ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെ മുഴുവൻ വാർഡുകളിലേയും, ശസ്ത്രക്രിയാ തിയറ്ററിലേയും മാലിന്യങ്ങൾ നഴ്സിംഗ് കോളജിന്റെ പിൻഭാഗത്ത് ഹോസ്റ്റലിന് തൊട്ടടുത്തായി മണ്ണിട്ട് മൂടുന്നത് അവസാനിപ്പിക്കണമെന്ന് വിദ്യാർഥികൾ ആവശ്യപ്പെട്ടു. പച്ച പ്ലാസ്റ്റിക് ബാഗുകളിലാക്കിയ മാലിന്യമാണ് കുഴി പോലും എടുക്കാതെ മൂടുന്നത്.
വിവിധ വാർഡുകളിൽ നിന്ന് സെൻട്രൽ ലാബിന് സമീപമുള്ള ഗോഡൗണിൽ സ്റ്റോക്ക് ചെയ്ത ശേഷം അവിടെ നിന്നും ജീവനക്കാർ മിനിലോറിയിൽ കയറ്റിയാണ് ഇവിടെ കൊണ്ടുവന്ന് തള്ളുന്നത്. ഇപ്പോൾ മാലിന്യ കവർ കൊണ്ടുവന്ന് ലോറിയിൽ നിന്ന് തള്ളിയിട്ട ശേഷം ടിപ്പർ ലോറിയിൽ പൂഴി കൊണ്ടുവന്ന് മാലിന്യക്കൂന്പാരത്തിന് മുകളിലേക്ക് മൂടുകയാണ്.ഇങ്ങനെ മണ്ണിട്ട് മൂടുന്നതുമൂലം ഈ ഭാഗം ചെറിയ ചെറിയ കുന്നുകൾ പോലെ രൂപപ്പെടുകയാണ്.
പ്ലാസ്റ്റിക് മാലിന്യം കുഴിച്ചിടുന്നത് നിരവധി ആരോഗ്യ പ്രശ്നങ്ങൾക്ക് വഴി തെളിക്കുമെന്ന ആശങ്കയുണ്ട്. ലോറിയിൽ കൊണ്ടുവന്ന് തള്ളുന്ന മാലിന്യ കവറുകളിൽ ചിലത് പൊട്ടിപ്പോകുന്നതിനാൽ കവറിന കത്തുള്ള മാലിന്യം കാക്കളും മറ്റ് പക്ഷികളും കൊത്തിവലിച്ച് സമീപത്തെ ഹോസ്റ്റൽ കോന്പൗണ്ടിലും കോളജ് കാന്പസിലും കൊണ്ടിടുന്നതായി പറയുന്നു.
പ്ലാസ്റ്റിക് മാലിന്യം പൊടിച്ച് കളയുന്നതിനുള്ള മെഷീൻ ലോണ്ട്രി വിഭാഗത്തിന് സമീപം തകരാറിലാണ്. ഇതിന്റെ കേടുപാട് പരിഹരിച്ച് പ്ലാസ്റ്റിക് മാലിന്യം പൊടിച്ച് കളയുകയോ ആളൊഴിഞ്ഞ സ്ഥലത്ത് കത്തിച്ച് കളയുകയോ ചെയ്യണമെന്നാണ് ആവശ്യം.