മുംബൈ: നഗ്നനേത്രങ്ങൾക്കുപോലും കാണാൻ കഴിയാത്ത ചെറിയ പ്ലാസ്റ്റിക് കണികകൾ (മൈക്രോ പ്ലാസ്റ്റിക്) വിവിധമാർഗത്തിൽ നമ്മുടെ ശരീരത്തിൽ എത്തുന്നുവെന്ന് പഠനറിപ്പോർട്ട്. ഇവയാകട്ടെ വലിയ ആരോഗ്യപ്രശ്നങ്ങളും സൃഷ്ടിക്കുന്നു.
മൈക്രോ പ്ലാസ്റ്റിക് മനുഷ്യശരീരത്തിലേക്ക് എത്തുന്നതിന്റെ പ്രധാന ഉറവിടങ്ങളിലൊന്ന് വിപണിയിൽനിന്നു വാങ്ങുന്ന പ്ലാസ്റ്റിക് കുപ്പി വെള്ളം ആണ്. ഫിൽട്ടർ ചെയ്ത ടാപ്പ് വെള്ളമോ, സ്റ്റെയിൻലെസ് സ്റ്റീൽ അല്ലെങ്കിൽ ഗ്ലാസ് ഉപയോഗിച്ച് നിർമിച്ച കുപ്പികളിലെ വെള്ളമോ കുടിക്കാൻ ശ്രദ്ധിക്കുക.
ഉപ്പ് ആണ് മറ്റൊന്ന്. വ്യാപകമായ മലിനീകരണം മൂലം ഉപ്പിൽ മൈക്രോപ്ലാസ്റ്റിക് കണങ്ങൾ ധാരാളം ഉൾപ്പെടുന്നു. ഹിമാലയൻ റോക്ക് സാൾട്ട് അല്ലെങ്കിൽ ഭൂഗർഭ സ്രോതസുകളിൽനിന്ന് ഉരുത്തിരിഞ്ഞ മറ്റു തരത്തിലുള്ള ഉപ്പ് വേണം ഉപയോഗിക്കാൻ. പ്ലാസ്റ്റിക് അധിഷ്ഠിത ടീ ബാഗുകൾ (പ്രത്യേകിച്ച് നൈലോൺ അല്ലെങ്കിൽ പോളിസ്റ്റർ എന്നിവകൊണ്ടു നിർമിച്ചവ) ചൂടുവെള്ളത്തിൽ കുതിർന്നാൽ കോടിക്കണക്കിന് മൈക്രോപ്ലാസ്റ്റിക് കണികകൾ പുറത്തുവിടുന്നു.
ടീ ബാഗ് ഉപയോഗിച്ചു തയാറാക്കുന്ന ഒരു ഗ്ലാസ് ചായ കുടിക്കുന്നതിലൂടെ മൈക്രോപ്ലാസ്റ്റിക് വൻ അളവിൽ ഉള്ളിലെത്തുമെന്നു സാരം. ഏറ്റവും സുരക്ഷിതം എന്നു വിശ്വസിക്കുന്ന മുലപ്പാൽവരെ സുരക്ഷിതമല്ലെന്നാണു പഠന റിപ്പോർട്ട്. അമ്മ കഴിക്കുന്ന ഭക്ഷണത്തിൽനിന്നു മൈക്രോ പ്ലാസ്റ്റിക് മുലപ്പാലിലേക്കും കുഞ്ഞിന്റെ ശരീരത്തിലേക്കും പ്രവേശിക്കുന്നു. മനുഷ്യരെ മാത്രമല്ല, മറ്റു ജന്തുക്കളെയും മൈക്രോ പ്ലാസ്റ്റിക് സൃഷ്ടിക്കുന്ന ആരോഗ്യപ്രശ്നങ്ങൾ പിടികൂടും.