പ്രദീപ് ചാത്തന്നൂർ
ചാത്തന്നൂർ: കോവിഡ്- 19 രോഗികളെ പ്ലാസ്മ ചികിത്സയിലൂടെ രക്ഷപ്പെടുത്തുന്നതിന് പാരിപ്പള്ളി ഗവ.മെഡിക്കൽ കോളേജിൽ പ്ലാസ്മ ബാങ്ക് സ്ഥാപിക്കാൻ നീക്കം. സംസ്ഥാനത്തെ ആദ്യ പ്ലാസ്മ ബാങ്കായിരിക്കും പാരിപ്പള്ളി ഗവ.മെഡിക്കൽ കോളേജിൽ സ്ഥാപിക്കുന്നത്.
കഴിഞ്ഞ ദിവസം കായംകുളം സ്വദേശിയായ നിരവധി മറ്റ് രോഗങ്ങളുള്ള കോവിഡ് രോഗിക്ക് പ്ലാസ്മ തൊറാപ്പി ചികിത്സ ആരംഭിച്ചു. ഇതിന് മുമ്പ് സംസ്ഥാനത്ത് മഞ്ചേരി ഗവ.മെഡിക്കൽ കോളേജിലാണ് പ്ലാസ്മ ചികിത്സയിലൂടെ കോ വിഡ് രോഗിയെ രക്ഷപ്പെടുത്തിയത്. ഡൽഹിയിൽ പ്ലാസ്മ ബാങ്ക് ആരംഭിക്കാൻ നടപടികൾ പൂർത്തിയായിട്ടുണ്ട്.
പാരിപ്പള്ളി ഗവ.മെഡിക്കൽ കോളേജിൽ പ്ലാസ്മ ചികിത്സയ്ക്കാവശ്യമായ പ്ലാസ്മ തൊറാപ്പി ആർഇഎസ്ഐഎസ് യന്ത്രോപകരണങ്ങൾ രണ്ടാഴ്ചകം എത്തും.
ഇത് സ്ഥാപിച്ചാലുടൻ പ്ലാസ്മ ബാങ്ക് സ്ഥാപിക്കുന്നതിനായി കേന്ദ്ര ഡ്രഗ്സ് കൺട്രോൾ ബോർഡിനും മറ്റ് ആധികാരിക സ്ഥാപനങ്ങൾക്കും ലൈസൻസിന് വേണ്ടി അപേക്ഷ നല്കുമെന്ന് മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ.ഹബീബ് നസീം പറഞ്ഞു. ഇതിനുള്ള നടപടികൾ ത്വരിതഗതിയിൽ നടപ്പാക്കുകയാണ്.
ഇപ്പോൾ ഗുരുതരാവസ്ഥയിൽ കഴിയുന്ന കായംകുളം സ്വദേശിയായ രോഗിക്ക്, രോഗം ഭേദമായ അബ്ദുൽ ഖാദർ എന്ന വ്യക്തിയുടെ പ്ലാസ് മയാണ് ഉപയോഗിക്കുന്നത്. ഇത് തിരുവനന്തപുരത്ത് ശേഖരിച്ചതാണ്. പ്ലാസ്മ ബാങ്ക് പാരിപ്പള്ളിയിൽ തുടങ്ങുമ്പോൾ രോഗം ഭേദമായവരിൽ നിന്നും ഓരോ 15 ദിവസം കഴിയുമ്പോഴും പ്ലാസ്മ ശേഖരിക്കാൻ കഴിയും.
ഇത് പ്ലാസ്മ ബാങ്കിൽ ശേഖരിക്കാനും തുടർന്ന് പ്രയോജനപ്പെടുത്താനും കഴിയും. പ്ലാസ്മ ബാങ്ക് സ്ഥാപിക്കാൻ കഴിയുന്നതോടെ പാരിപ്പള്ളി ഗവ. മെഡിക്കൽ കോളേജ് കോവിഡ് ചികിത്സയിൽ ദേശീയ ശ്രദ്ധയിലേക്കെത്തും.
