ശ്രീരായണപുരം : അടുക്കളയിലെ ചട്ടീം കലവും പാത്രങ്ങളും പാചകത്തിന് മാത്രമല്ല ചിത്രങ്ങളൊരുക്കാനും സാധിക്കുമെന്ന് തെളിയിക്കുകയാണ് കലാ രംഗത്തു ഏറെ ശ്രദ്ധേയനായ ഡാവിഞ്ചി സുരേഷ്. വ്യത്യസ്തമായ രീതിയിൽ ചട്ടീം കലവും ഉൾപ്പെടെയുള്ളവയെ ഉപയോഗിച്ച് മോഹൻലാലിന്റെ ബിനാലെ ചിത്രമൊരുക്കിയാണ് സുരേഷ് ശ്രദ്ധേയനാകുന്നത്.
ത്രിമാന ചിന്തരങ്ങളും വെള്ളത്തിന് മുകളിലെ ചിത്രങ്ങളും വിരലുകളിൽ വരയ്ക്കുന്ന ചിത്രങ്ങളുടെയൊക്കെ പരീക്ഷണങ്ങളിൽ ലഭിച്ച പ്രചോദനം കൊണ്ടാണ് ഡാവിഞ്ചി സുരേഷ് അടുക്കളയിലെ ചട്ടീം കലവും പാത്രങ്ങളുമൊക്കെ ഉപയോഗിച്ച് മോഹൻലാലിന്റെ എട്ടടി നീളവും ആറടി വീതിയിലും മുഖചിത്രം തയ്യാറാക്കിയത്.
ഉരുളിയും വലിയ കാലങ്ങളും കമഴ്ത്തി വെച്ചും, വലിയ വട്ടകകൾ, ഗ്ലാസ് ട്രെ, കറുത്ത തുണി, ചപ്പാത്തി കോൽ, കത്തികൾ, ചെറിയതും വലിയതുമായ സ്പൂണുകൾ തുടങ്ങിയവ മലയാളത്തിന്റെ മഹാനടന്റെ ചിത്രം ഒരുക്കാനായി ഉപയോഗിച്ചിട്ടുണ്ട്. രണ്ടു മണിക്കൂർ വിനിയോഗിച്ചാണ് സുരേഷ് മലയാളത്തിന്റെ താരരാജാവിന്റെ ചിത്രം ഒരുക്കിയത്. ഇതിന്റെ വീഡിയോയും ചിത്രവും സാമൂഹ്യ മാധ്യമങ്ങളിൽ വൻ പ്രചാരം നേടുകയും ഇതു മോഹൻലാൽ കാണുകയും കലാകാരനായ സുരേഷിനെ അഭിനനന്ദം അറിയിക്കുകയും ചെയ്തു.
പ്രൊഡക്ഷൻ കണ്ട്രോളർ ബാദുഷയാണ് ഇത്തരത്തിലുള്ള അവസരത്തിന് സാഹചര്യം ഒരുക്കിയത്. ഇതിനു മുൻപ് പുലിമുരുകൻ ശിൽപ്പം ചെയ്തപ്പോഴും മോഹൻലാൽ ഡാവിഞ്ചി സുരേഷിനെ നേരിട്ട് വിളിച്ചു അഭിനന്ദനം അറിയിക്കുകയും ചെയ്തിരുന്നു. മോഹൻലാലിന്റെ ഇരുപത്തിയഞ്ചു വ്യത്യസ്ത രീതികളിലുള്ള ചിത്രങ്ങൾ ഒരുക്കി റെക്കോർഡ് സൃഷ്ട്ടിക്കാൻ താൻ ലക്ഷ്യമിടുന്നതായി ഡാവിഞ്ചി സുരേഷ് പറഞ്ഞു. ഒരുപാട് പേർ ഷെയർ ചെയ്ത ഈ ചിത്രത്തിന് നിരവധി ലൈക്കുകളും ലഭിച്ചു.