വീട്ടില്‍ നിന്നു വെള്ളമിറങ്ങിയ ശേഷം തിരികെയെത്തുന്നവര്‍ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ ജീവന് തന്നെ അപകടത്തിലായേക്കാം.ഒരു കാരണവശാലും രാത്രിയില്‍ വീട്ടിലേക്ക് ചെല്ലരുത്. വീടിനകത്ത് പാമ്പ് ഉള്‍പ്പെടെയുള്ള ഇഴജന്തുക്കളുടെ സാന്നിദ്ധ്യം പ്രതീക്ഷിക്കാം. ഗ്യാസ് ലീക്കേജ് ഉണ്ടാകാനും സാധ്യതയുണ്ട്. വീട്ടിലേക്ക് ഒറ്റയ്ക്ക് പോകരുത്. അപകട സാധ്യതനിലനില്ക്കുന്നതിനാലാണിത്.
ആദ്യമായി വീട്ടിലേക്ക് തിരിച്ചു ചെല്ലുമ്പോള്‍ കുട്ടികളെ കൊണ്ടുപോകരുത്. എന്താണ് അവിടെ കാണാന്‍ പോകുന്നതെന്നോ എന്തൊക്കെ അപകടങ്ങള്‍ ഉണ്ടാകുമെന്നോ പറയാന്‍ പറ്റില്ല. കുട്ടികള്‍ക്ക് അപകടമുണ്ടായില്ലെങ്കിലും മാനസിക ആഘാതം ഉണ്ടാകാനുള്ള സാധ്യതയുണ്ട്. വഴിയിലും മുറ്റത്തുമെല്ലാം കനത്തില്‍ ചെളി ഉണ്ടാകാന്‍ സാധ്യതയുണ്ട്. ഗേറ്റ് തുറക്കാനും വാതില്‍ തുറക്കാനും പ്രയാസപ്പെടും. മതിലിനും വീടിന്റെ ഭിത്തിക്കും ബലമില്ലെങ്കില്‍ ഇവ തകര്‍ന്നു വീഴുവാനും അപകടമുണ്ടാകുവാനും സാധ്യതയേറെയാണ്. അതിനാല്‍ തള്ളി തുറക്കാന്‍ ശ്രമിക്കരുത്.
വിഷവാതകങ്ങളും രോഗാണുക്കളും ധാരാളം ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ മാസ്ക്, തോര്‍ത്ത് തുടങ്ങിയവ ഉപയോഗിച്ച് മൂക്ക് മറയ്ക്കുക. കൈയുറയും ഷൂവും ധരിക്കുന്നതും നല്ലതാണ്.
വീടിനകത്ത് കയറുന്നതിന് മുന്‍പ് മെയിന്‍ സ്വിച്ച് ഓഫ് ചെയ്യണം. വീടിനുള്ളില്‍ പ്രവേശിച്ചാല്‍ ഉടനെ ലൈറ്റര്‍, സിഗററ്റ്, മെഴുകുതിരി, എന്നിവയൊന്നും കത്തിക്കരുത്. എല്ലാ വൈദ്യുത ഉപകരണങ്ങളുടേയും പ്ലഗ്ഗ് ഊരിയിടുക. പരിസരത്ത് മനുഷ്യരുടേയോ മൃഗങ്ങളുടേയോ മൃതദേഹങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത പ്രതീക്ഷിക്കണം. മനുഷ്യരുടെ മൃതദേഹം കണ്ടാല്‍ പോലീസിനെ അറിയിക്കുക. മൃതദേഹത്തില്‍ തൊടരുത്. മേല്‍പ്പറഞ്ഞ നിര്‍ദ്ദേശങ്ങള്‍ പാലിക്കാന്‍ ഏവരും ശ്രദ്ധിക്കേണ്ടതാണ്.