കൊച്ചി: ഏകപക്ഷീയമായി നിരോധനം ഏര്‍പ്പെടുത്തി പ്ലാസ്റ്റിക് വ്യവസായത്തെ പ്രതിസന്ധിയിലാക്കിയ സര്‍ക്കാര്‍ നടപടിക്കെതിരേ നിര്‍മാതാക്കള്‍ പ്രക്ഷോഭത്തിലേക്ക്.വേണ്ടത്ര മുന്നൊരുക്കമില്ലാതെയും ബന്ധപ്പെട്ടവരുമായി ചര്‍ച്ചകള്‍ നടത്താതെയും ഏകപക്ഷീയമായാണ് സര്‍ക്കാര്‍ പ്ലാസ്റ്റിക് നിരോധനം ഏര്‍പ്പെടുത്തിയത്. ഇതിനെതിരേ ഒമ്പതിന് നിക്ഷേപകസംഗമം നടക്കുന്ന കൊച്ചി ബോള്‍ഗാട്ടി പാലസിനു സമീപം സത്യഗ്രഹം നടത്തുമെന്ന് കേരള പ്ലാസ്റ്റിക് മാനുഫാക്ചറേഴ്സ് അസോസിയേഷന് പ്രസിഡന്റ് ബാലകൃഷ്ണഭട്ട് അറിയിച്ചു.
മുന്നൊരുക്കം നടത്തിയെന്ന സര്‍ക്കാര്‍ വാദം തെറ്റാണ്. നിരോധനം നടപ്പാക്കേണ്ട മലിനീകരണ നിയന്ത്രണ ബോര്‍ഡ്, തദേശ സ്ഥാപനങ്ങള്‍ എന്നിവയുമായി ചര്‍ച്ചകള്‍ നടത്തിയിട്ടില്ല. വര്‍ഷങ്ങളായി പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ നിര്‍മിക്കുന്ന വ്യവസായികളുമായും ചര്‍ച്ച നടത്തിയില്ല. പകരം ഏകപക്ഷീയമായി നിരോധനം അടിച്ചേല്‍പ്പിക്കുകയാണ്. ഒരു മാസം മുമ്പാണ് നിരോധനം പ്രഖ്യാപിച്ചത്. 1200 കോടി രൂപയുടെ ഉത്പന്നങ്ങള്‍ നിര്‍മാതാക്കളുടെയും കച്ചവടക്കാരുടെയും പക്കലുണ്ട്.
ഇവ വിറ്റഴിയ്ക്കാന്‍ ആറു മാസം പോലും സര്‍ക്കാര്‍ അനുവദിച്ചില്ല. എന്നാല്‍ തമിഴ്നാട് പോലുള്ള സംസ്ഥാനങ്ങള്‍ ഉത്പാദകര്‍ക്ക് ആറുമാസത്തിലധികം സമയം നല്കിയിട്ടാണ് പ്രഖ്യാപനം നടത്തിയത്. സംസ്ഥാനത്തെ 1300ഓളം പ്ലാസ്റ്റിക് വ്യവസായങ്ങളുണ്ട്. മൂവായിരം കോടി രൂപ വിറ്റുവരവുള്ള വ്യവസായങ്ങള്‍ 540 കോടി രൂപ നികുതി അടയ്ക്കുന്നുണ്ട്. നേരിട്ട് 35,000 പേരും പരോക്ഷമായി 60,000 പേരും ജോലി ചെയ്യുന്നുണ്ട്.
