കിഴക്കമ്പലം: പട്ടിമറ്റത്ത് പ്ലൈവുഡ് കമ്പനിയുടെ പുകക്കുഴലിൽ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ മൃതദേഹം തിരിച്ചറിയാനാകാത്തതുമൂലം അന്വേഷണം വഴിമുട്ടി.
ഒരു മാസത്തിലേറെ പഴക്കമുള്ള മൃതദേഹത്തിന്റെ ആന്തരികാവയവങ്ങൾ തിരുവനന്തപുരത്തെ ഫൊറൻസിക് കേന്ദ്രത്തിലാണ് പരിശോധനക്കയച്ചിട്ടുള്ളതെന്ന് പോലീസ് പറഞ്ഞു. ഇതിന്റെ പരിശോധനാ ഫലം വൈകുമെന്നാണ് അധികൃതർ പറയുന്നത്.
മൃതദേഹം ആരുടേതെന്ന് തിരിച്ചറിയാനുള്ള ശാസ്ത്രീയമായ ഏകമാർഗവും ഇതുതന്നെയാണ്. അന്വേഷണത്തിന്റെ ഭാഗമായി കമ്പനിയിലെ തൊഴിലാളികളെയുൾപ്പെടെ നിരവധി പേരെ ചോദ്യം ചെയ്തെങ്കിലും കൊല്ലപ്പെട്ടയാളിലേക്കെത്താൻ സഹായിക്കുന്നതൊന്നും പോലീസിന് ലഭിച്ചിട്ടില്ലെന്നാണ് സൂചന.
ആളെ കാണാതായതായി ആരും തന്നെ പരാതിയുമായി കുന്നത്തുനാട് സ്റ്റേഷനിലോ സമീപസ്റ്റേഷനുകളിലോ എത്തിയിട്ടില്ലെന്ന് അധികൃതർ നേരത്തെ അറിയിച്ചിരുന്നു. ഇതരസംസ്ഥാന തൊഴിലാളികളെ കേന്ദ്രീകരിച്ചാണ് കൂടുതൽ അന്വേഷണം നടക്കുന്നതെന്നാണ് സൂചന.
ലോക് ഡൗൺ സമയത്തു നടന്നതാണ് സംഭവമെന്നാണ് നിഗമനം. അതിഥിത്തൊഴിലാളികൾ തിങ്ങിപ്പാർക്കുന്ന പ്രദേശമായതിനാൽ ഇവരിൽ തന്നെയുള്ളവരാണോ ഇതിന് പിന്നിലെന്നും സംശയമുണ്ട്. കൂടാതെ ക്രിമിനൽ പശ്ചാത്തലമുള്ള നിരവധി ഇതരസംസ്ഥാനക്കാർ പട്ടിമറ്റം മേഖല കേന്ദ്രീകരിച്ച് തിങ്ങിപ്പാർക്കുന്നതായി വിവരമുണ്ട്.