പിച്ചിരിക്കുന്നത്. 12 ദിവസത്തോളമെടുത്ത നിർമാണ പ്രവർത്തനങ്ങൾക്ക് പിതാവ് സുരേഷിന്റെ സഹായമുണ്ടായതായും ലിനേഷ് പറഞ്ഞു.
തൃശൂർ ഫൈൻ ആർട്സ് കോളേജിൽ നിന്നും ബി.എഫ്.എ സ്കൾപ്ച്ചർ പാസായശേഷം ഫ്രീലാൻഡ് ആർട്ടിസ്റ്റായി വർക്ക് ചെയ്തു വരികയാണ് ലിനേഷ്.
പാഴ് വസ്തുക്കളിൽ നിന്നും മനോഹരങ്ങളായ വസ്തക്കളും ശില്പങ്ങളും തീർത്ത് മുമ്പും ലിനേഷ് ശ്രദ്ധ നേടിയിട്ടുണ്ട്. ഇപ്പോൾ ഇന്റീരിയർ ജോലികളും ചെയ്തു വരുന്നു. ലിമയാണ് മാതാവ്. ഭാര്യ: ഹരിത, മകൻ ചേതൻ.