പത്തനംതിട്ട: കളിക്കളങ്ങളിൽ ഒത്തുകൂടുന്ന കുട്ടികളെ കേന്ദ്രീകരിച്ച് രാസലഹരികളുടെ കൈമാറ്റവും വില്പനയും നടക്കുന്നുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ നിരീക്ഷണത്തിൽ രണ്ട് കുട്ടികൾ പോലീസ് പിടിയിലായി. ഹ
യർ സെക്കൻഡറി ക്ലാസുകളിൽ പഠിക്കുന്ന കുട്ടികളാണ് പന്തളത്ത് ഡാൻസാഫ് സംഘത്തിന്റെയും പന്തളം പോലീസിന്റെയും സംയുക്ത നീക്കത്തിൽ കുടുങ്ങിയത്.
ഇവരിൽനിന്ന് ഒരു ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു, വില്പനയ്ക്കായി വാങ്ങികൊണ്ടുവരവേയാണ് പിടിയിലായത്. പോലീസിനെ കണ്ട് സ്കൂട്ടർ വെട്ടിച്ച് രക്ഷപ്പെടാൻ ശ്രമിച്ച കൗമാരക്കാരെ സാഹസികമായി പിടികൂടുകയായിരുന്നു.
കഴിഞ്ഞദിവസം ബംഗളൂരുവിൽനിന്നു എംഡിഎംഎയുമായി എത്തിയ യുവാവിൽനിന്നു ലഭിച്ച വിവരങ്ങളുടെ കൂടി അടിസ്ഥാനത്തിൽ കളിക്കളങ്ങൾ കേന്ദ്രീകരിച്ച് കർശന നിരീക്ഷണം തുടരാൻ ജില്ലാ പോലീസ് മേധാവി പോലീസിന് നിർദേശം നൽകിയിരുന്നു.
കുളനട പെട്രോൾ പമ്പിനടുത്തുനിന്നാണ് രാസലഹരിയുമായി കുട്ടികൾ പോലീസ് വലയിലായത്.
കുട്ടികൾ വാഹകരും വ്യാപാരികളും
കുട്ടികൾതന്നെ ഉപഭോക്താക്കളും വാഹകരുമായി മാറുന്ന ഗുരുതര സ്ഥിതിവിശേഷം നിലവിലുണ്ട്. വിൽക്കാൻ കിട്ടുന്ന ലഹരിവസ്തുക്കളിൽനിന്ന് ഇവർക്ക് സ്വന്തം ഉപയോഗത്തിന് അല്പം കിട്ടാറുണ്ടെന്നും, കൂടുതൽ ഉപഭോക്താക്കളെ ആകർഷിക്കുന്നതിന് വില്പനക്കാർ കൗമാരക്കാരെ ഉപയോഗിക്കുന്നുണ്ടെന്നും പോലീസിന്റെ അന്വേഷണത്തിൽ വെളിപ്പെട്ടു.
അഞ്ച് ഗ്രാം എംഡിഎംഎ വാങ്ങിയാൽ മൊബൈൽ ഫോണിൽ വച്ച് എടിഎം കാർഡ് കൊണ്ട് പൊടിച്ച് വരയിട്ട് പന്ത്രണ്ടോളം പേർ ഉപയോഗിക്കുമെന്നു പിടിക്കപ്പെട്ടവർ പോലീസിനോട് പറഞ്ഞു.
ആദ്യതവണ സൗജന്യമായി കച്ചവടക്കാർ നൽകുമെന്നും, പിന്നീട് പണം കൊടുത്താണ് വാങ്ങുന്നതെന്നും, തുടർന്ന് വാഹകരായി മാറുകയാണെന്നും കുട്ടികൾ വെളിപ്പെടുത്തി.
ഈ സ്ഥിതി അത്യന്തം അപകടമാണെന്നതിനാൽ രാസലഹരി ഉൾപ്പെടെയുള്ള ലഹരിവസ്തുക്കളുടെ കടത്തും വില്പനയും തടയുന്നതിന് ശക്തമായ നടപടി തുടരുകയാണെന്ന് ജില്ലാ പോലീസ് മേധാവി സ്വപ്നിൽ മധുകർ മഹാജൻ പറഞ്ഞു.
നർകോട്ടിക് സെൽ ഡിവൈഎസ്പി കെ.എ. വിദ്യാധരന്റെ നേതൃത്വത്തിലായിരുന്നു ഡാൻസാഫ് സംഘത്തിന്റെ തന്ത്രപരമായ നീക്കം. അടൂർ ഡിവൈഎസ്പി ആർ. ജയരാജിന്റെ നിർദേശപ്രകാരം പന്തളം പോലീസ് ഇൻസ്പെക്ടർ എസ്. ശ്രീകുമാറിന്റെ നേതൃത്വത്തിൽ പോലീസ് നിരീക്ഷണം ശക്തമാക്കിയിരുന്നു.