കോതമംഗലം: പെട്രോളിനു 100 രൂപ വിലയായാലും ഇനി വിഷമിക്കേണ്ട. പെട്രോൾ ഇല്ലാതെ ബൈക്കോടിക്കാവുന്ന വിദ്യയുമായി യുവഎൻജിനിയർ താരമാകുന്നു. ആർക്കും വേണ്ടാത്ത പ്ലാസ്റ്റിക് മാലിന്യത്തിൽനിന്നു നിർമിച്ച ഇന്ധനം ഉപയോഗിച്ചാണ് കോതമംഗലത്തുകാരൻ എൻജിനിയർ ബൈക്കോടിച്ച് എല്ലാവരെയും അഭ്ഭുതപ്പെടുത്തിയത്.
കോട്ടപ്പടി വടാശേരി ചെങ്ങനാമീത്തിൽ സുരാജാണ് പ്ലാസ്റ്റിക് മാലിന്യത്തിൽനിന്നു പ്രൊസസ് ചെയ്തെടുത്ത ഇന്ധനം സ്വന്തം വാഹനത്തിൽ ഒഴിച്ചു ഓടിച്ച് പരീക്ഷണം നടത്തി വിജയിച്ചത്. ഇന്ധനത്തിന് എന്ത് മൈലേജ് കിട്ടുമെന്നോ, ഏത് പേരിൽ വിളിക്കണമെന്നോ പറയാറായിട്ടില്ലെന്നും സുരാജ് പറഞ്ഞു.
കണ്ടെത്തിയ ഇന്ധനം തരം തിരിച്ചെടുക്കുന്നതിനായി പുതിയ പരിക്ഷണങ്ങളുമായി മുന്നേറുന്നു. പ്ലാസ്റ്റിക് ഒരു പ്രത്രേക ഊഷ്മാവിൽ ചൂടാക്കുന്പോൾ ഉണ്ടാകുന്ന വാതകത്തെ തണുപ്പിച്ചെടുത്ത് ദ്രവരൂപത്തിലാക്കിയാണ് ഇന്ധനമാക്കി മാറ്റിയത്. ഇലക്ട്രോണിക്സിൽ എൻജിനിയറിംഗ് ബിരുദവും മെക്കാനിക്കലിൽ ഡിപ്ലോമയുമുള്ള സുരാജ് തനിക്ക് പലപ്പോഴായി ലഭിച്ച അറിവുകൾ സംയോജിപ്പ് നാടിനു മുതൽക്കൂട്ടാകുന്ന കണ്ടുപിടുത്തമാണ് നടത്തിയിരിക്കുത്.
പെട്രോളിനും ഡീസലിനും വില ഉയരുന്ന സാഹചര്യത്തിൽ സമാനമായി ഉപയോഗിക്കാവുന്ന ചെലവ് കുറഞ്ഞ ഇന്ധനമാണ് വികസിപ്പിച്ചെടുത്തിരിക്കുത്. വാഹനങ്ങളിലോ മറ്റു യന്ത്രങ്ങളിലോ ഇന്ധനമായി ഇത് ഉപയോഗിക്കാനാകും. ഉപയോഗശൂന്യമായ പ്ലാസ്റ്റിക് മാലിന്യത്തിൽനിന്നുമാണ് ഇന്ധനം വേർതിരിച്ചെടുക്കുന്നത് എന്നതാണ് വലിയ സവിശേഷത. പിതാവ് രാജന്റെ കോട്ടപ്പടിയിലുള്ള വർക്ക് ഷോപ്പാണ് സുരാജിന്റെ പരീക്ഷണശാല.
തന്റെ മനോഹിതം അനുസരിച്ചുള്ള ഉപകരണം രൂപപ്പെടുത്താൻ രാജന്റെ സഹായവും ലഭിച്ചു. ഇതുവരെയുള്ള പരീക്ഷണങ്ങൾ വിജയമായിരുന്നു. പുതിയ ഇന്ധനം ഉപയോഗിച്ച് ഇരുചക്രവാഹനം ഓടിക്കാമെന്ന് സുരാജ് തെളിയിച്ചു. പരീക്ഷണം അവസാനിപ്പിച്ചിട്ടില്ല. കൂടുതൽ ക്ഷമതയുള്ള ഇന്ധനം സൃഷ്ടിച്ചെടുക്കാൻ കഴിയുമോയെന്നാണ് സുരാജിന്റെ ചിന്ത.