ഒറ്റപ്പാലം: പ്ലാസ്റ്റിക് മാലിന്യം മഹാവിപത്തായി മാറുന്ന സാഹചര്യത്തിൽ ഇതു സംസ്കരിച്ച് പുനരുപയോഗിക്കുന്നതിനു അത്യന്താധുനികരീതി നടപ്പാക്കാൻ ഒറ്റപ്പാലം നഗരസഭയ്ക്ക് പദ്ധതി. ഇത്തരം പ്ലാസ്റ്റിക് മാലിന്യങ്ങൾ പനമണ്ണ ഖരമാലിന്യ സംസ്കരണ പ്ലാന്റിൽ എത്തിച്ച് സംസ്കരിക്കാനും തുടർന്ന് ഇവയെ പുനരുപയോഗത്തിനെടുക്കുന്ന ആധുനിക സംവിധാനവുമാണ് ഒറ്റപ്പാലത്ത് നടപ്പാക്കുന്നത്.
കുപ്പികൾ, ചില്ലുകൾ എന്നിവ വേർതിരിക്കാനും ഈ മാലിന്യങ്ങൾ ശേഖരിക്കുന്നതിനും സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. ഇതോടൊപ്പം വീടുകളിൽനിന്നും പണംവാങ്ങി മാലിന്യങ്ങൾ ശേഖരിക്കുന്നതിനും നഗരസഭ തീരുമാനിച്ചു. അജൈവ മാലിന്യങ്ങൾ ശേഖരിക്കുന്നതിനു മാസത്തിൽ 40 രൂപ വച്ച് വാങ്ങിക്കും. ഓരോ വാർഡുകളിലും മാലിന്യങ്ങൾ ശേഖരിക്കാനെത്തുന്നത് ഹരിതകർമസേനാംഗങ്ങളായിരിക്കും. ഇവർക്കു വേതനം നല്കുന്നതിനാണ് നാല്പതുരൂപ പ്രകാരം ഈടാക്കുന്നത്.
ഡിസംബർമുതൽ പണം ഈടാക്കുന്നതിനാണ് തീരുമാനം. ഒറ്റപ്പാലത്ത് ഒക്ടോബർ 15 മുതൽ ജൈവമാലിന്യങ്ങൾ ശേഖരിക്കുന്നത് നഗരസഭ നിർത്തിയിരുന്നു. ജൈവമാലിന്യങ്ങൾ ഉറവിടത്തിൽ തന്നെ സംസ്കരിക്കണമെന്ന ഉത്തരവിനെ തുടർന്നായിരുന്നു ഈ നടപടി. അജൈവ മാലിന്യങ്ങൾ മാസത്തിൽ രണ്ടുതവണ ഹരിതകർമസേനാംഗങ്ങൾ എത്തി സ്വീകരിക്കുമെന്നും തീരുമാനിച്ചിരുന്നു.
പ്ലാസ്റ്റിക് മാലിന്യം മാസത്തിൽ രണ്ടുതവണയും കുപ്പി, ട്യൂബ്, ബൾബ് എന്നിവ മൂന്നുമാസത്തിലൊരിക്കലും സ്വീകരിക്കാനാണ് തീരുമാനം. ഇക്കാര്യങ്ങൾക്കായി ഹരിതകർമസേനയെ നിയോഗിക്കുകയും ചെയ്തിരുന്നു. ഇതിനായി നഗരസഭയുടെ വാഹനം, വരുന്ന തീയതി, സമയം എന്നിവ ആരോഗ്യവിഭാഗം അധികൃതർ കൗണ്സിലർമാരെയും കർമസേനാംഗങ്ങളെയും മുൻകൂട്ടി അറിയിക്കാനും തീരുമാനിച്ചിരുന്നു.
ഇതിനായി എല്ലാ വീട്ടുകാരും രജിസ്ട്രേഷൻ ഫോറം പൂരിപ്പിച്ചു നല്കണമെന്നും അറിയിച്ചു. മാലിന്യങ്ങൾ നല്കാത്ത വീടുകൾ തങ്ങളുടെ വീട്ടിൽ മാലിന്യം സ്വന്തമായി സംസ്കരിക്കുന്നുണ്ടെന്ന് അപേക്ഷയായി രേഖാമൂലം നല്കണം. വീടുകളിലെ മാലിന്യം ഹരിതസേനാംഗങ്ങൾക്ക് വേർതിരിച്ചുവേണം നല്കാൻ.
ഇതിനു പുറമേ കയറംന്പാറയിൽ സ്ഥാപിച്ചിട്ടുള്ള ഏറോബിക് കന്പോസ്റ്റ് യൂണിറ്റുകളിലും മാലിന്യം സംസ്കരിക്കും. നഗരത്തിന്റെ വിവിധ മേഖലകളിൽ ഇത്തരം യൂണിറ്റുകൾ വേറെയും സ്ഥാപിക്കുന്നതിനു തീരുമാനമുണ്ട്. കാര്യങ്ങൾ ഇത്തരത്തിലാണെങ്കിലും ഒറ്റപ്പാലം നഗരത്തിന്റെ വിവിധമേഖലകളിൽ ഇപ്പോഴും മാലിന്യനിക്ഷേപങ്ങൾ വ്യാപകമാണ്.