പോത്തൻകോട്: ഹെയർ സ്റ്റൈൽ ചോദ്യം ചെയ്തതിലുണ്ടായ തർക്കത്തെ തുടർന്ന് പ്ലസ് ടു വിദ്യാർഥിനിക്ക് നടുറോഡിൽ ക്രൂരമായി മർദനമേറ്റ സംഭവത്തിൽ പ്രതികളെന്ന് സംശയിക്കുന്ന മൂന്ന് പേർ കസ്റ്റഡിയിൽ.
എന്നാൽ പ്രധാന പ്രതി ഒളിവിലാണെന്നാണ് വിവരം.കസ്റ്റഡിയിൽ ഉള്ളവരെ പെൺകുട്ടിയും കൂടെ ഉള്ളവരും തിരിച്ചറിഞ്ഞു കഴിഞ്ഞാൽ അറസ്റ്റ് രേഖപ്പെടുത്തും.
ഇ താണ് അറസ്റ്റ് വൈകാൻ പ്രധാന കാരണം. പ്രധാന പ്രതിയെന്ന് സംശയിക്കുന്ന യുവാവിനെ കിട്ടിയാലേ പ്രതി ആരൊക്കെയാണെന്ന് പറയാൻ കഴിയൂവെന്ന് പോത്തൻകോട് എസ് എച്ച്ഒ മിഥുൻ പറഞ്ഞു.
ചേങ്കാട്ടുകോണം ജംഗ്ഷനിൽ വ്യാഴാഴ്ച വൈകീട്ട് 4.15 ഓടെയായിരുന്നു സംഭവം. ചേങ്കാേട്ടുകോണം എസ്.എൻ.പബ്ലിക് സ്കൂളിലെ പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥിനി സ്ക്കൂൾ വിട്ട് റോഡിലൂടെ നടന്നുവരുകയായിരുന്നു.
സമീപത്തെ മദ്യ ശാലയിൽ നിന്നും മദ്യം വാങ്ങാനെത്തിയ ബൈക്കിലെത്തിയ നാലംഗ സംഘം ആൺകുട്ടിയാണെന്ന് കരുതി ഹെയർ സ്റ്റൈൽ ചോദ്യം ചെയ്യുകയും പിനീട് വാക്കേറ്റമുണ്ടാകുകയും ചെയ്തു.
പിന്നീടാണ് പെൺകുട്ടിയാണെന്ന് മനസിലാകുന്നത്. തുടർന്ന് നിരവധി ആൾക്കാർ നോക്കി നിൽക്കെ ബൈക്കിലെത്തിയ സംഘം പെൺകുട്ടിയെ റോഡിലെ തറയിൽ വലിച്ചിട്ട് അതിക്രൂരമായി മർദ്ദിക്കുകയാരുന്നു.കൂടെയുള്ള സുഹൃത്തുക്കളും നാട്ടുകാരും തടയാൻ ശ്രമിച്ചിട്ടും പ്രതികൾ അക്രമം തുടർന്നു.
ഒടുവിൽ പോലീസ് എത്തുമെന്ന് മനസിലാക്കിയ പ്രതികൾ ബൈക്കുകളിൽ രക്ഷപ്പെടുകയായിരുന്നു.നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് പോത്തൻകോട് പോലീസ് സ്ഥലത്തെത്തി വാഹനത്തിന്റെ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് മൂന്ന് പേർ പോലീസ് കസ്റ്റഡിയിലായത്. പെൺകുട്ടി പരിക്കുകളോടെ ചികിത്സയിലാണ്