ആളൂർ: ഉണങ്ങിയ മരത്തിന്റെ ചില്ലകൾക്കിടയിൽ കായ്ച്ചുനിൽക്കുന്ന തക്കാളിച്ചെടികൾ കൗതുകമാകുന്നു.ആളൂർ ജംഗ്ഷനിലാണ് ഈ കൗതുകക്കാഴ്ചയുള്ളത്. ജംഗ്ഷനിൽ റോഡരികലുള്ള പ്ലാവിന്റെ ഉണങ്ങിയ ചില്ലകളിലാണ് തക്കാളിച്ചെടികൾ വളർന്ന് കായ്ച്ചുനിൽക്കുന്നത്.
വേരൂന്നാൻ മണ്ണില്ലാഞ്ഞിട്ടും വെള്ളവും വളവും നൽകാൻ ആളില്ലാഞ്ഞിട്ടും പത്തോളം തക്കാളി ചെടികൾ ഉണങ്ങിയ മരച്ചില്ലയിൽ വളർന്നു നിൽക്കുകയാണ്. കാലപ്പഴക്കം കൊണ്ട് മുരടിച്ച് ഉണങ്ങിപ്പോയ പ്ലാവിന്റെ വലിയ ചില്ലകളിൽ പക്ഷികൾ കൊണ്ടുവന്നിട്ട വിത്തുകൾ മുളച്ചാണ് തക്കാളിച്ചെടികൾ ഉണ്ടായത്. മരത്തിൽ നിന്ന് താഴേയ്ക്കു ചാഞ്ഞുകിടക്കുന്ന നിലയിലാണ് തക്കാളി ചെടികൾ .
ഓണക്കാലത്ത് ഇവയിൽ നിറയെ തക്കാളികൾ ഉണ്ടായി. പഴുത്ത തക്കാളികൾ നാട്ടുകാർ പറിച്ചെടുക്കുകയായിരുന്നു. ഇപ്പോൾ .രണ്ടാം വട്ടമുണ്ടായ തക്കാളികൾ പാകമാകാൻ കാത്തിരിയ്ക്കുകയാണിവർ. തക്കാളി ചെടികൾ വീണ്ടും പൂവിടാൻ തുടങ്ങിയിട്ടുണ്ട്. സമീപത്തെ പെട്ടിഓട്ടോ ഡ്രൈവർമാരാണ് ഈ തക്കാളി ചെടികളെ പരിപാലിക്കുന്നത്.