പ്ലാസ്മ ശേഖരിക്കുന്നതിനുള്ള ലാബ് സജ്ജമാക്കുകയും നടപടിക്രമങ്ങൾ പാലിക്കുകയും ചെയ്താൽ ലൈസൻസ് കിട്ടാൻ ബുദ്ധിമുട്ടുണ്ടാകില്ലെന്ന പ്രതീക്ഷയിലാണ് പാരിപ്പള്ളി ഗവ.മെഡിക്കൽ കോളേജ് അധികൃതർ. പ്രത്യേകിച്ചും കോവിഡ് രോഗികൾ വർധിച്ചു വരുന്ന സാഹചര്യത്തിൽ. പ്ലാസ് മചികിത്സ ഇവിടെ വലിയ തോതിൽ വേണ്ടി വരുമെന്ന കണക്കുകൂട്ടലിലുമാണ് ആരോഗ്യ പ്രവർത്തകർ.
പ്ലാസ്മ ചികിത്സയ്ക്കായി ശേഖരിക്കുന്ന വിധം
ചാത്തന്നൂർ: രക്തത്തിൽ നിന്നും വേർതിരിച്ചെടുക്കുന്ന ദ്രാവകമാണ് പ്ലാസ്മ. രോഗമുക്തി നേടിയവരുടെ രക്തം ശേഖരിച്ച്, ലാബിലെത്തിച്ച് രക്താണുക്കൾ, ശ്വേതാണുക്കൾ, പ്ലേറ്റ് ലെറ്റുകൾ എന്നിവ നീക്കി പ്ലാസ്മ വേർതിരിച്ചെടുക്കും.
രക്തത്തിൽ തീരെ ചെറിയ ശതമാനമാണ് പ്ലാസ്മ ഉള്ളത്. അഞ്ച് ശതമാനത്തോളമെന്ന് ആരോഗ്യരംഗത്തെ വിദഗ്ധർ പറയുന്നു. കോവിഡ് വൈറസിനെതിരെ പോരാടാനുള്ള ആന്റിബയോട്ടിക്കുകൾ കോവിഡ് രോഗം ഭേദമായവരുടെ പ്ലാസ്മ യിലുണ്ടായിരിക്കും. ഇതാണ് ഗുരുതരാവസ്ഥയിലുള്ള രോഗികളെ രക്ഷപ്പെടുത്താൻ സഹായിക്കുന്നത്.
ഓരോ രോഗിയിലെയും വൈറസ് ബാധയുടെ തോതനുസരിച്ചായിരിക്കും പ്ലാസ്മ ചികിത്സ നിശ്ചയിക്കുക. ദൽഹിയിൽ പ്ലാസ്മ ചികിത്സയിലൂടെ മന്ത്രിയേയും കേരളത്തിൽ മഞ്ചേരി ഗവ. മെഡിക്കൽ കോളേജിൽ ഒരാളെയും ചികിത്സിച്ച് രോഗ മുക്തരാക്കിയിരുന്നു. ലോകമെമ്പാടും ഈ ചികിത്സാരീതി അവലംബിക്കുന്നുണ്ട്.
ബയോസേഫ്റ്റി കാബിനറ്റ് കസ്റ്റംസ് വിട്ടുകൊടുത്തിട്ടില്ല
ചാത്തന്നൂർ: കോവിഡ്- 19 രോഗ പരിശോധനയ്ക്കുള്ള ആർടിപിസിആർ ലാബ് സജ്ജീകരിക്കുന്നതിനുള്ള ബയോസേഫ്റ്റി കാബിനറ്റ് മുംബൈ കസ്റ്റംസ് വിട്ടുകൊടുക്കാത്തത് പാരിപ്പള്ളി ഗവ.മെഡിക്കൽ കോളേജിന് പാരയായി.
ചൈനയിൽ നിന്നുള്ള മെഡിക്കൽ ഉപകരണമായതിനാലാണ് കസ്റ്റംസ് ഇത് മുംബൈയിൽ തടഞ്ഞുവച്ചിരിക്കുന്നത്. പരിശോധനകൾ പൂർത്തിയാക്കിയാൽ മാത്രമേ ഇത് പാരിപ്പള്ളി ഗവ.മെഡിക്കൽ കോളേജിന് ലഭിക്കുകയുള്ളു. ഇത് ലഭിക്കും വരെ ആർടിപിസി ആർ ലാബ് പ്രവർത്ത സജ്ജമാക്കാൻ കഴിയില്ല.
