സ്വന്തം ലേഖകന്‍
കോഴിക്കോട്: തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ ഭാഗമായി പ്ലസ്വണ് പ്രവേശനവുമായി ബന്ധപ്പെട്ട് നടപടിക്രമങ്ങള്‍ വൈകുന്നത് വിദ്യാര്‍ഥികളെയും രക്ഷിതാക്കളെയും ആശങ്കയിലാക്കുന്നു. പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതിനാല്‍ സംസ്ഥാനത്തെ ഹയര്‍സെക്കന്‍ഡറിയില്‍ ആനുപാതിക സീറ്റ് വര്‍ധന സംബന്ധിച്ച ഉത്തരവിറക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ താല്പര്യമെടുക്കാത്തത് ബാധിക്കുന്നത് അരലക്ഷത്തോളം വിദ്യാര്‍ഥികളെയാണ്.
ആദ്യ അലോട്ട്മെന്റിനുമുമ്പ് തന്നെ സീറ്റ് വര്‍ധനവുണ്ടായാല്‍ ആയിരക്കണക്കിന് വിദ്യാര്‍ഥികള്‍ക്കാണ് പഠനാവസരവും ഇഷ്ടപ്പെട്ട വിഷയം തെരഞ്ഞെടുക്കാനുള്ള അവസരവും ലഭിക്കുന്നത്. ഇതിനായി ഉത്തരവിറക്കാനുള്ള തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രത്യേക അനുമതി സംസ്ഥാന സര്‍ക്കാര്‍ വാങ്ങണമെന്ന ആവശ്യം ശക്തമാവുകയാണ്.
നിലവില്‍ തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം മെയ് 23നാണ് അവസാനിക്കുക. എന്നാല്‍ ഇതിനു മുമ്പെ പ്ലസ് വണ്‍ അഡ്മിഷന് നടപടികള്‍ ആരംഭിച്ചതിനാല്‍ പെരുമാറ്റച്ചട്ടത്തിനുശേഷം സീറ്റു വര്‍ധിപ്പിച്ചാലും പലര്‍ക്കും അത് ഗുണകരമാവില്ല. മേയ് 16നാണ് പ്ലസ് വണ്‍ അഡ്മിഷന് അപേക്ഷാ സമര്‍പ്പണം അവസാനിക്കുന്നത്. മെയ് 20ന് ട്രയല്‍ അലോട്ട്മെന്റും 24ന് ആദ്യ അലോട്ട്മെന്റും നടക്കും.
തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം തീരുന്നതുവരെ കാത്തുനില്‍ക്കാതെ ആനുപാതിക സീറ്റ് വര്‍ധനവിന് സര്‍ക്കാര്‍ പ്രത്യേക അനുമതി തേടിയാല്‍ നിരവധി വിദ്യാര്‍ഥികള്‍ക്കാണ് അത് ആശ്വാസമാകുക. പ്രത്യേകിച്ചും വിജയശതമാനം ഏറിയ സാഹചര്യത്തില്‍. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ എസ്എസ്എല്‍സിക്കും സിബിഎസ്സിക്കും വിജയശതമാനം ഉയര്‍ന്ന വര്‍ഷമാണിത്. അതിനാല്‍ തുടര്‍പഠനത്തിനുള്ള കുട്ടികളുടെ എണ്ണം കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കൂടും.
മലബാര്‍ മേഖലകളില്‍ പ്ലസ് വണ്‍ സീറ്റുകളിലെ കുറവ് നികത്താന്‍ 20 ശതമാനം ആനുപാതിക സീറ്റുകള്‍ മുന്‍ വര്‍ഷങ്ങളില്‍ വര്‍ധിപ്പിച്ചിരുന്നു. എന്നാല്‍ ഈ വര്‍ഷം സീറ്റ് വര്‍ധനവുമായി ബന്ധപ്പെട്ട് യാതൊരു ഉത്തരവും സര്‍ക്കാര്‍ ഇറക്കിയിട്ടില്ല. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതിനാലാണ് സീറ്റ് വര്ധനവില്ലാത്തതെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. ഇത്തവണ ജൂണില്‍ തന്നെ പ്ലസ് വണ്‍ പ്രവേശനം ഉറപ്പുവരുത്താനുള്ള തീരുമാനത്തിന്റെ ഭാഗമായാണ് പ്രവേശന നടപടികള്‍ നേരത്തെ ആക്കിയത്.
44702 കുട്ടികളാണ് കോഴിക്കോട് ജില്ലയില്‍ നിന്ന് എസ്എസ്എല്സിയ്ക്കുശേഷം ഉപരിപഠനത്തിന് അര്‍ഹരായുള്ളത്. എന്നാല്‍ പ്ലസ് വണ്ണിന് ജില്ലയില്‍ ആകെ 39,000 സീറ്റുകളാണുള്ളത്. വിജയികളുടെ എണ്ണവുമായി നോക്കുമ്പോള്‍ 5702 വിദ്യാര്‍ഥികള്‍ക്കാണ് അവസരം നഷ്ടപ്പെടുന്നത്.