ഒറ്റപ്പാലം: പ്ലാസ്റ്റിക്കിന്റെ അതിപ്രസരംമൂലം വലയുന്ന തദ്ദേശ സ്വയംഭരണസ്ഥാപനങ്ങൾക്ക് മാതൃകയാക്കാവുന്ന പ്ലാസ്റ്റിക് സംസ്കരണ യൂണിറ്റ് ഒറ്റപ്പാലത്തു തുടങ്ങി. ഒറ്റപ്പാലം ഖരമാലിന്യ സംസ്കരണ പ്ലാന്റിലാണ് പ്ലാസ്റ്റിക് സംസ്കരണ യൂണിറ്റ് സ്ഥാപിച്ചിട്ടുള്ളത്.
നഗരത്തിൽ കുന്നുകൂടി വരുന്ന പ്ലാസ്റ്റിക് മാലിന്യം സംസ്കരിക്കാൻ അത്യന്താധുനിക സംവിധാനമാണ് ഒറ്റപ്പാലത്ത് ഒരുക്കുന്നത്. സൗത്ത് പനമണ്ണ യിലെ നഗരസഭ ഖരമാലിന്യ സംസ്കരണ പ്ലാൻറ് സ്ഥാപിച്ചിട്ടുള്ള പ്ലാസ്റ്റിക് സംസ്കരിക്കുന്ന ഷെഡിംഗ് യന്ത്രം ഇതിനകംതന്നെ പ്രവർത്തനക്ഷമമായി കഴിഞ്ഞു.
പരീക്ഷണാടിസ്ഥാനത്തിൽ പ്ലാസ്റ്റിക് സംസ്കരിച്ചു യന്ത്രത്തിന്റെ പ്രവർത്തനക്ഷമതയും കാര്യശേഷിയും അധികൃതർ വിലയിരുത്തി. സംസ്കരിക്കുന്നതിനായി മൂന്നു യന്ത്രങ്ങളാണ് പ്ലാന്റിൽ സ്ഥാപിച്ചത്.പ്ലാസ്റ്റിക്കിനെ പൊടിരൂപത്തിലാക്കിയും അടിച്ചുപരത്തിയുമാണ് സംസ്കരിക്കുക. ഇവ റോഡ് ടാർ ചെയ്യുന്നതിനായി പുനരുപയോഗിക്കാവുന്ന നിലയിലാണുള്ളത്.
പത്തുശതമാനം പ്ലാസ്റ്റിക് ആണ് റോഡുപണിക്കായി ടാറിനൊപ്പം ഉപയോഗിക്കാൻ കഴിയുന്നത്.ബാക്കിവരുന്ന സംസ്കരിച്ച മാലിന്യം ഗ്രീൻകേരള കന്പനിക്ക് കൈമാറാനാണ് ധാരണ. സംസ്കരിച്ച മാലിന്യം ഒരു കിലോഗ്രാമിന് 18 രൂപയോളം ലഭ്യമാകുമെന്നാണ് നഗരസഭ കന്പനിയുമായി ഉണ്ടാക്കിയ ധാരണയിലുള്ളത്.
ഗ്രീൻ കേരള കന്പനി അധികൃതർ പനമണ്ണയിൽ എത്തി പ്ലാസ്റ്റിക് സംസ്കരണ യൂണിറ്റ് സന്ദർശിച്ച് പ്രവർത്തനങ്ങൾ വിലയിരുത്തി.കഴിഞ്ഞ രണ്ടുവർഷത്തെ നഗരസഭ ബജറ്റുകളിലായി വകയിരുത്തിയ പത്തുലക്ഷം രൂപ ഉപയോഗിച്ചാണ് പ്ലാസ്റ്റിക് ഷ്രെഡിംഗ് യൂണിറ്റ് നിർമിച്ചത്.
പ്ലാൻറ് ശുചീകരണ തൊഴിലാളികളായ വനിതകൾ തന്നെയാണ് സംസ്കരണ ചുമതലയും നിർവഹിക്കുന്നത്. നിലവിൽ വീടുകളിൽനിന്ന് ശേഖരിക്കുന്ന മാലിന്യം ഖരമാലിന്യ പ്ലാന്റിൽ കുന്നു കൂടി കിടക്കുകയാണ്.ഒറ്റപ്പാലം നഗരസഭ നടപ്പാക്കുന്ന പ്ലാസ്റ്റിക് സംസ്കരണ യൂണിറ്റ് വിജയകരമാണെന്ന് വിലയിരുത്തപ്പെട്ട തോടുകൂടി മറ്റ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കും ഇത് മാതൃകയാക്കാവുന്നതാണ്.
നിലവിൽ ഒറ്റപ്പാലം നഗരസഭയ്ക്ക് പുറമേ ഷൊർണൂർ, പട്ടാന്പി, ചെർപ്പുളശേരി, പാലക്കാട് നഗരസഭകളാണ് പ്ലാസ്റ്റിക് അതിപ്രസരംമൂലം വലയുന്നത്. ഇതിനുപുറമേ വിവിധ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളും പ്ലാസ്റ്റിക് ഉപയോഗം കാരണം കഷ്ടത്തിലാണ്. പ്ലാസ്റ്റിക്കിനെ പുറത്താക്കാനുള്ള ഫലപ്രദമായ പദ്ധതിയാണ് ഒറ്റപ്പാലത്ത് വിജയകരമായി പരീക്ഷിച്ചിട്ടുള്ളത്.