ലക്നോ: ഉത്തർപ്രദേശിൽ രക്തത്തിലെ പ്ലേറ്റ്ലെറ്റിന് പകരം ജ്യൂസ് ശരീരത്തിൽ കുത്തിവച്ചതിനെ തുടർന്ന് ഡെങ്കിപ്പനി രോഗി മരിച്ചു. പ്രയാഗ്രാജിലെ സ്വകാര്യ ആശുപത്രിയിലാണ് ഏറെ ഞെട്ടിക്കുന്ന സംഭവമുണ്ടായത്.
32കാരനായ യുവാവാണ് ആശുപത്രി അധികൃതരുടെ അശ്രദ്ധയെ തുടർന്ന് മരിച്ചത്. സംഭവത്തിന് പിന്നാലെ അധികൃതർ ആശുപത്രി അടപ്പിച്ചു. പ്രയാഗ്രാജിലെ ഗ്ലോബൽ ഹോസ്പിറ്റൽ ആൻഡ് ട്രോമ സെന്ററിലാണ് ഡെങ്കിപ്പനി ബാധിച്ച യുവാവ് ചികിത്സതേടിയെത്തിയത്.
പ്ലാസ്മ എന്ന പേരെഴുതിയ ബാഗിൽ കൂടി പ്ലേറ്റ്ലറ്റിന് പകരം നാരങ്ങാ നീരാണ് ആശുപത്രി അധികൃതർ രോഗിയുടെ ശരീരത്തിൽ കുത്തിവച്ചത്. തുടർന്ന് ആരോഗ്യനില വഷളായതിനെ തുടർന്ന് രോഗിയെ ബന്ധുക്കൾ മറ്റൊരു ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
രോഗിയുടെ ശരീരത്തിൽ പ്ലേറ്റ്ലറ്റ് കയറ്റിയിട്ടില്ലെന്നും മധുരമുള്ള രാസവസ്തുവോ മോസമ്പി ജ്യൂസോ ആണ് രോഗിയുടെ ശരീരത്തിൽ കയറ്റിയതെന്ന് ഈ ആശുപത്രിയിലെ ഡോക്ടർമാരാണ് ബന്ധുക്കളോട് പറഞ്ഞത്.
സംഭവത്തിന് പിന്നിലെ ഉത്തരവാദികൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് മരിച്ച യുവാവിന്റെ ബന്ധുക്കൾ ആവശ്യപ്പെട്ടു. ഇതിനു പിന്നാലെ അധികൃതർ ആശുപത്രി പൂട്ടി സീൽ ചെയ്യുകയായിരുന്നു.