സ്വന്തം ലേഖകൻ
തൃശൂർ: കേരളപ്പിറവി ദിനത്തിൽ തൃശൂർ കോർപറേഷൻ നടപ്പാക്കിയപ്ലാസ്റ്റിക് നിരോധനം വിജയം കാണുന്നു. എന്തിനും ഏതിനും പ്ലാസ്റ്റിക് കവറുകളെ ആശ്രയിച്ചിരുന്ന തൃശൂർക്കാർ പതിയെപ്പതിയെ ആ ശീലത്തിൽ നിന്നും വഴിമാറുന്ന കാഴ്ചയാണുള്ളത്. കടകളിൽ നിന്നും സാധനങ്ങൾ വാങ്ങുന്പോൾ കിട്ടിയിരുന്ന പ്ലാസ്റ്റിക് കവറുകൾ കിട്ടാതായതോടെ കടകളിൽ പോകുന്പോൾ കൈയിൽ സഞ്ചി കരുതുന്ന ശീലത്തിലേക്ക് തൃശൂർ നഗരവാസികൾ തിരിച്ചെത്തിത്തുടങ്ങിയിരിക്കുന്നു.
പ്ലാസ്റ്റിക് ക്യാരി ബാഗുകൾ സൃഷ്ടിക്കുന്ന ഗുരുതരമായ പരിസ്ഥിതി പ്രശ്നവും കവറുകളിൽ മാലിന്യം നിറച്ച് തള്ളുന്നതുമൊക്കെ ഇല്ലാതാക്കുകയെന്ന ലക്ഷ്യ്ത്തോടെയാണ് തൃശൂർ കോർപറേഷൻ നവംബർ ഒന്നുമുതൽ അന്പത് മൈക്രോണിന് താഴെയുള്ള പ്ലാസ്റ്റിക് നിരോധനം നടപ്പാക്കിയത്. കോർപറേഷൻ അധികൃതരെ പോലും അന്പരപ്പിക്കുന്ന തരത്തിലാണ് പ്ലാസ്റ്റിക് നിരോധനത്തോട് തൃശൂർക്കാർ സഹകരിക്കുന്നത്. ഒരു മാസം തികയുന്പോഴേക്കും പുതിയ ശീലത്തിലേക്ക് തൃശൂർക്കാർ മാറി പൊരുത്തപ്പെട്ടുവെന്നത് കേരളത്തിന് തന്നെ മാതൃകയാകുന്നതാണ്.
നഗരവാസികൾ പറയുന്നു
തുടക്കത്തിൽ ഇത് വലിയ ബുദ്ധിമുട്ടുകൾ നഗരവാസികൾക്കുണ്ടാക്കിയെങ്കിലും പ്ലാസ്റ്റിക് കവർ നിരോധനം കർശനമായി മുന്നോട്ടുപോയതോടെ കൈ യിൽ സഞ്ചി കരുതുന്നത് ഒരു ബുദ്ധിമുട്ടല്ലാതായി. പെട്ടന്ന് കവറുകൾ കിട്ടാതായപ്പോൾ ആകെ പെട്ട പോലെയായി. പിന്നെ പുറത്തിറങ്ങുന്പോൾ ഒരു സഞ്ചി കയ്യിൽ കരുതാൻ തുടങ്ങി. ഇപ്പോൾ അഡ്ജസ്റ്റായി. ഒരു നല്ല കാര്യത്തിനുവേണ്ടിയല്ലേ. ഇത് മുന്നോട്ടു പോകട്ടെ. ഇനി പഴയ പോലെയായാൽ വീണ്ടും ശീലവും മാറും. അങ്ങിനെയുണ്ടാകാതിരിക്കട്ടെ തുണി സഞ്ചിയുമായി ഷോപ്പിംഗിനിറങ്ങിയ നഗരവാസിയായ വീട്ടമ്മ പറഞ്ഞു.
