സിജോ പൈനാടത്ത്
കൊച്ചി: സംസ്ഥാനത്ത് അധികമായി അനുവദിച്ച പ്ലസ് വണ് സീറ്റുകളിൽ കമ്യൂണിറ്റി ക്വോട്ട പ്രവേശനത്തിന് അനുമതിയില്ല. കഴിഞ്ഞ 28ന് ഇറങ്ങിയ സർക്കാർ ഉത്തരവിലൂടെ പൊതുവിദ്യാഭ്യാസ വകുപ്പ് അനുവദിച്ച സീറ്റുകളിലാണ് കമ്യൂണിറ്റി ക്വോട്ട പ്രവേശനം നിഷേധിച്ചിരിക്കുന്നത്.20 ശതമാനമാണ് പ്ലസ് വണ്ണിനു കമ്യൂണിറ്റി ക്വോട്ട അനുവദിക്കേണ്ടത്. നിലവിലുണ്ടായിരുന്ന സീറ്റുകളിലും ഏകജാലക പ്രവേശന പ്രക്രിയ ആരംഭിച്ച ശേഷം ആദ്യം അനുവദിച്ച 20 ശതമാനം അധിക സീറ്റുകളിലും കമ്യൂണിറ്റി ക്വാട്ട അനുവദിച്ചിരുന്നു.
സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ മാത്രമാണു 10 ശതമാനം സീറ്റ് വർധന ഉണ്ടായത്. സീറ്റ് വർധനയ്ക്കനുസരിച്ച് അധിക അധ്യാപക തസ്തികകൾ അനുവദിക്കുകയോ, സ്കൂളുകളിൽ അടിസ്ഥാന സൗകര്യ വികസനത്തിനു തുക അനുവദിക്കുകയോ ചെയ്തിട്ടില്ല. നേരത്തേ അനുവദിച്ച അധ്യാപക തസ്തികകളിലെ നിയമനങ്ങൾക്ക് അംഗീകാരം നൽകാതെ സർക്കാർ എയ്ഡഡ് മാനേജ്മെന്റുകളെ ദ്രോഹിക്കുകയാണെന്ന് കാത്തലിക് ടീച്ചേഴ്സ് ഗിൽഡ് ജനറൽ സെക്രട്ടറി ജോഷി വടക്കൻ ചൂണ്ടിക്കാട്ടി. വർധിപ്പിച്ച സീറ്റുകളിൽ കമ്യൂണിറ്റി ക്വോട്ട പ്രവേശനം അനുവദിക്കാത്തത് അനീതിയാണെന്നും അദ്ദേഹം പറഞ്ഞു.
ന്യൂനപക്ഷ മാനേജ്മെന്റുകൾക്കു കീഴിലുള്ള എയ്ഡഡ് സ്കൂളുകളിൽ ഒന്നാം വർഷ ഹയർ സെക്കൻഡറിക്കു കമ്യൂണിറ്റി ക്വോട്ടയിലുള്ള പ്രവേശന നടപടികൾ ആദ്യഘട്ടത്തിൽ തടസപ്പെട്ടതു ‘ദീപിക’ റിപ്പോർട്ട് ചെയ്തിരുന്നു. ന്യൂനപക്ഷ പദവിയുടെ (മൈനോരിറ്റി സ്റ്റാറ്റസ്) പുതിയ സർട്ടിഫിക്കറ്റില്ലാതെ പ്രവേശനം അനുവദിക്കാനാവില്ലെന്ന സർക്കാർ നിലപാടാണ് പ്രതിസന്ധിയായത്. കോടതി ഇടപെടലിലൂടെ പിന്നീട് പ്രശ്നം പരിഹരിച്ചു.
ഇതിനു ശേഷമാണ് അധിക സീറ്റുകളിലെ കമ്യൂണിറ്റി ക്വാട്ട പ്രവേശനത്തിന് അനുമതി നിഷേധിക്കപ്പെടുന്നത്. അതേസമയം അധിക സീറ്റുകളിലെ പ്രവേശന നടപടികൾ ഇന്നു വൈകുന്നേരം നാലിനു മുന്പ് പൂർത്തിയാക്കണമെന്നാണു സർക്കാർ നിർദേശം.