കൊല്ലം: അഷ്ടമുടിക്കായലില്‍ അടിഞ്ഞു കൂടുന്ന പ്ലാസ്റ്റിക് മാലിന്യം നീക്കം ചെയ്യുന്നതിനായി രംഗത്തിറങ്ങിയ കക്ക വാരല്‍ തൊഴിലാളികള്‍ പരിസ്ഥിതി ദിനത്തില്‍ പുതിയ മാതൃകയായി.
രാജ്യാന്തര അംഗീകാരം നേടിയ അഷ്ടമുടി കക്ക സമ്പത്തിന് ഭീഷണിയാകുന്ന മാലിന്യം നിര്‍മാര്‍ജനം ചെയ്യുന്നതിന് കക്ക വാരല്‍ തൊഴിലാളി യൂണിയന് (സിഐടിയു) അംഗങ്ങളായ ഇരുന്നോളം പേരാണ് രാവിലെ കാവനാട് മുക്കാട് പള്ളി കായല്‍ വാരത്ത് നിന്ന് നൂറോളം ചെറുവള്ളങ്ങളില്‍ തിരിച്ചത്. ഹരിത കേരള മിഷന്റേയും ശുചിത്വ മിഷന്റേയും സഹകരണത്തോടെയായിരുന്നു പരിപാടി.
തേവളളി പാലം മുതല്‍ കടവൂര്‍, പെരുമണ്‍, അരിനല്ലൂര്‍, മണ്‍ട്രോതുരുത്ത്, തോപ്പില്‍കടവ്, കാവനാട്, മുക്കാട്, കല്ലുപുറം, മുകുന്ദപുരം, തലമുകില്‍, ചവറ തെക്കുംഭാഗം തുടങ്ങിയ പ്രദേശങ്ങളില്‍ വിവിധ സംഘങ്ങളായി തിരിഞ്ഞായിരുന്നു മാലിന്യ ശേഖരണം നടത്തിയത്.
കാമ്പയിന്റെ ഉദ്ഘാടനം മേയര്‍ വി.രാജേന്ദ്രബാബുവും വള്ളങ്ങളുടെ ഫ്ളാഗ് ഓഫ് ജില്ലാ കളക്ടര്‍ ഡോ. എസ്. കാര്‍ത്തികേയനും നിര്‍വഹിച്ചു.വൈകുന്നേരം മുക്കാട് പളളിക്കടവില്‍ തിരികെ എത്തിയ വള്ളങ്ങള്‍ കായലില്‍നിന്നും ശേഖരിച്ച പ്ലാസ്റ്റിക്ക് മാലിന്യം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി. രാധാമണി ഏറ്റുവാങ്ങി കൊല്ലം കോര്പ്പറേഷന് സജ്ജമാക്കിയ വാഹനങ്ങളില്‍ നീണ്ടകര ഹാര്‍ബറിലെ ഷ്രെഡിംഗ് യൂണിറ്റിലേക്ക് മാറ്റി. മൂന്നു ടണ്ണോളം പ്ലാസ്റ്റിക്ക് മാലിന്യമാണ് ശേഖരിച്ചത്.
കൊല്ലം ജില്ലാ കക്കാവാരല്‍ തൊഴിലാളിയൂണിയന്‍ പ്രസിഡന്റ് യേശുദാസന്, സെക്രട്ടറി മത്തിയാസ് അഗസ്റ്റിന്, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ പി. ഷാജി, ഹാര്‍ബര്‍ എഞ്ചിനീയറിംഗ് വകുപ്പ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ വി.കെ. ലോട്ടസ് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ സി.ടി സുരേഷ് കുമാര്‍, അസിസ്റ്റന്റ് ഡയറക്ടര്‍ രമേഷ് ശശിധരന് ശുചിത്വ മിഷന് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ജി. സുധാകരന്, ഹരിതകേരളം മിഷന് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ എസ്. ഐസക്ക്, ഫാ. ജെ.ആന്റണി, കൗണ്‍സിലര്‍ ജനറ്റ് ഹണി, വി.കെ. അനിരുദ്ധന്, മധുസൂദനന് തുടങ്ങിയവര്‍ പങ്കെടുത്തു.