തുണി സഞ്ചി കച്ചവടം പൊടിപൊടിക്കുന്നു
പ്ലാസ്റ്റിക് ക്യാരി ബാഗുകൾ തൃശൂർ കോർപറേഷൻ കർശനമായി നിരോധിച്ചതോടെ തുണിസഞ്ചി കച്ചവടം തൃശൂരിൽ പൊടിപൊടിക്കുന്നു. കടകളിലും മറ്റും സാധനങ്ങൾ വാങ്ങാൻ പോകുന്നവർ ഇപ്പോൾ തുണി സഞ്ചികൾ കൈ യിൽ കരുതുന്നുണ്ട്. ചെറുതും വലുതുമായ തുണിസഞ്ചികൾ വൻതോതിൽ വിറ്റുപോകുന്നുണ്ടെന്ന് തൃശൂരിൽ തുണിസഞ്ചികൾ തയ്ച്ചു നൽകുന്ന എലഗന്റ് എന്ന സ്റ്റിച്ചിംഗ് കടയുടെ ഉടമ അശോകൻ പറഞ്ഞു. പല വലുപ്പത്തിലാണ് തുണി സഞ്ചികൾ തയ്യാറാക്കുന്നത്. രണ്ടു കിലോ മുതൽ പത്തു കിലോ വരെ ഭാരം താങ്ങുന്ന തരത്തിലുള്ള തുണി സഞ്ചികൾ തയ്ക്കുന്നുണ്ട്. പത്തു രൂപ മുതൽക്ക് സഞ്ചികൾക്ക് ഈടാക്കുന്നുണ്ട്.
ബേക്കറിക്കാരും ഫ്രൂട്ട്സ് വിൽപനക്കാരുമെല്ലാം ഇത്തരം ബാഗുകൾക്ക് ആവശ്യക്കാരാണ്. ഇപ്പോൾ ഹോൾസെയിൽ വിൽപനയാണെങ്കിലും വൈകാതെ റീട്ടെയിൽ വിൽപനയും തുടങ്ങുമെന്ന് അശോകൻ പറഞ്ഞു. ഡിസ്പോസബിൾ തുണിസഞ്ചികളാണ് എലഗന്റിൽ നിർമിക്കുന്നത്. ഒന്നോ രണ്ടോ തവണ ഉപയോഗിച്ചു കഴിഞ്ഞാൽ കളയാവുന്ന തുണിസഞ്ചികളാണ് തങ്ങളുണ്ടാക്കുന്നതെന്നും സ്ക്രീൻ പ്രിന്റ് ചെയ്ത തുണി സഞ്ചികളും പ്ലെയിൻ സഞ്ചികളും ലഭ്യമാണെന്നും അശോകൻ പറഞ്ഞു.
പല സൂപ്പർമാർക്കറ്റുകാരും ഷോപ്പിംഗ് മാളുകളിലുള്ളവരും ബൾക്ക് ഓർഡറുകളാണ് തുണിസഞ്ചികൾക്ക് നൽകുന്നത്. സൂപ്പർമാർക്കറ്റുകളിൽ നിന്നും സാധനങ്ങൾ വാങ്ങുന്നവർക്ക് പ്ലാസ്റ്റിക് ക്യാരി ബാഗിനു പകരം ഇത്തരം തുണിസഞ്ചികളിലാണ് ഇപ്പോൾ സാധനങ്ങൾ നൽകുന്നത്. സഞ്ചിക്ക് ഒരു തുകയും ഈടാക്കുന്നുണ്ട്.
പ്ലാസ്റ്റിക് ക്യാരി ബാഗുപോലെ ആളുകൾ ഈ തുണിസഞ്ചികൾ ഉപേക്ഷിക്കുന്നില്ലെന്നതും വീണ്ടും വീണ്ടും ഈ സഞ്ചികൾ ഉപയോഗിക്കുന്നുവെന്നതും പ്ലാസ്റ്റികിന്റെ ഉപയോഗം വളരയധികം കുറയ്ക്കാൻ സഹായിക്കുന്നുണ്ട്.
