പത്തനാപുരം: മലയോര മേഖലയിലെ വിപണികളില്‍ കൃത്രിമ മുട്ട വീണ്ടും വ്യാപകമാകുന്നു. ഭക്ഷ്യയോഗ്യമല്ലാത്ത മുട്ട നിരവധിയാളുകള്‍ക്ക് ലഭിച്ചിട്ടുണ്ട്. പത്തനാപുരം നഗരത്തിലെ വിവിധ വ്യാപാരസ്ഥാപനങ്ങളില്‍ നിന്നുമാണ് കൃത്രിമമുട്ടകള്‍ ലഭിച്ചതായി നാട്ടുകാർ പറയുന്നത്.
ആരോഗ്യത്തിന് ഹാനികരവും ഉപയോഗിക്കാന്‍ കഴിയാത്തതുമാണ് മുട്ടകള്‍. കഴിഞ്ഞ ദിവസം പത്തനാപുരം മഞ്ചളളൂര്‍ ആദംക്കോട്ട് വീട്ടില്‍ പ്രസന്നന് വീട്ടിലേക്ക് വാങ്ങിയ താറാവ് മുട്ടകള്‍ പരിശോധിച്ചപ്പോഴാണ് വ്യാജനാണെന്ന് സംശയം തോന്നിയത്. പാകം ചെയ്യാനായി വച്ചപ്പോള്‍ പ്ലാസ്റ്റിക് പോലെ ഉരുകി കുമിളകളായി രൂപപ്പെടുകയായിരുന്നു. തോടിനുള്ളില്‍ നിന്നും പ്ലാസ്റ്റിക് പോലെ പാട ഇളകി വന്നു.
സാധാരണ താറാവ് മുട്ടകള്‍ക്ക് ഉണ്ടാകുന്ന ഗന്ധവും ഇല്ലായിരുന്നു. സംശയത്തെ തുടര്‍ന്ന് വാങ്ങിയ മുട്ടകള്‍ ഉപയോഗിച്ചില്ല. ഒരു ട്രേയില്‍ നിന്നും വാങ്ങിയ എല്ലാ മുട്ടകളും ഇത്തരത്തില്‍ ആയിരുന്നുവത്രെ. കഴിഞ്ഞ വര്‍ഷം കൃത്രിമ മുട്ടകള്‍ പ്രചരിക്കുന്നതായുള്ള പരാതിയുടെ അടിസ്ഥാനത്തില്‍ ഭക്ഷ്യ സുരക്ഷ വകുപ്പ് മേഖലയില്‍ പരിശോധന നടത്തിയിരുന്നു. മലയോര വിപണിയിലേക്കുള്ള മുട്ടകള്‍ കൂടുതലും എത്തുന്നത് തമിഴ്നാട്ടില്‍ നിന്നുമാണ്. കാണുമ്പോള്‍ സാധാരണ മുട്ട പോലെയാണെങ്കിലും ഉപയോഗിക്കാന്‍ കഴിയില്ല.
ദിവസങ്ങളോളം കേടുവരാതെ ഇവ സൂക്ഷിക്കാന്‍ കഴിയും. അന്യസംസ്ഥാനങ്ങളില്‍ നിന്നുള്ള മൊത്തകച്ചവടകാരില് നിന്നും പൊതുവിപണിയിലെ സാധാരണ വ്യാപാരികളും കബളിപ്പിക്കപ്പെടുകയാണ്.
പ്രദേശത്ത് എത്തുന്ന മുട്ടകള്‍ പരിശോധിക്കാന്‍ ഭക്ഷ്യ സുരക്ഷാ വിഭാഗം അധികൃതര്‍ തയാറാകണമെന്നാണ് പൊതുജനത്തിന്റെ ആവശ്യം.