ആർടിപിസിആർ ലാബ് സജ്ജീകരിക്കുന്നതിന് 61 ഓളം യന്ത്രങ്ങൾ സെറ്റ് ചെയ്യണം. ഇതിൽ പ്രധാനമാണ് ബയോസേഫ്റ്റി കാബിൻ. കോവിഡ് പരിശോധനയ്ക്കുള്ള മറ്റ് യന്ത്രങ്ങളെല്ലാം സ്ഥാപിച്ചു കഴിഞ്ഞു. ബയോസേഫ്റ്റി കാബിൻ കൂടി ലഭിച്ചാൽ ആർടിപിസിആർ പരിശോധനയ്ക്കും കോവിഡ് രോഗം കണ്ടു പിടിച്ച് ചികിത്സ നടത്താനും വേഗമേറുമെന്ന് പാരിപ്പള്ളി ഗവ.മെഡിക്കൽ കോളേജ് അധികൃതർ പറഞ്ഞു.
മുംബൈ കസ്റ്റംസ് തടഞ്ഞുവച്ചിരിക്കുന്ന ബയോസേഫ്റ്റി കാബിൻ എത്രയും പെട്ടെന്ന് ലഭിക്കുമെന്നും ജൂലായ് 15-ഓടെ ആർടിപിസി ആർ. ലാബ് പ്രവർത്തിപ്പിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ആശുപത്രി അധികൃതർ. കോവിഡ് രോഗം ഒരു മണിക്കുറിനകം കണ്ടു പിടിക്കാൻ കഴിയുന്ന ട്രൂ നാറ്റ് യന്ത്രം പാരിപ്പള്ളി ഗവ.മെഡിക്കൽ കോളേജിൽ പ്രവർത്തിച്ചു വരുന്നുണ്ട്.
ചികിത്സയ്ക്ക് കൂടുതൽ ആശുപത്രികൾ സജ്ജമാക്കണം
ചാത്തന്നൂർ: പ്രവാസികളിലും അന്യസംസ്ഥാനങ്ങളിൽ നിന്നെത്തുന്നവരിലും കോവിഡ് രോഗികൾ വർധിച്ചു വരുന്നത് ജില്ലയിൽ ആശങ്ക ഉണർത്തുന്നു. ജില്ലയിലെ കോവിഡ് ചികിത്സാ കേന്ദ്രമായ പാരിപ്പള്ളി ഗവ.മെഡിക്കൽ കോളേജിൽ 400 കിടക്കകളാണ് നിലവിലുള്ളത്.
നിലവിലുള്ള വെൻറിലേറ്റർ സംവിധാനവും മറ്റ് സൗകര്യങ്ങളും അപര്യാപ്തമായി മാറുമോ എന്ന ആശങ്കയും മെഡിക്കൽ കോളേജ് ആശുപത്രി അധികൃതരിലുണ്ട്. കോവിഡ് രോഗികളുടെ എണ്ണം വർധിച്ചു വരുന്ന സാഹചര്യത്തിൽ കോവിഡ് ചികിത്സയ്ക്കായി രണ്ടോ മൂന്നോ ആശുപത്രികൾ കൂടി അടിയന്തിരമായി സജ്ജമാക്കണമെന്ന നിർദേശവും നിലവിലുണ്ട്.
ജില്ലാ ആശുപത്രിയും നെടുമ്പന കമ്യൂണിറ്റി ഹെൽത്ത് സെന്ററും ഇതിനായി സജ്ജീകരിക്കാൻ തീരുമാനമുണ്ടായെങ്കിലും ഇതുവരെ അതിനുള്ള നടപടികൾ ഉണ്ടായിട്ടില്ല. അടിയന്തിരമായി കോവിഡ് ചികിത്സയ്ക്കായി സബ് സെന്ററുകൾ (ആശുപത്രികൾ) ഒരുക്കണമെന്ന നിലപാടിലാണ് പാരിപ്പള്ളി ഗവ.മെഡിക്കൽ കോളേജ് അധികൃതർ.
ഇപ്പോൾ 185 കോവിഡ് രോഗികളാണ് ഇവിടെ ചികിത്സയിലുള്ളത്. ആഴ്ചകൾക്കകം ഇത് ആശുപത്രിയുടെ ശേഷിയ്ക്കപ്പുറത്തേയ്ക്ക് വർധിക്കാനിടയുണ്ടെന്ന നിഗമനത്തിലാണ് ആരോഗ്യ പ്രവർത്തകർ.