കോട്ടയം: നാളെ മുതൽ ഒറ്റത്തവണ മാത്രം ഉപയോഗിക്കുന്ന പ്ലാസ്റ്റിക് വസ്തുക്കളുടെ ഉപയോഗം നിരോധിച്ചുകൊണ്ടുള്ള സംസ്ഥാന സർക്കാരിന്റെ ഉത്തരവ് കർശനമായി നടപ്പാക്കാൻ ജില്ലാ ഭരണകൂടം മുന്നൊരുക്കങ്ങൾ തുടങ്ങി. ഈ വിഭാഗത്തിൽപെടുന്ന പ്ലാസ്റ്റിക് വസ്തുക്കളുടെ നിർമാണവും വിൽപ്പനയും ഇവ സൂക്ഷിക്കുന്നതും കൊണ്ടു നടക്കുന്നതും നിരോധിച്ചിട്ടുണ്ട്. 30, 31 തീയതികളിൽ ജില്ലയിലെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും ജനപ്രതിനിധികൾ, വ്യാപാരി വ്യവസായികൾ, സ്ഥാപനങ്ങളുടെ പ്രതിനിധികൾ തുടങ്ങിയവരുടെ യോഗം സംഘടിപ്പിക്കും.
പ്ലാസ്റ്റിക് നിരോധനം വിജയകരമായി നടപ്പാക്കുന്നതിന് ഇവരുടെ പിന്തുണ ഉറപ്പാക്കും.എല്ലാ സ്ഥാപനങ്ങളിലും നിലവിലുള്ള പ്ലാസ്റ്റിക് വസ്തുക്കളുടെ സ്റ്റോക്ക് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ ആരോഗ്യവകുപ്പിലെ ഹെൽത്ത് ഇൻസ്പെക്്ടർമാരുടെ സഹകരണത്തോടെ പരിശോധിക്കും. പൊതുജനങ്ങളെ ബോധവത്കരിക്കുന്നതിന്റെ ഭാഗമായി ഹരിതകർമ്മ സേനാംഗങ്ങളും സ്കൂൾ വിദ്യാർഥികളും മുഖേന എല്ലാ വീടുകളിലും ലഘുലേഖകൾ എത്തിക്കും.
10,000 രൂപ മുതൽ പിഴ
നിരോധിച്ച പ്ലാസ്റ്റിക് ഉത്പന്നങ്ങൾ വിൽപന നടത്തിയാൽ ആദ്യ തവണ 10,000 രൂപയാണ് പിഴയീടാക്കുന്നത്. രണ്ടാം തവണ 25,000 രൂപയും മൂന്നാം തവണ 50,000 രൂപയും പിഴ ഈടാക്കുകയും സ്ഥാപനത്തിന്റെ ലൈസൻസ് റദ്ദാക്കുകയും ചെയ്യും. കളക്ടർ മുതൽ താഴോട്ടുള്ള റവന്യു ഉദ്യോഗസ്ഥർക്കും മലിനീകരണ നിയന്ത്രണ ബോർഡ് അധികൃതർ, തദ്ദേശ സ്വയം ഭരണ സ്ഥാപന സെക്രട്ടറിമാർ തുടങ്ങിയവർക്കും കേസ് എടുത്ത്്് പിഴ ചുമത്താം.
നിരോധനം ബാധകമായ വസ്തുക്കൾ
* പ്ലാസ്റ്റിക് ക്യാരി ബാഗുകൾ
* ടേബിളിൽ വിരിക്കുന്ന പ്ലാസ്റ്റിക് ഷീറ്റുകൾ
* തെർമോക്കോൾ, സ്റ്റൈറോഫോം എന്നിവ കൊണ്ടുള്ള പ്ലേറ്റുകൾ, കപ്പുകൾ, അലങ്കാര വസ്തുക്കൾ
* ഒറ്റത്തവണ ഉപയോഗമുള്ള പ്ലാസ്റ്റിക് കപ്പുകൾ, പ്ലേറ്റുകൾ, സ്പൂണുകൾ, ഫോർക്കുകൾ, സ്ട്രോകൾ, ഡിഷുകൾ, സ്റ്റിക്കറുകൾ.
* പ്ലാസ്റ്റിക് കോട്ടിംഗ് ഉള്ള പേപ്പർ കപ്പുകൾ, പ്ലേറ്റുകൾ, പേപ്പർ ബൗളുകൾ, പേപ്പർ ബാഗുകൾ
* നോണ്‍ വൂവണ്‍ ബാഗുകൾ, പ്ലാസ്റ്റിക് പതാകകൾ, പ്ലാസ്റ്റിക് ബണ്ടിംഗ്
* പ്ലാസ്റ്റിക് വാട്ടർ പൗച്ചസ്, ബ്രാൻഡ് അല്ലാത്ത പ്ലാസ്റ്റിക് ജ്യൂസ് പാക്കറ്റുകൾ, കുടിവെള്ള ബോട്ടിലുകൾ(500 മില്ലിലിറ്ററിനു താഴെ)
* ഗാർബേജ് ബാഗുകൾ,
* പ്ലാസ്റ്റിക് പായ്ക്കറ്റുകൾ
* പിവിസി ഫ്ളക്സ് മെറ്റീരിയലുകൾ