സ്വന്തം ലേഖകൻ
തൃശൂർ: സംസ്ഥാനത്ത് പ്ലാസ്റ്റിക് നിരോധനം നടപ്പാക്കുന്നതിന് രണ്ടു മാസം മുന്‍പേ തൃശൂർ കോർപറഷേൻ പ്ലാസ്റ്റിക് നിരോധനം നടപ്പാക്കിയെങ്കിലും ജില്ലയിൽ പലഭാഗത്തും പ്ലാസ്റ്റിക് നിരോധനത്തിന്റെ കണ്ഫ്യൂഷൻ തുടരുകയാണ്. ഏതെല്ലാം പ്ലാസ്റ്റിക് ഉത്പന്നങ്ങൾ ഉപയോഗിക്കാം ഏതെല്ലാം പാടില്ല എന്ന കാര്യത്തിൽ പലർക്കും ആശയക്കുഴപ്പങ്ങളുണ്ട്.
പൊതുവെ പ്ലാസ്റ്റിക്കിനെ പടികടത്തുന്നതിൽ എല്ലാവർക്കും ഒരേ അഭിപ്രായമാണ്. എന്നാൽ ഒറ്റയടിക്ക് നിരോധനം ഏർപ്പെടുത്തരുതെന്നും ഘട്ടം ഘട്ടമായി വേണമെന്നും അഭിപ്രായം പരക്കെയുണ്ട്.
പൊതുജനങ്ങളും കച്ചവടക്കാരും ഇതേ ആവശ്യമാണ് ഉന്നയിക്കുന്നത്.പ്ലാസ്റ്റിക് കവറുകൾക്ക പകരം തുണിസഞ്ചികൾ മിക്കയിടത്തും വ്യാപകമായി ഉപയോഗിച്ചു തുടങ്ങിയിട്ടുണ്ട്. തുണിസഞ്ചികൾ നിർമിക്കുന്ന വിവിധ യൂണിറ്റുകൾ ജില്ലയിലെന്പാടും ആരംഭിച്ചിട്ടുണ്ട്. തുണിസഞ്ചി നിർമാണപരിശീലനവും ആരംഭിച്ചിട്ടുണ്ട്.
ബോധവത്കരണം വ്യാപകമായി നടത്തുന്നത് തുടരും.
കണ്ഫ്യൂഷൻ തീർക്കണമേ….
ഏതെല്ലാം പ്ലാസ്റ്റിക് ഉപയോഗിക്കാം എന്നതാണ് ആളുകൾക്ക് അറിയേണ്ടത്. മൈക്രോണ്‍ കണക്കുകൾ പറയുന്പോൾ അത് പിടികിട്ടാതെ ജനം വലയുന്നുണ്ട്. പ്ലാസ്റ്റിക് കാരി ബാഗുകൾ, തെർമോകോൾ കൊണ്ടുള്ള അലങ്കാരങ്ങൾ, കൊടിതോരണങ്ങൾ, പ്ലാസ്റ്റിക് ജ്യൂസ് പാക്കറ്റുകൾ, ഉപയോഗിച്ച് വലിച്ചെറിയുന്ന പ്ലാസ്റ്റിക് കപ്പുകളും പ്ലേറ്റുകളും സ്പൂണുകളും, സ്ട്രോകൾ, അരലിറ്ററിന് താഴെയുള്ള കുപ്പികൾ, പ്ലാസ്റ്റിക് കോട്ടിംഗുള്ള പേപ്പർ പ്ലേറ്റുകൾ, ഗ്ലാസുകൾ, സഞ്ചി എന്നിവയ്ക്കെല്ലാം നിരോധനമുണ്ട്. ഇവയെല്ലാം ഒറ്റയടിക്ക് നിരോധിക്കുക എളുപ്പമല്ലെന്ന് പലരും ചൂണ്ടിക്കാട്ടുന്നു
ബദലുകൾക്ക് ഡിമാന്റ് കൂടുന്നു
ഹോട്ടലുകളിൽ പലയിടത്തും പാഴ്സലുകൾക്കായി വാഴയിലയെ ആശ്രയിക്കുന്ന രീതി വ്യാപകമാകുന്നുണ്ട്. മണ്കപ്പുകൾക്കും ഡിമാന്റ് കൂടി. കാറ്ററിംഗ് സർവീസുകാർ പ്ലാസ്റ്റിക് – കടലാസ് ഗ്ലാസുകൾക്ക് പകരം സ്റ്റീൽ ഗ്ലാസുകൾ ഉപയോഗിച്ചു തുടങ്ങി.
തൃശൂർ നഗരത്തിലും പരിസരത്തും കാലങ്ങളായി മണ്‍പാത്രങ്ങൾ വിൽപന നടത്തുന്നവരോട് മണ്‍കപ്പുകളും ഗ്ലാസുകളും തേടി എത്തുന്നവരുടെ എണ്ണം കൂടിയിട്ടുണ്ട്.തുണിസഞ്ചികൾക്ക് തന്നെയാണ് ഡിമാന്റ് കൂടിയിരിക്കുന്നത്. ഡിമാന്റിന് അനുസരിച്ച് ബദൽ ഉത്പന്നങ്ങളുടെ വിതരണം നടക്കുന്നില്ലെന്നതാണ് പ്രശ്നമായി ചൂണ്ടിക്കാട്ടുന്നത്.
