കാഞ്ഞിരപ്പള്ളി: കുളപ്പുറം മുണ്ടപ്ലാക്കൽ ആന്റണി ജോസഫ് തന്റെ 61-ാം വയസിൽ വഴിയോരങ്ങളിൽ കിടക്കുന്ന പ്ലാസ്റ്റിക് കുപ്പികളും മറ്റും ശേഖരിച്ച് ഇതിൽ ചെടികൾ വച്ചുപിടിപ്പിച്ച് മാതൃകയാകുന്നു. തന്റെ വീടിന്റെ മുറ്റത്ത് ഇന്ത്യയുടെ മാതൃകയിലാണ് പ്ലാസ്റ്റിക് കുപ്പികളിൽ ചെടികൾ വെച്ചുപിടിപ്പിച്ചിരിക്കുന്നത്.
ഇങ്ങനെ ആയിരത്തിലേറെ കുപ്പികളിലും പ്ലാസ്റ്റിക് പാത്ര ങ്ങളിലുമായാണ് ചെടികൾ വച്ചുപിടിപ്പിച്ചിട്ടുള്ളത്. ഇത് നനയ്ക്കുന്നതിനായി പടുതാക്കുളം നിർമിച്ച് മഴവെള്ളം ശേഖരിച്ചു വച്ചിട്ടുണ്ട്.കർഷകരായിരുന്ന മുണ്ടപ്ലാക്കൽ ജോസഫ് ചാക്കോ – മറിയാമ്മ ദന്പതികളുടെ മകനായ ആന്റണിയും മുഴുവൻ സമയ കർഷകനായിരുന്നു.
അടുത്തുള്ള സ്ഥലം പാട്ടത്തിനെടുത്ത് കപ്പയും മറ്റും കൃഷി ചെയ്തിരുന്നു.15 വർഷം മുന്പ് അന്നനാളം ചുരുങ്ങുന്ന അസുഖം ബാധിച്ചതോടെ ഇപ്പോൾ ഓപ്പറേഷനു ശേഷം വിശ്രമത്തിലാണ്. വെറുതെയിരുന്ന് മുഷിഞ്ഞതോടെയാണ് പ്ലാസ്റ്റിക് മാലിന്യം നിർമാർജനം ചെയ്യുകയെന്ന ലക്ഷ്യത്തോടെ പ്ലാസ്റ്റിക്ക് കുപ്പികളും പൊട്ടിയ ബക്കറ്റ് കഷണങ്ങളും മറ്റുമൊക്ക ശേഖരിച്ച് ഇതിൽ ചെടികൾ നട്ടു തുടങ്ങിയത്.
എല്ലാ ദിവസവും പുലർച്ചെ മൂന്നിന് ഉറക്കമുണർന്ന് നാലു മണിയോടു കൂടി കാൽനടയായി മൂന്നു കിലോമീറ്ററോളം സഞ്ചരിച്ച് കൂവപ്പള്ളി സെന്റ് ജോസഫ്സ് പള്ളിയിലെത്തി ശുശ്രൂഷകനായി ജോലി നോക്കും. ഭാര്യ ആലീസ്. മക്കൾ: അമല ആന്റണി (അധ്യാപിക, സെന്റ്. ഡോമിനിക്സ് ഹൈസ്കൂൾ, കാഞ്ഞിരപ്പള്ളി), ആൽബിൻ ആന്റണി (അമൽജ്യോതി എൻജിനിയറിംഗ് കോളജ് കൂവപ്പള്ളി, കാഞ്ഞിരപ്പള്ളി).