മുക്കം: സംസ്ഥാനത്ത് ഹയർ സെക്കൻഡറി പ്രവേശനത്തിനുള്ള അപേക്ഷ സമർപ്പണം നാളെ മുതൽ ആരംഭിക്കാനിരിക്കെ ആശങ്കയോടെ വിദ്യാർഥികൾ. അപേക്ഷകൾ ഓൺലൈനായി നൽകാമെങ്കിലും ഇതിനായി ഭൂരിഭാഗം പേരും ആശ്രയിക്കുന്നത് അക്ഷയ കേന്ദ്രങ്ങളെയും ഇ-കേന്ദ്രങ്ങളേയുമാണ്.
സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായിരിക്കെ അക്ഷയ കേന്ദ്രങ്ങളിൽ രക്ഷിതാക്കളും വിദ്യാർഥികളും കൂട്ടമായെത്തി അപേക്ഷ സമർപ്പിക്കാൻ സാധ്യതയുള്ളതാണ് ആശങ്ക വർധിപ്പിക്കുന്നത്.
ഹയർ സെക്കൻഡറി പ്രവേശന അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതിയേയും അനുബന്ധ കാര്യങ്ങളേയും കുറിച്ച് വിദ്യാഭ്യാസ വകുപ്പ് ഇതുവരെ വ്യക്തമായ വിവരങ്ങൾ നൽകിയിട്ടില്ലെന്ന് അധ്യാപകർ പറയുന്നു.