കോട്ടയം: ജനുവരി ഒന്നുമുതൽ പ്ലാസ്റ്റിക് നിരോധനം നടപ്പാക്കുന്പോൾ ലക്ഷക്കണക്കിനു വ്യാപാരികളെ ദോഷകരമായി ബാധിക്കുമെന്നും അവർ കടക്കെണിയിലേക്കും ആത്മഹത്യയിലേക്കും നയിക്കപ്പെടുമെന്നും അതിനാൽ പ്ലാസ്റ്റിക് നിരോധനത്തിന് സാവകാശം അനുവദിക്കണമെന്നും കേരള വ്യാപാരി-വ്യവസായി ഏകോപനസമിതി സംസ്ഥാന വൈസ്പ്രസിഡന്റും കോട്ടയം ജില്ലാ പ്രസിഡന്റുമായ എം.കെ.തോമസ്കുട്ടി.
പ്ലാസ്റ്റിക് ഉത്പന്നങ്ങളും കവർ, പാത്രങ്ങൾ, കുപ്പികൾ എന്നിവയുടെ ഉത്പാദനവും വിതരണവുമാണ് നിരോധിച്ചിരിക്കുന്നത് ഈ മേഖലയിലുള്ളവരുടെ പക്കൽ കോടിക്കണക്കിനു രൂപയുടെ സ്റ്റോക്കാണുള്ളത്. സ്റ്റോക്ക് വിറ്റഴിക്കാൻ അനുവദിച്ചിട്ടുള്ള സമയപരിധി അപര്യാപ്തമാണ്. ഉത്പന്നങ്ങൾ വിറ്റഴിക്കാൻ കൂടുതൽ സമയം അനുവദിച്ചില്ലെങ്കിൽ വ്യാപാരമേഖലയുടെ വൻ തകർച്ചയ്ക്കു കാരണമാകുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ഉപഭോക്തൃ സംസ്ഥാനമായി കേരളത്തിൽ അന്യസംസ്ഥാനങ്ങളിൽനിന്നു കൊണ്ടുവരുന്ന സാധനങ്ങൾക്ക് കേരളത്തിനു മാത്രമായി നിരോധനം ഏർപ്പെടുത്തുന്നത് അപ്രായോഗികമാണ്. നിരോധനം നടപ്പാക്കുന്പോഴും മിൽമ, കേരള വാട്ടർ അഥോറിറ്റി, ബിവറേജസ് കോർപറേഷൻ എന്നീ വിഭാഗങ്ങൾക്കും ആരോഗ്യമേഖലയടക്കമുള്ള ചില മേഖലകളെയും നിരോധനത്തിൽനിന്ന് ഒഴിവാക്കിയിരിക്കുകയാണ്.
ദിവസേന 25 ലക്ഷത്തിലധികം വരുന്ന പ്ലാസ്റ്റിക് കവറുകളിലാണ് മിൽമാപാലും പാലുത്പന്നങ്ങളും വിതരണം ചെയ്യുന്നത്. പ്ലാസ്റ്റിക് നിരോധനം നടപ്പാക്കാൻ രണ്ടുവർഷമെങ്കിലും വേണ്ടിവരുമെന്നാണു മിൽമയുടെ കണക്കുകൂട്ടൽ.
അതിനാൽ ജനുവരി ഒന്നുമുതൽ സംസ്ഥാനത്ത് പ്ലാസ്റ്റിക് നിരോധിക്കാനുള്ള മന്ത്രിസഭാ തീരുമാനം നീട്ടിവച്ച് വ്യാപാരികളുടെ കൈവശമുള്ള സ്റ്റോക്ക് വിറ്റഴിക്കാനുള്ള സമയം അനുവദിക്കണമെന്ന് തോമസ്കുട്ടി ആവശ്യപ്പെട്ടു.