സെബി മാളിയേക്കൽ
തൃശൂർ: അധ്യയനവർഷം പാതിപിന്നിട്ടതോടെ ഹയർ സെക്കൻഡറി അധ്യാപകരെ കൂട്ടത്തോടെ സ്ഥലംമാറ്റുന്നതിനുള്ള തീരുമാനം തങ്ങളുടെ ഭാവിയെ ബാധിക്കുമെന്ന ആശങ്കയിലാണു വിദ്യാർഥികൾ. രണ്ടാമതു പ്രസിദ്ധീകരിച്ച സ്ഥലംമാറ്റ കരടുലിസ്റ്റിൽ സംസ്ഥാനത്തെ മൊത്തം അധ്യാപകരിൽ 60 ശതമാനത്തോളം പേർക്കാണു സ്ഥലംമാറ്റം. ഇതോടെ ഏഴായിരത്തിലധികം അധ്യാപകർ ഇപ്പോൾ പഠിപ്പിക്കുന്ന സ്കൂളിൽനിന്നും മാറേണ്ടിവരും. റവന്യൂ ജില്ലാടിസ്ഥാനത്തിൽ നടത്തിയിരുന്ന ട്രാൻസ്ഫർ ഇത്തവണ വിദ്യാഭ്യാസ ജില്ലാടിസ്ഥാനത്തിൽ നടത്താൻ തീരുമാനിച്ചതാണ് ഇത്രയേറെപ്പേരുടെ സ്ഥലംമാറ്റത്തിനു വഴിവച്ചത്.
സ്ഥലംമാറ്റത്തിലെ അപാകതകൾ ചൂണ്ടിക്കാട്ടി അധ്യാപകർ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ചിരിക്കുകയാണ്. ഇതോടെ ഇപ്പോൾ ഇറക്കിയിരിക്കുന്ന പുതിയ കരടു സ്ഥലംമാറ്റ ലിസ്റ്റിലെ പരാതികൾ പരിഹരിക്കാൻ ട്രൈബ്യൂണൽ ഉത്തരവിട്ടിട്ടുണ്ട്. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം നടക്കുന്ന വേളയിൽ ഇത്തരം കാര്യക്ഷമമല്ലാത്ത നടപടികൾ അതിന്റെ മാറ്റു കുറയ്ക്കുമെന്നാണ് ഒരു വിഭാഗം അധ്യാപകരുടെ അഭിപ്രായം.
എന്നാൽ, ഭരണപക്ഷ അനുകൂല അധ്യാപക സംഘടനയിൽപെട്ടവർക്കു ക്രമംവിട്ട് സ്ഥലംമാറ്റം അനുവദിച്ചിരിക്കുകയാണ് കരടുലിസ്റ്റിൽ എന്നും ആക്ഷേപമുണ്ട്. ഹോം സ്റ്റേഷൻ എന്ന പരിഗണന ലഭിച്ചത് ഈ സംഘടനയിൽപെട്ട അധ്യാപകർക്കു മാത്രമാണെന്നാണ് പരാതി. നിർബന്ധിതമായി ട്രാൻസ്ഫറിന് അപേക്ഷിപ്പിച്ച് താഴ്ന്ന ഓപ്ഷനുകളിലേക്കു സ്ഥലംമാറ്റുന്ന രീതിയാണ് ഇത്തവണ അവലംബച്ചിട്ടുള്ളത്. റിട്ടയർ ചെയ്യാനുള്ളവർക്കുപോലും ഒന്നാം ഓപ്ഷൻ നൽകിയിട്ടില്ലെന്നതാണു വിചിത്രം.
വികലാംഗരെ സ്ഥലംമാറ്റരുതെന്നിരിക്കെ പലരെയും വളരെ ദൂരയുള്ള ജില്ലകളിലേക്കു മാറ്റിനിയമിച്ചിരിക്കുകയാണ്. തൃശൂർ പൂങ്കുന്നം സ്കൂളിലുള്ള അധ്യാപികയെ കണ്ണൂർ ജില്ലയിലേക്കാണു മാറ്റിയത്. മൂന്നുവർഷം ഔട്ട് ഓഫ് സ്റ്റേഷൻ സർവീസ് വേണമെന്നിരിക്കെ ഒരു വർഷം പൂർത്തിയാക്കിയവരെപ്പോലും ഹോം സ്റ്റേഷനിലേക്കു മാറ്റിനിയമിച്ചിട്ടുമുണ്ട്. എന്നാൽ, അഞ്ചുവർഷം ഔട്ട് സ്റ്റേഷനിൽ ജോലി ചെയ്ത പലരും പുറത്തുപോയിട്ടുമുണ്ട്.
12 വർഷമായി ഔട്ട് സ്റ്റേഷൻ സർവീസിലുള്ള അധ്യാപകനെ 80 കിലോമീറ്റർ അകലേക്കു മാറ്റിനിയമിച്ചുകൊണ്ട് ട്രാൻസ്ഫർ മാനദണ്ഡങ്ങളെപ്പോലും അട്ടിമറിച്ചിരിക്കുകയാണ് പുതിയ കരട് ലിസ്റ്റ്. മാനദണ്ഡങ്ങൾ അനുസരിച്ച് സോഫ്റ്റ്വെയർ രൂപകല്പന ചെയ്യാൻ സാധിക്കാതെ വന്നതാണ് ഇത്രമാത്രം പ്രശ്നങ്ങളുണ്ടാകാൻ കാരണമെന്നാണു വിദഗ്ധരുടെ അഭിപ്രായം. ഹയർ സെക്കൻഡറി വകുപ്പിൽ അരാജകത്വമാണെന്നും ഒരു ഐഎഎസ് ഡയറക്ടറെ നിയമിക്കാതെ ഡയറക്ടറേറ്റ് മുന്നോട്ടുപോകുന്നതിനാലാണ് ഇത്തരം അപാകതകൾ സ്ഥിരം പതിവാകുന്നതെന്നും ഒരു വിഭാഗം അധ്യാപകർ അഭിപ്രായപ്പെടുന്നു.
2016 ജൂൺ ഒന്നിന് ഹയർസെക്കൻഡറിയിൽ രണ്ടായിരത്തോളം അധ്യാപകരുടെ സ്ഥലംമാറ്റം നടന്നിരുന്നെങ്കിലും അതു വിദ്യാർഥികളുടെ പഠനത്തെ ബാധിച്ചിരുന്നില്ല. എന്നാൽ സിലബസ് പകുതി കഴിഞ്ഞിരിക്കെ ഇപ്പോൾ നടത്തുന്ന സ്ഥലംമാറ്റം വിദ്യാർഥികളുടെ ഭാവി തുലയ്ക്കാൻ മാത്രമേ ഇടയാക്കൂവെന്നും ഇതിൽനിന്നും ഹയർ സെക്കൻഡറി വകുപ്പ് പിന്മാറണമെന്നും ഇക്കാര്യത്തിൽ വിദ്യാഭ്യാസമന്ത്രി അടിയന്തരമായി ഇടപെടണമെന്നുമാണു വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും അഭിപ്രായം.