മേയർക്ക് പറയാനുള്ളത്…
തൃശൂർക്കാരുടെ ഭാഗത്തു നിന്നും വളരെ നല്ല സഹകരണമാണ് പ്ലാസ്റ്റിക് ക്യാരി ബാഗ് നിരോധനത്തിനോടുണ്ടായത്. ഇത് തുടരും.പ്ലാസ്റ്റിക്കിതിരെയുള്ള പോരാട്ടത്തിന് തൃശൂർ കോർപറേഷൻ മാതൃകയാകും. റസിഡൻസ് അസോസിയേഷനുകൾ വീടുവീടാന്തരം കയറിയിറങ്ങി തുണിസഞ്ചികൾ നൽകുന്നുണ്ട്. പ്ലാസ്്റ്റിക് ഉപയോഗിക്കരുതെന്ന് നിർദ്ദേശിക്കുന്നുണ്ട്. വ്യാപാരികളും നല്ല രീതിയിൽ
സഹകരിക്കുന്നുണ്ട്. അടുത്ത ജനുവരിയോടെ നിരോധനം പൂർണമായും നടപ്പാക്കാനാകും. കടകളിൽ ഞാനും ഡെപ്യൂട്ടി മേയറും നേരിട്ടെത്തി പരിശോധന നടത്തി ബോധവത്കരണം നടത്തുന്നുണ്ട്. സ്കൂളുകളും വായനശാലകളും സന്നദ്ധ സംഘടനകളുമെല്ലാം അന്പതു മൈക്രോണിന് താഴെയുള്ള ്പ്ലാസ്റ്റിക് നിരോധനത്തെ ഏറ്റെടുത്ത് വിജയിപ്പിച്ചുകൊണ്ടിരിക്കുകയാണ്.
തൊഴിൽ നൽകുന്ന നിരോധനം
പ്ലാസ്റ്റിക് ക്യാരി ബാഗുകൾ നിരോധിച്ചത് വൻ തൊഴിൽ സാധ്യതയാണ് തുറന്നിട്ടിരിക്കുന്നത്. തുണി സഞ്ചികൾക്ക് ആവശ്യക്കാർ കൂ ടിയതോടെ തുണി സഞ്ചി തയ്ച്ചു നൽകുന്ന കച്ചവടം തകൃതിയായി. ഇത് വലിയ തൊഴിൽസാധ്യതയിലേക്കാണ് എത്തിയിരിക്കുന്നത്. ഡിമാന്റിന് അനുസരിച്ച് തുണിസഞ്ചി എത്തിച്ചുകൊടുക്കാനായി പല പുതിയ യൂണിറ്റുകളും ആരംഭിച്ചിട്ടുണ്ട്.
ജില്ലയിലെ പഞ്ചായത്തുകളിൽ തുണി സഞ്ചി നിർമാണ യൂണിറ്റുകൾ ആരംഭിച്ചു കഴിഞ്ഞു. ഒരു പഞ്ചായത്തിൽ 20 മുതൽ 25 സ്ത്രീകൾക്ക് വരെ തൊഴിൽ കിട്ടുന്ന സംരംഭമായി തുണിസഞ്ചി നിർമാണം മാറുന്നു.
തൃശൂർ കോർപറേഷൻ കുടുംബശ്രീ യൂണിറ്റുകൾക്ക് ദേശീയ ഉപജീവന മിഷൻ മുഖേന വായ്പ തരപ്പെടുത്തി തുണിസഞ്ചി നിർമാണ യൂണിറ്റുകൾ കോർപറേഷന്റെ എല്ലാ ഡിവിഷനുകളിലും ആരംഭിക്കാൻ പദ്ധതി ആവിഷ്കരിക്കുന്നുണ്ട്.