വൈക്കം: വേന്പനാട്ടു കായലിൽ കുന്നുകൂടുന്നപ്ലാസ്റ്റിക് മാലിന്യം കായലിന്റേയും മത്സ്യസന്പത്തിന്റെയും നാശത്തിനിടയാക്കുന്നു. കായലിന്റെ അടിത്തട്ടിൽ കനത്തതോതിൽ പ്ലാസ്റ്റിക്ക് കൂടുകളാണ് അടിഞ്ഞിരിക്കുന്നത്. ഈ പ്ലാസ്റ്റിക്ക് മാലിന്യം മൽസ്യങ്ങളും അകത്താക്കുകയാണ്.
കായലിൽ മൽസ്യത്തൊഴിലാളികളുടെ വലയിൽ കുടുങ്ങുന്ന കട്ല, കരിമീൻ തുടങ്ങിയ മൽസ്യങ്ങളുടെ ഉള്ളിൽ പ്ലാസ്റ്റിക് കുടുകളുടെ ഭാഗങ്ങളാണ് കാണപ്പെട്ടത്. വലയിൽ നിന്ന് മൽസ്യങ്ങളെ ഉടക്കു തീർത്തെടുക്കുന്നതിനിടയിലാണ് മൽസ്യങ്ങളുടെ ചെകിളയ്ക്കിടയിൽ നിന്ന് പ്ലാസ്റ്റിക് പുറത്തേയ്ക്കെത്തുന്നത് ശ്രദ്ധയിൽപ്പെട്ടത്.
കായലിന്റെ അടിത്തട്ടിൽ മണ്ണിനോടു പറ്റി ചേർന്ന് കഴിയുന്ന പുളാൻ എന്ന മൽസ്യത്തിന്റെ ഉള്ളിലാണ് പ്ലാസ്റ്റിക് മാലിന്യം കുടുതലും കണ്ടു വരുന്നത്. കായലിൽ നിന്ന് വലയിൽ കൂടുതലായി കുടുങ്ങിയിരുന്ന കോരയ്ക്ക, മുത്തേരി ,കോലൻവറ്റ തുടങ്ങിയ മൽസ്യങ്ങൾ ലഭിക്കുന്നില്ലെന്ന് മൽസ്യത്തൊഴിലാളികൾ പറയുന്നു.
കൊഴുവ, പ്രാഞ്ഞിൽ, ചെറിയനന്ദൻ തുടങ്ങിയ പൊടിമീനാണ് വലക്കാർക്ക് കൂടുതലും ലഭിക്കുന്നത്. കരിമീനിന്റെ ലഭ്യതയും വളരെ കുറഞ്ഞു. കായലിൽ ഈ സമയത്ത് സുലഭമായി ലഭിച്ചിരുന്ന കൂന, ചുടൻ, കാര ചെമ്മീനുകൾ ഓരെത്തിയിട്ടും പേരിനു പോലും കാണാനില്ല.
സാധാരണ തണ്ണീർമുക്കം ബണ്ടിന്റെ ഷട്ടർ അടച്ചു കഴിഞ്ഞാൽ ചൂടൻ ചെമ്മീൻ വലിയ തോതിൽ കഴിഞ്ഞ വർഷം വരെ ലഭിച്ചിരുന്നു. കായൽ മലിനീകരണം അധികരിക്കുന്നതാണ് മൽസ്യ സന്പത്ത് കുറയാനിടയാക്കുന്നതെന്നും പ്ലാസ്റ്റിക്ക് മാലിന്യം കായലിൽ നിന്നു നീക്കാൻ സർക്കാർ ഒരു പദ്ധതി തയാറാക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.