ഓണ്‍ലൈൻ ഭക്ഷ്യവിതരണക്കാർ പറയുന്നു…
ഹോട്ടലുകളിൽ നിന്നും പാഴ്സലുകൾ കടലാസ് കവറുകളിലാക്കി തരുന്നത് വീടുകളിലും മറ്റും എത്തിക്കുന്പോഴേക്കും കവറുകൾ നനഞ്ഞു കുതിരുന്നതായി പരാതികളുണ്ട്. എന്നാൽ ആളുകൾ കാര്യം മനസിലാക്കുന്നതുകൊണ്ട് അധികം പ്രശ്നങ്ങളില്ല.
വെള്ളം കുടിച്ചാൽ കുപ്പി എന്തു ചെയ്യണം…?
കുടിവെള്ളം കുപ്പിയിൽ വിൽക്കുന്നവർ കുപ്പി തിരിച്ചെടുക്കണമെന്ന നിർദ്ദേശം എളുപ്പത്തിൽ നടപ്പാക്കാൻ കഴിയുന്നതല്ലെന്ന് ജനങ്ങൾ പറയുന്നു. കുപ്പികൾ വീടുകളിൽ ഭൂരിഭാഗം പേരും വെള്ളം ശേഖരിച്ചുവെക്കാൻ ഉപയോഗപ്പെടുത്തുന്നുണ്ട്. പലരും യാത്രക്കിടയിൽ വാങ്ങുന്ന കുപ്പിവെള്ളം കുടിച്ച് കുപ്പി ഉപേക്ഷിക്കുകയാണ് പതിവ്. പ്ലാസ്റ്റിക് കുപ്പിയുടെ കാര്യത്തിൽ എന്തുവേണമെന്ന കാര്യം അധികൃതർ ആലോചിച്ചു വരികയാണ്.
നിരോധിത പ്ലാസ്റ്റിക്കുകൾ ശേഖരിക്കാൻ സംവിധാനം വേണം
സംസ്ഥാനത്ത് നിരോധിച്ച പ്ലാസ്റ്റിക് ഉത്പന്നങ്ങൾ ശേഖരിക്കാൻ ജില്ലയിലെന്പാടും സംവിധാനം വേണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്. പലയിടത്തായി ബിന്നുകളോ വലിയ കുട്ടകളോ സ്ഥാപിച്ച് ഉപേക്ഷിക്കേണ്ട പ്ലാസ്റ്റിക് കവറുകളും മറ്റും അതിൽ നിക്ഷേപിക്കാൻ നിർദ്ദേശം നൽകണമെന്നാണ് ആവശ്യം. കൈവശമുള്ള നിരോധിത പ്ലാസ്റ്റിക്കുകൾ എന്തു ചെയ്യണമെന്ന ആശങ്ക പരക്കെയുണ്ട്.
നിരോധിച്ച നോട്ടുകൾ മാറ്റിയെടുക്കാൻ സമയവും സാവകാശവും സൗകര്യവും ചെയ്തുകൊടുത്ത പോലെ നിരോധിച്ച പ്ലാസ്റ്റിക് ഉത്പന്നങ്ങൾ ഉപേക്ഷിക്കാൻ സമയവും സാവകാശവും അതിനുള്ള സൗകര്യവും ചെയ്തു കൊടുക്കണമെന്ന് തൃശൂരിലെ കച്ചവടക്കാരൻ പറഞ്ഞു.
ആരോഗ്യസ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ്‍ എം.എൽ.റോസി പറയുന്നു
നിരോധിച്ച പ്ലാസ്റ്റിക്കിനെതിരെയുള്ള പരിശോധനകളും ബോധവത്കരണങ്ങളും വ്യാപകമാക്കും. പെട്ടന്ന് നടപ്പാക്കാൻ കഴിയുന്നത് പെട്ടന്നും ഘട്ടം ഘട്ടമായി നടപ്പാക്കേണ്ടത് അങ്ങിനെയും നടപ്പാക്കും. പ്ലാസ്റ്റിക്കുകൾ ശേഖരിക്കാൻ സ്ഥാപിച്ച ബിന്നുകളിൽ നാറുന്ന വേസ്റ്റുകൾ ആളുകൾ കൊണ്ടുവന്നിട്ട സംഭവങ്ങളുണ്ടായി. അതോടെ അത് വേണ്ടെന്ന് വെച്ചു. ആളുകളുടെ സഹകരണമാണ് പ്ലാസ്റ്റിക് നിരോധനത്തിന് പ്രധാനമായും വേണ്ടത്. കണ്‍ഫ്യൂഷനുള്ള കാര്യങ്ങളിൽ ആലോചിച്ച് തീരുമാനമെടുക്കും.
ഒരു നല്ല ശീലത്തിനായി എല്ലാ പിന്തുണയും ജനങ്ങളുടെ ഭാഗത്തു നിന്നുണ്ട്. ശിക്ഷിച്ചും പീഡിപ്പിച്ചും ആ നല്ല ശീലം അടിച്ചേൽപ്പിക്കരുതെന്നാണ് ഏവരും ഓർമിപ്പിക്കുന്നത്.