പ്ലാസ്റ്റിക് കവറുകളില്‍ ഉത്പന്നങ്ങള്‍ പായ്ക്കുചെയ്തു നല്കുന്ന കുടില്‍ വ്യവസായങ്ങളും നിരോധനം നടപ്പാക്കിയാല്‍ തകരും. പ്ലാസ്റ്റിക്കിനു പകരം നിര്‍ദേശിക്കപ്പെട്ട ഇലകള്‍ പോലുള്ളവ സുലഭമല്ല. കമ്പോസ്റ്റ് ചെയ്യാവുന്ന പ്ലാസ്റ്റിക് ഉത്പാദിപ്പിക്കുന്ന ഏതാനും യൂണിറ്റുകളേ സംസ്ഥാനത്തുള്ളൂവെന്നും അദേഹം പറഞ്ഞു. ഒരു തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് വസ്തുക്കള്‍ സംസ്കരിക്കാന്‍ ശാസ്ത്രീയവും ഫലപ്രദവുമായ മാര്‍ഗങ്ങളുണ്ട്. പ്ലാസ്റ്റിക് സംസ്കരിക്കുകയും ടാറിംഗിന് ഉപയോഗിക്കുകയും ചെയ്താല്‍ മാലിന്യം ഇല്ലാതാക്കാം.
പ്ലാസ്റ്റിക് വലിച്ചെറിയുന്ന പ്രവണത മാറ്റാന്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തണം. അസോസിയേഷന് രൂപീകരിച്ച കന്പനിക്ക് സ്ഥലം നല്കിയാല് പ്ലാസ്റ്റിക് മാലിന്യങ്ങള്‍ പൂര്‍ണമായി സംസ്കരിക്കാന്‍ കഴിയും. സര്‍ക്കാര്‍ നിയോഗിച്ച സമിതി ശിപാര്‍ശകള്‍ നടപ്പാക്കണം. അടച്ചുപൂട്ടേണ്ടിവരുന്ന വ്യവസായങ്ങള്‍ക്കു നഷ്ടപരിഹാരം നല്‍കുകയും തൊഴിലാളികളെ പുനര്‍വിന്യസിക്കുകയും വേണമെന്നും അദേഹം ആവശ്യപ്പെട്ടു.
എല്ലാ വീടുകളിലും തുണിസഞ്ചി വിതരണം ചെയ്തു
നെടുംകുന്നം: പ്ലാസ്റ്റിക്കിനെ പടി കടത്തി. ജൈവ പച്ചക്കറി ഉത്പാദനവും തുടങ്ങി. പരിസരങ്ങളെല്ലാം ശുചീകരിച്ചു. നെടുംകുന്നം പഞ്ചായത്തിലെ ഏഴാം വാർഡ് ഇനി മുതൽ ക്ലീൻ-ഗ്രീൻ ദേവഗിരി എന്നറിയപ്പെടും. പ്ലാസ്റ്റിക് നിരോധനത്തിന്റെ ഭാഗമായി എല്ലാ വീടുകളിലും തുണിസഞ്ചികൾ സൗജന്യമായി വിതരണം ചെയ്തു തുടങ്ങി. പദ്ധതിയുടെ ഭാഗമായി തൊഴിലുറപ്പ് തൊഴിലാളികളുടെ നേതൃത്വത്തിൽ വാർഡിൽ ശുചീകരണ പ്രവർത്തനങ്ങളും നടത്തും.
ഹരിത കർമ്മ സേനയുടെ നേതൃത്വത്തിൽ വീടുകളിൽ നിന്നും പ്ലാസ്റ്റിക് സമാഹരിക്കുന്നുണ്ട്. കൂടാതെ വിദ്യാർഥികളുടെ നേതൃത്വത്തിൽ പ്ലാസ്റ്റിക് ബോധവത്കരണ പരിപാടികളും നടത്തും. ദേവഗിരിയിൽ നടത്തിയ തുണിസഞ്ചി വിതരണവും ക്ലീൻദേവഗിരി പ്രഖ്യാപനവും പഞ്ചായത്ത് പ്രസിഡന്റ് ബീനാ നൗഷാദ് ഉദ്ഘാടനം ചെയ്തു. വാർഡംഗം വി.എം.ഗോപകുമാർ അധ്യക്ഷത വഹിച്ചു. ബ്ലോക്ക്് പഞ്ചായത്തംഗം രാജേഷ് കൈടാച്ചിറ മുഖ്യപ്രഭാഷണം നടത്തി. കെ.എസ്.അബ്ദുൾ റഷീദ്, കെ.ജെ.ദേവസ്യാ, നിതിൻ മാത്യു, കെ.എൻ.തോമസ് പ്രസംഗിച്ചു.