റാഞ്ചി: ജാർഖണ്ഡിൽ ബിജെപി നേതാവിന്റെ മകളെ കൊലപ്പെടുത്തിയ ശേഷം മരത്തിൽ കെട്ടിത്തൂക്കി. പത്താം ക്ലാസ് വിദ്യാർഥിയായ പതിനാറുകാരിയെയാണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.
പലാമു ജില്ലയിലെ ലലിമതി വനത്തിലാണ് പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.
മരിക്കുന്നതിനു മുൻപ് പെൺകുട്ടിയുടെ വലത് കണ്ണ് അക്രമികൾ ചൂഴ്ന്ന് എടുത്തു. പൻകി പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ബുധബാർ ഗ്രാമത്തിലാണ് പെൺകുട്ടി താമസിക്കുന്നത്. ബിജെപി നേതാവിന്റെ അഞ്ച് മക്കളിൽ മൂത്തകുട്ടിയായിരുന്നു.
അക്രമം നടന്ന സ്ഥലത്തുനിന്നും കണ്ടെത്തിയ മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ പ്രദീപ് കുമാർ സിംഗ് ധനുക് (23) എന്ന യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.
സംഭവത്തിൽ കൂടുതൽ പ്രതികളുണ്ടെന്നാണ് പോലീസ് നിഗമനം. കഴിഞ്ഞ തിങ്കളാഴ്ച രാവിലെ 10 ന് വീട്ടിൽനിന്നും പുറത്തേക്കുപോയ പെൺകുട്ടിയെ കാണാതാവുകയായിരുന്നു. പെൺകുട്ടിയുടെ ബന്ധുക്കൾ പരാതിയും നൽകിയിരുന്നു.
പെൺകുട്ടിയെ പ്രതികൾ അതിക്രൂരമായി മർദിച്ചാണ് കൊലപ്പെടുത്തിയത്. വലത് കണ്ണ് ചൂഴ്ന്നെടുക്കുകയും ചെയ്തു.