അറിയാമോ…? പ്ലാസ്റ്റിക്കിൽ 16,000ലേറെ രാസവസ്തുക്കൾ അടങ്ങിയിട്ടുണ്ട്! ഇതിൽ 4,200ലധികവും മനുഷ്യകുലത്തിനുതന്നെ വിനാശകരമാകുന്ന വിഷപദാർഥങ്ങളാണ്. പ്രകൃതിക്കും മനുഷ്യനും പ്ലാസ്റ്റിക് വരുത്തിവയ്ക്കുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് നോർവീജയൻ റിസർച്ച് കൗൺസിലിന്റെ കീഴിൽ പഠനം നടത്തിയ ഗവേഷകർ പുറത്തുവിട്ട റിപ്പോർട്ടിലാണ് ആശങ്കപ്പെടുത്തുന്ന ഈ വിവരങ്ങൾ.
മുൻപ് പ്ലാസ്റ്റിക്കിൽ കണ്ടെത്തിയ രാസവസ്തുക്കളുടെ എണ്ണം 13,000 ആയിരുന്നു. അതാണ് 16,000 ആയി വിപുലീകരിക്കപ്പെട്ടത്. അപകടകരമായ രാസവസ്തുക്കളിൽ 980 എണ്ണം മാത്രമാണു ലോകമെമ്പാടുമുള്ള ഏജൻസികളാൽ നിയന്ത്രിക്കപ്പെടുന്നത്. മറ്റുള്ളവ നിയന്ത്രിക്കാൻ കഴിയാത്തവയാണെന്നു പഠനത്തിനു നേതൃത്വം കൊടുത്ത നോർവീജിയൻ യൂണിവേഴ്സിറ്റിയിലെ ജീവശാസ്ത്രജ്ഞൻ മാർട്ടിൻ വാഗ്നർ പറഞ്ഞു.
മനുഷ്യർ ഓരോ വർഷവും ഏകദേശം 400 ദശലക്ഷം മെട്രിക് ടൺ പ്ലാസ്റ്റിക് മാലിന്യങ്ങൾ ഭൂലോകത്ത് നിക്ഷേപിക്കുന്നുവെന്നാണു കണക്ക്. ഈ വിഷവസ്തുക്കളുമായുള്ള സമ്പർക്കം കാൻസർ, ജനന വൈകല്യങ്ങൾ, എൻഡോക്രൈൻ സിസ്റ്റത്തിന്റെ തകരാറുകൾ എന്നിവയുൾപ്പെടെയുള്ള ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കുന്നു. പുതിയ കണ്ടെത്തലുകളുമായി ബന്ധപ്പെട്ടു കൂടുതൽ പഠനങ്ങൾ ആവശ്യമാണെന്ന് ശാസ്ത്രജ്ഞർ വെളിപ്പെടുത്തുന്നു.