പരിയാരം: വാഹനാപകടത്തിനിടയാക്കുന്ന പരിയാരം സെന്‍ട്രലിലെ അപകടവളവില്‍ ദേശീയപാത അധികൃതരുടെ പ്ലാസ്റ്റിക് ഷീറ്റ് പ്രതിരോധം. കഴിഞ്ഞമാസം 12ന് ഈ വളവില്‍ നിന്നും തോട്ടിലേക്കു സ്വകാര്യബസ് മറിഞ്ഞ് 26 പേര്‍ക്കു പരിക്കേറ്റിരുന്നു.
നേരത്തേയും നിരവധി വാഹനാപകടങ്ങള്‍ നടന്ന ഇവിടെ മുന്നറിയിപ്പു ബോര്‍ഡുകളും ക്രാഷ്ബാരിയറും സ്ഥാപിക്കണമെന്നു രണ്ടുവര്‍ഷമായി നാട്ടുകാര്‍ ആവശ്യപ്പെട്ടുവരുന്നതിനിടെയായിരുന്നു ബസപകടം നടന്നത്. എന്നാല്‍ ഏറെ പഴി കേള്‍ക്കേണ്ടി വന്നിട്ടും ദേശീയപാത അധികൃതര്‍ ഒന്നും ചെയ്തില്ല. രണ്ടുവര്‍ഷം മുമ്പ് പോത്തുകളുമായി വരികയായിരുന്ന ലോറി മറിഞ്ഞ് ഒന്‍പതു പോത്തുകളാണ് ഈ വളവില്‍ മരിച്ചത്.
അതിനുശേഷം സുരക്ഷാഭിത്തി നിര്‍മിക്കണമെന്ന് നാട്ടുകാര്‍ ദേശീയപാത വിഭാഗത്തോടു നിരന്തരമായി ആവശ്യപ്പെട്ടുവരികയായിരുന്നു. കോരന്‍പീടിക കഴിഞ്ഞാല്‍ പരിയാരം സെന്‍ട്രലില്‍ എത്തുന്നതിന് മുമ്പായിട്ടാണു കൊട്ടിയൂര്‍ നന്മഠം ക്ഷേത്രത്തിനു മുന്നിലായി കൊടുംവളവുള്ളത്. അപകടം നടന്ന തോടും റോഡുമായി ഒരുമീറ്റര്‍ അകലം മാത്രമാണുള്ളത്.
റോഡ് പരിചയമില്ലാത്തവര്‍ അപകടത്തില്‍ പെടാനുള്ള എല്ലാ സാധ്യതകളുമുണ്ട്. എന്നാല്‍ പേരിനൊരു മുന്നറിയിപ്പു ബോര്‍ഡുപോലും ബന്ധപ്പെട്ടവര്‍ ഇവിടെ സ്ഥാപിച്ചിട്ടില്ല. പരാതികള്‍ രൂക്ഷമായതിനെ തുടര്‍ന്നാണു കഴിഞ്ഞദിവസം ഇവിടെ പ്ലാസ്റ്റിക് ഷീറ്റുകള്‍ വലിച്ചുകെട്ടി അധികൃതര്‍ പ്രതിരോധം തീര്‍ത്തിരിക്കുന്നത്.
ഏമ്പേറ്റ് മുതല്‍ പുതിയതെരു വരെയുള്ള ഭാഗത്ത് സുരക്ഷാഭിത്തികളും ക്രാഷ് ബാരിയറും സ്ഥാപിക്കാന്‍ നേരത്തെ എസ്റ്റിമേറ്റ് സമര്‍പ്പിച്ചിരുന്നുവെങ്കിലും പുതിയ നാലുവരിപാത വരുന്നതിനാല്‍ അംഗീകരിക്കപ്പെട്ടിട്ടില്ലെന്നാണു ദേശീയപാത അധികൃതര്‍ പറയുന്നത്.
നാലുവരിപ്പാത വരുന്നുവെന്ന പേരില്‍ ഉത്തരവാദിത്വം മറക്കുന്ന ദേശീയപാത അധികൃതര്‍ക്കെതിരെ പ്രതിഷേധം ശക്തമാണ്. ശബരിമല സീസണ് അരംഭിക്കാനിരിക്കെ അടിയന്തിരമായി ഇവിടെ ക്രാഷ്ബാരിയര്‍ നിര്‍മിക്കണമെന്നാണു നാട്ടുകാരുടെ ആവശ്യം.